പൂണെ: ക്രിക്കറ്റ് ടെസ്റ്റ് ചരിത്രത്തിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് ഇന്ത്യ. പൂണെ ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയെ ഫോളോ ഓൺ ചെയ്യിച്ച ഇന്ത്യ ഇന്നിങ്‌സിനും 137 റൺസിനും വിജയം സ്വന്തമാക്കി. ഇതോടെ മൂന്ന് ടെസ്റ്റുകൾ അടങ്ങിയ പരമ്പര രണ്ട് വിജയവുമായി ഇന്ത്യ സ്വന്തമാക്കി. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായിട്ടാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ ഫോളോ ഓൺ ചെയ്യിക്കുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്. 326 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് കടവുമായി വീണ്ടും ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 67.2 ഓവറിൽ 189 റൺസിന് എല്ലാവരും പുറത്തായി. ഒരു ദിവസത്തിലധികം കളി ബാക്കിനിൽക്കെയാണ് ഇന്ത്യയുടെ ജയം. ഈ പരമ്പരയിലെ മൂന്നാം മൽസരം ഈ മാസം 19ന് റാഞ്ചിയിൽ ആരംഭിക്കും.
കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെയിലെ ആദ്യത്തെ ഫോളോ ഓൺ എന്ന നാണക്കേടും പേറിയാണ് രണ്ടാം ഇന്നിങ്‌സിന് ദക്ഷിണാഫ്രിക്ക ഇറങ്ങിയത്. പിന്നാലെ വീണ്ടും ബാറ്റിങ്ങിൽ തകർച്ച നേരിട്ടു. ഓപ്പണർ എയ്ഡൻ മാർക്രം (0), തെയുനിസ് ഡിബ്രൂയിൻ (എട്ട്), ഡീൻ എൽഗാർ (72 പന്തിൽ 48), ക്യാപ്റ്റൻ ഫാഫ് ഡുപ്ലേസി (54 പന്തിൽ അഞ്ച്), ക്വിന്റൻ ഡികോക്ക് (ഒൻപതു പന്തിൽ അഞ്ച്), തെംബ ബാവുമ (63 പന്തിൽ 38), സെനുരൻ മുത്തുസ്വാമി (44 പന്തിൽ ഒൻപത്) എന്നിവരാണ് പുറത്തായ ദക്ഷിണാഫ്രിക്കൻ താരങ്ങൾ. അർധസെഞ്ചുറിക്ക് രണ്ട് റൺസ് അകലെ പുറത്തായ ഡീൻ എൽഗാറാണ് രണ്ടാം ഇന്നിങ്‌സിൽ ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറർ.
ഇന്ത്യയ്ക്കായി ഉമേഷ് യാദവ്, രവീന്ദ്ര ജഡേജ എന്നിവർ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. രവിചന്ദ്രൻ അശ്വിൻ രണ്ടും ഇഷാന്ത് ശർമ്മ, മുഹമ്മദ് ഷമി എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
Discussion about this post