ന്യൂഡൽഹി: ഇത്തവണത്തെ ഏകദിന ലോകകപ്പിൽ ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയ ഐസിസിയുടെ ബൗണ്ടറി എണ്ണി വിജയിയെ പ്രഖ്യാപിക്കൽ നിയമം ഒടുവിൽ പിൻവലിച്ചു. ഈ വിവാദ നിയമം രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) പിൻവലിച്ചതായി അറിയിച്ചതോടെ ട്രോളുമായി ന്യൂസിലാൻഡ് താരങ്ങളും രംഗത്തെത്തി. മത്സരത്തിലും പിന്നീട് സൂപ്പർ ഓവറിലും വിജയികളെ കണ്ടെത്താനാകാതെ വന്നാൽ, ഏറ്റവും കൂടുതൽ ബൗണ്ടറികൾ നേടിയ ടീമിനെ വിജയിയായി പ്രഖ്യാപിക്കുന്ന നിയമമാണ് ഐസിസി പിൻവലിച്ചിരിക്കുന്നത്. ഇതിനു പകരം ഒരു ടീം വിജയിക്കുന്നതുവരെ സൂപ്പർ ഓവർ തുടരാനാണ് തീരുമാനം.
ഇത്തവണത്തെ ലോകകപ്പ് ഫൈനലിൽ ആതിഥേയരായ ഇംഗ്ലണ്ടിനെതിരെ ന്യൂസീലാൻഡ് പരാജയപ്പെട്ടത് ഈ നിയമം മൂലമായിരുന്നു. ഇരുടീമുകളും ഇഞ്ചോടിഞ്ച് പൊരുതിയ മത്സരത്തിൽ ബൗണ്ടറികളുടെ എണ്ണമെടുത്ത് ലോകകപ്പ് ജേതാക്കളെ നിശ്ചയിച്ചതിനെ വിമർശിച്ച് ക്രിക്കറ്റ് പ്രേമികളും താരങ്ങളുമെല്ലാം കൂട്ടത്തോടെ രംഗത്തുവന്നിരുന്നു.
അതേസമയം, ഈ ബൗണ്ടറി നിയമം പിൻവലിച്ചത് അറിഞ്ഞ് വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ലോകകപ്പ് ഫൈനലിൽ ഇരകളായ ന്യൂസീലൻഡ് താരങ്ങൾ. ലോകകപ്പ് ടീമിൽ അംഗമായിരുന്ന ജിമ്മി നീഷം,’അടുത്ത അജൻഡ: ടൈറ്റാനിക്കിൽ ഐസ് മലകൾ കണ്ടെത്താനുള്ള ദൗത്യം നിർവഹിക്കുന്നവർക്ക് കൂടുതൽ മികച്ച ബൈനോക്കുലറുകൾ’ – എന്നാണ് കുറിച്ചത്. ബൗണ്ടറി നിയമം പിൻവലിച്ച വാർത്ത പങ്കുവച്ചാണ് ട്വിറ്ററിലൂടെ നീഷത്തിന്റെ രൂക്ഷ പരിഹാസം. ‘അൽപം വൈകിപ്പോയി, ഐസിസി’ എന്ന സങ്കട വാക്കുകളുമായി ന്യൂസീലാൻഡ് മുൻ താരം ക്രെയ്ഗ് മക്മില്ലനും രംഗത്തെത്തിയിട്ടുണ്ട്.
ഇക്കഴിഞ്ഞ ജൂലൈ 14ന് ലോർഡ്‌സ് സ്റ്റേഡിയത്തിൽ നടന്ന ലോകകപ്പ് കലാശപ്പോരാട്ടത്തിലാണ് വിവാദ നിയമത്തിലൂടെ ജേതാക്കളെ നിശ്ചയിച്ചത്.