വിദർഭയേയും പരാജയപ്പെടുത്തി; സയ്യിദ് മുഷ്താഖ് അലി ട്വന്റി-20യിൽ കേരളത്തിന് തുടർച്ചയായ മൂന്നാം ജയം

തിരുവനന്തപുരം: സയ്യിദ് മുഷ്താഖ് അലി ട്വന്റി-20യിൽ വീണ്ടും കേരളത്തിന് വിജയം. തുടർച്ചയായ മൂന്നാം ജയമാണ് കേരളം സ്വന്തമാക്കിയത്. വിദർഭയെ 26 റൺസിനാണ് റോബിൻ ഉത്തപ്പയുടെ കീഴിൽ കേരളം പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കേരളം നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 162 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ വിദർഭയ്ക്ക് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 136 റൺസെടുക്കാനാണ് സാധിച്ചത്. 39 പന്തിൽ 69 റൺസ് നേടിയ റോബിൻ ഉത്തപ്പയുടെ ബാറ്റിങ്ങാണ് കേരളത്തിന് കരുത്തായത്. അഞ്ച് സിക്സും രണ്ട് ഫോറും അടങ്ങുന്നതാണ് ഉത്തപ്പയുടെ ഇന്നിങ്സ്. തുമ്പ സെന്റ് സേവ്യേഴ്സ് ഗ്രൗണ്ടിലായിരുന്നു മത്സരം.

വിദർഭ പൊരുതി നോക്കാൻ പോലും ശ്രമിക്കാതെ കേരളത്തിന് മുന്നിൽ കീഴടങ്ങുകയായിരുന്നു. 29 റൺസ് നേടിയ അക്ഷയ് വിനോദ് വഡ്ക്കാറാണ് വിദർഭയുടെ ടോപ് സ്‌കോറർ. കേരളത്തിനായി സന്ദീപ് വാര്യർ മൂന്നും കെ എം ആസിഫ്, അക്ഷയ് ചന്ദ്രൻ, ജലജ് സക്സേന എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി. നേരത്തെ, സീസണിൽ ആദ്യമായി ഫോമിലെത്തിയ ക്യാപ്റ്റൻ റോബിൻ ഉത്തപ്പയുടെ ബാറ്റിങ്ങാണ് കേരളത്തെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. ദർശൻ നൽകണ്ഡെ വിദർഭയ്ക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി.

39 റൺസ് നേടിയ സച്ചിൻ ബേബിയാണ് ഉത്തപ്പയ്ക്ക് പിന്നാലെ മികച്ച സ്‌കോർ കണ്ടെത്തിയ മറ്റൊരു താരം. വിഷ്ണു വിനോദ് (13), ജലജ് സക്സേന (13), മുഹമ്മദ് അസറുദ്ദീൻ (1), അക്ഷയ് ചന്ദ്രൻ (10), ബേസിൽ തമ്പി (2) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. അതേസമയം ഇന്ത്യൻ ക്യാംപിൽ നിന്നും തിരിച്ചെത്തിയ സഞ്ജു സാംസൺ (9) തുടർച്ചയായ രണ്ടാം മത്സരത്തിലും നിരാശപ്പെടുത്തി. ത്രിപുരയ്ക്കെതിരെ സഞ്ജുവിന്റെ ആദ്യ മത്സരത്തിൽ 12 റൺസ് മാത്രമാണ് നേടിയിരുന്നത്.

Exit mobile version