കോഹ്‌ലിയും രാഹുലും മിന്നിച്ചു: ഇന്ത്യയ്ക്ക് ആറു വിക്കറ്റ് ജയം

ഹൈദരാബാദ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് ആറു വിക്കറ്റിന്റെ ആവേശ ജയം. വിന്‍ഡീസ് ഉയര്‍ത്തിയ 208 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 18.4 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 50 പന്തില്‍ 94 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും 40 പന്തില്‍ 62 റണ്‍സെടുത്ത കെഎല്‍ രാഹുലുമാണ് ഇന്ത്യന്‍ ജയം എളുപ്പമാക്കിയത്. ഇതോടെ മൂന്നു മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ (10) മുന്നിലെത്തി. രണ്ടാം മത്സരം എട്ടിന് തിരുവനന്തപുരത്തും മൂന്നാമത്തേതു 11നു മുംബൈയിലും നടക്കും.

സ്‌കോര്‍ ബോര്‍ഡില്‍ 30 റണ്‍സുള്ളപ്പോള്‍ രോഹിത് ശര്‍മ (8) പുറത്തായി. എന്നാല്‍ ഓപ്പണറുടെ വേഷത്തിലേക്ക് തിരികെയെത്തിയ ലോകേഷ് രാഹുല്‍ ഒരറ്റത്ത് തകര്‍ത്തടിക്കുകയായിരുന്നു. 40 പന്തില്‍ 62 റണ്‍സെടുത്ത് പുറത്തായ രാഹുലാണ് ഇന്ത്യയ്ക്ക് മികച്ച തുടക്കമേകിയത്. രാഹുലിന്റെ ഏഴാം അര്‍ധ സെഞ്ചുറിയാണിത്. ഇതിനിടെ ട്വന്റി-20 കരിയറില്‍ രാഹുല്‍ 1000 റണ്‍സും തികച്ചു.

രാഹുല്‍ പുറത്തായ ശേഷം മത്സരത്തിന്റെ കടിഞ്ഞാണേറ്റെടുത്ത കോഹ്ലി പിന്നീട് വെടിക്കെട്ടിന് തിരികൊളുത്തി. കോഹ്ലിയുടെ 23-ാം അര്‍ധ സെഞ്ചുറിയായിരുന്നു ഇത്. 50 പന്തില്‍ ആറു ബൗണ്ടറിയും സിക്‌സറും സഹിതം പുറത്താകാതെ 94 റണ്‍സ് അടിച്ചുകൂട്ടി. രാജ്യാന്തര ട്വന്റി-20യില്‍ കോഹ്ലിയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. രണ്ടാം വിക്കറ്റില്‍ കോഹ് – രാഹുല്‍ സഖ്യം 100 റണ്‍സ് ചേര്‍ത്തു. മൂന്നാം വിക്കറ്റില്‍ ഋഷഭ് പന്തിനൊപ്പം (18) 48 റണ്‍സിന്റെ കൂട്ടുകെട്ടിലും കോഹ്ലി പങ്കാളിയായി.

നേരത്തെ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. 17 പന്തില്‍ നിന്ന് 40 റണ്‍സടിച്ച എവിന്‍ ലൂയിസാണ് സന്ദര്‍ശകര്‍ക്ക് മികച്ച തുടക്കം സമ്മാനിച്ചത്. പിന്നീട് വന്നവര്‍ ഓരോരുത്തരായി മികച്ച പ്രകടനം പുറത്തെടുത്തതോടെ വിന്‍ഡീസിന് മികച്ച സ്‌കോര്‍ കണ്ടെത്താനായി. വിന്‍ഡീസ് നിരയില്‍ ഹെറ്റ്മയറാണ് ടോപ്സ്‌കോറര്‍. 41 പന്തില്‍ നിന്ന് 56 റണ്‍സ് നേടി. പൊള്ളാര്‍ഡ് 37, ബ്രെണ്ടണ്‍ കിങ് 31 റണ്‍സും നേടി. അവസാന പന്തുകളില്‍ ജാസന്‍ ഹോല്‍ഡര്‍ (9 പന്തില്‍ 24 റണ്‍സ്) തകര്‍ത്തടിച്ചതോടെയാണ് വിന്‍ഡീസ് 200 കടന്നത്. വിന്‍ഡീസ് നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സെടുത്തു.

Exit mobile version