ഹൈദരാബാദ്: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് രണ്ടാം തോല്‍വി. ഹൈദരാബാദ് എഫ്‌സിയാണ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബ്ലാസ്റ്റേഴ്‌സിനെ പരാജയപ്പെടുത്തിയത്. ഇതോടെ മൂന്ന് കളിയില്‍ ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം തോല്‍വിയാണിത്.
കളിയുടെ തുടക്കത്തില്‍ ബ്ലാസ്റ്റേഴ്‌സാണ് ആദ്യ ഗോള്‍ നേടിയത്. മലയാളി താരം രാഹുല്‍ തന്നെയാണ് ഗോളിലേയ്ക്കുള്ള നീക്കത്തിന് തുടക്കമിട്ടത്. മൂന്ന് പ്രതിരോധക്കാരോട് മല്ലിട്ട് പിറകിലോട്ട് ഹെഡ് ചെയ്തിട്ട പന്ത് കിട്ടിയത് സഹലിന്. പ്രതിരോധനിരയുടെ തലയ്ക്ക് മുകളിലൂടെ സഹല്‍ പന്ത് രാഹുലിന് തിരിച്ച്
കോരിയിട്ടുകൊടുത്തു. ഗോളിയെ തോല്‍പിച്ച് പന്ത് വലയിലേയ്ക്ക് മുന്നോട്ട് ആഞ്ഞ് വലയിലേയ്ക്ക് ടാപ്പ് ചെയ്യുകയായിരുന്നു രാഹുല്‍. ഈ സീസണിലെ രാഹുലിന്റെ ആദ്യ ഗോളാണിത്. (10)
54ാം മിനിറ്റില്‍ മാര്‍കോ സ്റ്റാന്‍കോവിച്ച് പെനല്‍റ്റിയിലൂടെ ഹൈദരാബാദിനായി സമനില ഗോള്‍ നേടിയത്. ബ്ലാസ്റ്റേഴ്സ് താരം മുസ്തഫ ഞിങ് ഹൈദരാബാദ് എഫ്സിയുടെ യാസിറിനെ വീഴ്ത്തിയതിന് റഫറി പെനാല്‍റ്റി അനുവദിക്കുകയായിരുന്നു.
എണ്‍പത്തിയൊന്നാം മിനിറ്റില്‍ മാഴ്സലീഞ്ഞ്യോ പെരേരയുടെ ഫ്രീകിക്ക് ഹൈദരാബാദിന് വിജയം സമ്മാനിച്ചു. ഒന്നിനെതിരേ രണ്ട് ഗോളിന് മുന്നിലാണ് അവര്‍. നിരന്നു നിന്ന അഞ്ച് ബ്ലാസ്റ്റേഴ്സ് പ്രതിരോധമതിലിന് മുകളിലൂടെ മാഴ്സലീഞ്ഞ്യോ തൊടുത്ത കിക്ക് വളഞ്ഞുപുളഞ്ഞ് പോസ്റ്റിന്റെ വലത്തെ മൂലയില്‍ ചെന്നു പതിക്കുകയായിരുന്നു. ഗോളി ടിപി രഹ്നേഷ് ഡൈവ് ചെയ്തെങ്കിലും ഫലമുണ്ടായില്ല.