കൊൽക്കത്ത: ചരിത്രത്തിൽ ആദ്യമായി ടീം ഇന്ത്യ ഡേ-നൈറ്റ് ടെസ്റ്റിനായി ഇറങ്ങിയപ്പോൾ എതിരാളികളായി എത്തിയ ബംഗ്ലാദേശിന് പറയാൻ നഷ്ടക്കണക്കുകൾ മാത്രം. പേസർമാർ അരങ്ങുവാണ ആദ്യ ദിനത്തിൽ ബംഗ്ലാദേശ് ചെറിയ ടോട്ടലിന് എല്ലാവരും പുറത്തായി. കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബംഗ്ലാദേശ് 106ന് പുറത്താകുകയായിരുന്നു. അഞ്ച് വിക്കറ്റ് നേടിയ ഇശാന്ത് ശർമ്മയാണ് ബംഗ്ലാ കടുവകളെ ചുരുട്ടി കൂട്ടിയത്. ഉമേഷ് യാദവ് മൂന്നും മുഹമ്മദ് ഷമി രണ്ടും വിക്കറ്റ് വീഴ്ത്തി.
29 റൺസ് നേടിയ ഷദ്മാൻ ഇസ്ലാമാണ് ബംഗ്ലാദേശ് നിരയിലെ ടോപ് സ്‌കോറർ. 24 റൺസ് നേടിയ ലിറ്റൺ ദാസ് റിട്ടയേർഡ് ഹർട്ടായി. അദ്ദേഹത്തിന് പകരക്കാരനായി ഇബാദത്ത് ഹുസൈനാണ് ബാറ്റിങ്ങിന് ഇറങ്ങിയത്. മറുപടി ബാറ്റിങ് ആരംഭിച്ച് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 14 റൺസെടുത്ത മായങ്ക് അഗർവാളിനെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. രോഹിത് ശർമ (12), ചേതേശ്വർ പൂജാര (1) എന്നിവരാണ് ക്രീസിൽ. നിലവിൽ സ്‌കോർ 28-1
അതേസമയം, ഇന്ത്യയുടെ ബോളിങ് നിരയ്ക്ക് മുന്നിൽ മുട്ടുമടക്കിയ ബംഗ്ലാദേശ് നിരയിൽ ഒമ്പത് താരങ്ങളാണ് രണ്ടക്കം കാണാതെ മടങ്ങിയത്. നായകനാകട്ടെ ഡക്ക് ആയി. ഷദ്മാൻ ഇസ്ലാം (29), ഇമ്രുൽ കയേസ് (4), മൊമിനുൽ ഹഖ് (0), മുഹമ്മദ് മിഥുൻ (0), മുഷ്ഫിഖർ റഹീം (0) എന്നിങ്ങനെയാണ് പ്രകടനം.
ആദ്യ ടെസ്റ്റിൽ നിന്നും മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. ഇൻഡോറിൽ നടന്ന പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ ജയിച്ചിരുന്നു.