കൊല്‍ക്കത്ത: ഹോം ഗ്രൗണ്ടില്‍ ഹൈദരാബാദ് എഫ്സിയ്ക്കെതിരെ എടികെയ്ക്ക് തകര്‍പ്പന്‍ ജയം. ഹൈദരാബാദ് എഫ്സിയെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് തകര്‍ത്തത്. ഡേവിഡ് വില്ല്യംസ്, എഡു ഗാര്‍സിയ എന്നിവര്‍ രണ്ട് ഗോളുകള്‍ വീതം നേടി. റോയ് കൃഷ്ണ അവശേഷിക്കുന്ന ഒരു ഗോള്‍ നേടി. ഇതോടെ ഉദ്ഘാടന മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിനോട് പരാജയപ്പെട്ടിരുന്ന എടികെ തകര്‍പ്പന്‍ ജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി.
മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ എടികെയുടെ മുന്നേറ്റമാണ് കണ്ടത്. റോയ് കൃഷ്ണയും ഡേവിഡ് വില്ല്യംസും ചേര്‍ന്ന അപകടകരമായ മുന്നേറ്റ നിരയെ തളക്കാന്‍ ഹൈദരാബാദ് പ്രതിരോധം ഏറെ പണിപ്പെട്ടു. പലപ്പോഴും ഗോള്‍ കീപ്പര്‍ കമല്‍ജിത് സിംഗിന്റെ മികവാണ് ഹൈദരാബാദിന്റെ രക്ഷക്കെത്തിയത്. എന്നാല്‍ പ്രതിരോധങ്ങളുടെ എല്ലാ കോട്ടകളെയും തകര്‍ത്ത് 25ആം മിനുട്ടില്‍ ഡേവിഡ് വില്ല്യംസ് ഹൈദരാബാദിന്റെ വല കുലുക്കി. ജാവിയര്‍ ഹെര്‍ണാണ്ടസ് നല്കിയ മനോഹരമായ ത്രൂ ബോള്‍ വലയിലേക്ക് തട്ടിയിടുകയായിരുന്നു വില്ല്യംസ്.
രണ്ടു മിനുട്ടിന് ശേഷം റോയ് കൃഷ്ണ ലീഡ് രണ്ടാക്കി ഉയര്‍ത്തി. ഇടതു വിങ്ങിലൂടെ പന്തുമായ് മുന്നേറിയ വില്യംസ് ബോക്സിനു പുറത്തു നിന്ന് കൊടുത്ത പാസിലായിരുന്നു റോയ് കൃഷ്ണയുടെ ഗോള്‍. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഡേവിഡ് വില്യംസ് തന്റെ രണ്ടാം ഗോളും കണ്ടെത്തി. സ്കോര്‍ 3-0
രണ്ടാം പകുതിയില്‍ കരുതി കളിച്ച ഹൈദരാബാദ് പ്രതിരോധം ശക്തമാക്കി. എന്നാല്‍ 88ആം മിനുട്ടില്‍ എഡു ഗാര്‍ഷ്യ ഹൈദരാബാദിന്റെ പൂട്ടു പൊളിച്ച് ഗോള്‍ നേടി. നാലു ഗോള്‍ ലീഡോടെ കളിയുടെ ഇന്‍ജുറി ടൈമിലേക്ക് കടന്ന എടികെയുടെ പട്ടിക പൂര്‍ത്തിയാക്കി ഗാര്‍ഷ്യയുടെ രണ്ടാം ഗോള്‍ വന്നു. ഇന്‍ജുറി ടൈമിന്റെ നാലാം മിനുട്ടിലായിരുന്നു ഗാര്‍ഷ്യയുടെ രണ്ടാം ഗോള്‍.
Discussion about this post