ആദ്യ ദിനത്തിൽ തകർന്ന് ബംഗ്ലാദേശ്; കരുത്ത് കാണിച്ച് ഇന്ത്യൻ ബൗളിങ് നിര

ഇൻഡോർ: ഇന്ത്യയ്‌ക്കെതിരായ ആദ്യ ടെസ്റ്റിൽ ബംഗ്ലാദേശിന് വൻതകർച്ച. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബംഗ്ലാദേശ് മുഹമ്മദ് ഷമിയും ആർ അശ്വിനും ഇശാന്ത് ശർമ്മയും കാഴ്ചവെച്ച തകർപ്പൻ ബൗളിങ് പ്രകടനത്തിന് മുന്നിൽ പതറുകയായിരുന്നു. മത്സരം തുടരുന്നതിനിടെ ബംഗ്ലാദേശ് എട്ടിന് 142 എന്ന നിലയിൽ തകർന്നു നിൽക്കുകയാണ്.

മൂന്ന് വിക്കറ്റ് നേടിയ ഷമിയും രണ്ട് വിക്കറ്റ് വീതം നേടിയ അശ്വിനും ഇഷാന്ത് ശർമ്മയുമാണ് ബംഗ്ലാദേശിനെ തകർത്തത്. ഏഴ് റൺസെടുത്ത അബു ജായേദാണ് ക്രീസിലുള്ള ബാറ്റ്സ്മാൻ. ഷദ്മാൻ ഇസ്ലാം (6), ഇമ്രുൽ കയേസ് (6), മുഹമ്മദ് മിഥുൻ (13), മൊമിനുൾ ഹഖ് (37), മുഷ്ഫിഖർ റഹീം (43), മഹ്മുദുള്ള (10), മെഹ്ദി ഹസൻ (0) തയിജുൽ ഇസ്ലാം (1) എന്നിവരുടെ വിക്കറ്റുകളാണ് ബംഗ്ലാദേശിന് നഷ്ടമായത്. ആറാം ഓവറിൽ ആദ്യ വിക്കറ്റ് വീണതിനു പിന്നാലെ തുടർച്ചയായ ഇടവേളകളിൽ ബംഗ്ലാദേശ് ബാറ്റ്‌സ്മാൻമാരെ ഇന്ത്യൻ ബൗളേഴ്‌സ് മടക്കികൊണ്ടിരുന്നു. രണ്ട് വിക്കറ്റ് നേടിയതോടെ ഇന്ത്യയിൽ മാത്രം 250 വിക്കറ്റുകൾ നേടാൻ അശ്വിനായി.

കയേസിനെ ഉമേഷ് യാദവ് സ്ലിപ്പിൽ രഹാനെയുടെ കൈകളിലെത്തിച്ചു. തൊട്ടടുത്ത ഓവറിൽ ഇസ്ലാം മടങ്ങി. ഇഷാന്തിന്റെ പന്തിൽ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയ്ക്ക് ക്യാച്ച്. മിഥുൻ ആവട്ടെ ഷമിയുടെ പേസിന് മുന്നിൽ മുട്ടുമടക്കി. മൊമിനുൾ ഹഖിനെയും മഹ്മുദുള്ളയേയും അശ്വിൻ ബൗൾഡാക്കുകയായിരുന്നു. മുഷ്ഫിഖറിനേയും മെഹ്ദി ഹസനേയും ഷമി അടുത്തടുത്ത പന്തുകളിൽ ഷമി മടക്കി. തയിജുൽ ഇസ്ലാമിനെ രവീന്ദ്ര ജഡേജ റൺ ഔട്ട് ആക്കുകയായിരുന്നു. രണ്ട് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. കൊൽക്കത്തയിൽ പകലും രാത്രിയുമായിട്ടാണ് രണ്ടാം ടെസ്റ്റ്. ട്വന്റി-20 പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കിയിരുന്നു.

Exit mobile version