മുംബൈ: ലോകത്ത് തന്നെ വീശിയടിക്കുന്ന ‘മീ ടൂ’ ക്യാംപെയിന്റെ കാറ്റ് ക്രിക്കറ്റിലേക്കും. മുന്‍ ശ്രീലങ്കന്‍ താരം അര്‍ജുന രണതുംഗയ്ക്കെതിരെയും ലൈംഗികാരോപണമുയര്‍ന്നതോടെയാണ് ക്രിക്കറ്റ് ലോകത്തെയും മീ ടൂ പിടിച്ചു കുലുക്കിയിരിക്കുന്നത്. ഇന്ത്യക്കാരിയായ മുന്‍ വിമാന ജീവനക്കാരിയാണ് രണതുംഗ തനിക്കുനേരെ ലൈംഗിക അതിക്രമത്തിനു മുതിര്‍ന്നതായി വെളിപ്പെടുത്തിയത്. മുംബൈയിലെ ഹോട്ടല്‍ മുറിയില്‍വച്ച് രണതുംഗ അപമര്യാദയായി പെരുമാറിയെന്നാണ് ആരോപണം.
2001ല്‍ ക്രിക്കറ്റില്‍നിന്നു വിരമിച്ചശേഷം രാഷ്ട്രീയത്തിലേക്കു ചുവടുമാറ്റിയ രണതുംഗ ശ്രീലങ്കയില്‍ പെട്രോളിയം റിസോഴ്സസ് ഡെവലപ്മെന്റ് മന്ത്രി കൂടിയാണ്. ‘മീ ടൂ’ ക്യംപയിന്റെ ഭാഗമായിയാണ് രണതുംഗയുടെ മോശമായ പെരുമാറ്റത്തെ കുറിച്ച് യുവതി തുറന്നു പറഞ്ഞത്.
ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ ഇന്ത്യാ സന്ദര്‍ശന വേളയിലാണ് വിവാദത്തിന് ആസ്പദമായ സംഭവം ഉടലെടുക്കുന്നത്. സന്ദര്‍ശന വേളയില്‍ രണതുഗ തന്റെ അനുവാദം കൂടാതെ അരക്കെട്ടില്‍ പിടിച്ചുവെന്ന് യുവതി ആരോപിച്ചു. ചകിതയായ യുവതി ഹോട്ടലിന്റെ റിസപ്ഷനിലെത്തി വിവരം പറഞ്ഞെങ്കിലും, ‘ഇതു നിങ്ങളുടെ വ്യക്തിപരമായ കാര്യ’മാണെന്നു ചൂണ്ടിക്കാട്ടി അവരും തഴയുകയായിരുന്നുവെന്നും യുവതി പറയുന്നു.
‘താരങ്ങളുടെ ഓട്ടോഗ്രാഫ് റൂമില്‍ പോയി വാങ്ങിക്കമെന്ന് സുഹൃത്ത് പറഞ്ഞപ്പോള്‍ അവളുടെ സുരക്ഷയ്ക്ക് വേണ്ടി താനും കൂടെ പോയി. അവിടെയെത്തിയ ഞങ്ങള്‍ക്ക് എന്തോ കുടിക്കാന്‍ തന്നു. ഞാന്‍ വേണ്ടെന്നു പറഞ്ഞു. കയ്യില്‍ കരുതിയിരുന്ന കുപ്പിവെള്ളം മാത്രമേ ഉപയോഗിച്ചുള്ളൂ. റൂമില്‍ അവര്‍ ഏഴു പേരുണ്ടായിരുന്നു. ഇപ്പുറത്ത് ഞങ്ങള്‍ രണ്ടുപേരും. അവര്‍ വാതിലടച്ച് താഴിട്ടതോടെ എനിക്കു ഭീതിയായി. അസ്വസ്ഥയായ ഞാന്‍ എത്രയും വേഗം മടങ്ങാമെന്ന് സുഹൃത്തിനോടു പറഞ്ഞു’. യുവതി കുറിപ്പില്‍ പറയുന്നു
‘ഇതിനിടെ അവിടെയുണ്ടായിരുന്ന രണതുംഗ എന്നെ കയറിപ്പിടിച്ചു. അരയില്‍ കൈ ചുറ്റിയ അയാള്‍ എന്റെ നെഞ്ചിനരികിലൂടെ വിരലോടിച്ചു. ഭയന്നുപോയ ഞാന്‍ ശബ്ദമുയര്‍ത്തി. അയാളെ തൊഴിക്കുകയും കാലില്‍ ചവിട്ടുകയും ചെയ്തു. പോലീസില്‍ പരാതിപ്പെടുമെന്നും പാസ്പോര്‍ട്ട് റദ്ദാക്കുമെന്നും അയാളെ ഭീഷണിപ്പെടുത്തിയ ഞാന്‍ ഹോട്ടലിന്റെ റിസപ്ഷനിലേക്ക് ഓടി. സംഭവം അവിടെയുണ്ടായിരുന്നവരെ അറിയിച്ചെങ്കിലും, ഇതു നിങ്ങളുടെ സ്വകാര്യ കാര്യമാണെന്നായിരുന്നു പ്രതികരണം. സംഭവത്തില്‍ ഇടപെടാന്‍ അവര്‍ കൂട്ടാക്കിയുമില്ല’. യുവതി പറയുന്നു.
Discussion about this post