ഏഷ്യന്‍ പാരാ ഗെയിംസിലും നേട്ടം തുടര്‍ന്ന് ഇന്ത്യ; അമ്പെയ്ത്തിലും സ്വര്‍ണ്ണം!

ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നടക്കുന്ന ഏഷ്യന്‍ പാരാ ഗെയിംസിലും നേട്ടം കൊയ്ത് ഇന്ത്യ.

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നടക്കുന്ന ഏഷ്യന്‍ പാരാ ഗെയിംസിലും നേട്ടം കൊയ്ത് ഇന്ത്യ. ഏഷ്യന്‍ ഗെയിംസിന് പിന്നാലെ നടക്കുന്ന പാരാ ഗെയിംസില്‍ അമ്പെയ്ത്തിലാണ് ഇന്ത്യയ്ക്ക് സ്വര്‍ണ്ണം കൊയ്തിരിക്കുന്നത്. ഹര്‍വിന്ദര്‍ സിങ്ങാണ് ഇന്ത്യയ്ക്കുവേണ്ടി സ്വര്‍ണ്ണ മെഡല്‍ നേടിയത്. ഫൈനലില്‍ ഹര്‍വിന്ദര്‍ ചൈനീസ് താരം സാഹോ ലിക്സ്യൂവിനെ 6-0 എന്നനിലയില്‍ തോല്‍പ്പിച്ചു. ബുധനാഴ്ച ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ ഇന്ത്യ ഒരു വെള്ളിയും ഒരു വെങ്കലവും സ്വന്തമാക്കി.

പുരുഷന്മാരുടെ ഡിസ്‌കസ് ത്രോയില്‍ മോനു ഗംഗാസ് സില്‍വര്‍ നേടിയപ്പോള്‍ ഇതേ ഇനത്തില്‍ മറ്റൊരു വിഭാഗത്തില്‍ മുഹമ്മദ് യാസിര്‍ വെങ്കലവും നേടി. പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ സന്ദീപ് ചൗധരിയും വനിതകളുടെ ക്ലബ്ബ് ത്രോയില്‍ ഏക്ത ഭ്യാനും നാരായണ്‍ താക്കൂറും കഴിഞ്ഞദിവസം ഇന്ത്യയ്ക്കായി സ്വര്‍ണ്ണം നേടിയിരുന്നു. പിന്നാലെ പാരാ-ഷൂട്ടര്‍ മനിഷ് നര്‍വാല്‍ 10മീ. എയര്‍ പിസ്റ്റളില്‍ സ്വര്‍ണ്ണം നേടിയതും രാജ്യത്തിന് ഇരട്ടിമധുരമായി.

49 കിലോഗ്രാം പവര്‍ലിഫ്റ്റിങ്ങില്‍ ഫര്‍മാന്‍ ബാഷ വെള്ളിയും പരംജീത് കുമാര്‍ വെങ്കലവും നേടി. നീന്തലില്‍ വനിതകളുടെ നൂറു മീറ്റര്‍ ബട്ടര്‍ഫ് ളൈ വിഭാഗത്തില്‍ ദേവാന്‍ഷി വെള്ളിമെഡല്‍ നേടിയിരുന്നു. പുരുഷന്മാരുടെ 200 മീറ്റര്‍ വ്യക്തിഗത മെഡ്ലിയില്‍ സുയാഷ് ജാദവ് വെങ്കലവും സ്വന്തമാക്കി. ഒക്ടോബര്‍ ആറ് മുതല്‍ 13 വരെ നടക്കുന്ന താരങ്ങളും കോച്ചുമാരും സപ്പോര്‍ട്ട് സ്റ്റാഫുമടക്കം 302 പേര്‍ ഇന്ത്യന്‍ സംഘത്തിലുണ്ട്. ചരിത്രത്തിലെ ഏറ്റവും വലിയ സംഘവുമായാണ് ഇത്തവണ ഇന്ത്യ ഗെയിംസിന് ഇറങ്ങുന്നത്.

Exit mobile version