മുംബൈ: ടീം ഇന്ത്യയുടെ വിക്കറ്റ് കീപ്പർ റിഷഭ് പന്തിന്റെ പക്ഷത്ത് നിന്നും മറുകണ്ടം ചാടി ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ റിഷഭ് പന്തിന് പകരം വൃദ്ധിമാൻ സാഹയെ ഉൾപ്പെടുത്തിയതായി അറിയിക്കുന്നതിനിടെയാണ് സാഹയെ വാഴ്ത്തിയും പന്തിനെ കൈയ്യൊഴിഞ്ഞും വിരാട് പ്രസ്താവന നടത്തിയത്.
ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറാണ് സാഹയെന്നും അവസരങ്ങൾ ലഭിച്ചപ്പോഴെല്ലാം മികച്ചപ്രകടനം കാഴ്ചവെച്ചെന്നും കോഹ്‌ലി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
‘സാഹ ഫിറ്റ്നെസ് വീണ്ടെടുത്തു. കളിക്കാൻ തയ്യാറാണ്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയിൽ സാഹയാണ് ഇന്ത്യക്ക് വേണ്ടി വിക്കറ്റ് കീപ്പറായി ആദ്യ മത്സരത്തിനിറങ്ങുക. അദ്ദേഹത്തിന്റെ വിക്കറ്റ് കീപ്പിങ് കഴിവുകൾ എല്ലാവർക്കും അറിയാവുന്നതാണ്. എപ്പോഴെല്ലാം അവസരം ലഭിച്ചിട്ടുണ്ടോ ആ സമയത്തെല്ലാം ബാറ്റുകൊണ്ട് മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട് സാഹ. അതിനിടയിൽ പരിക്കേറ്റ് പുറത്തായത് സാഹയ്ക്ക് തിരിച്ചടിയായി. എന്നെ സംബന്ധിച്ച് സാഹ ലോകത്തെ മികച്ച വിക്കറ്റ് കീപ്പർ ആണ്. ഈ സാഹചര്യത്തിൽ സാഹയാണ് ഇന്ത്യക്ക് വേണ്ടി ആദ്യ ടെസ്റ്റിൽ കളിക്കുക’. കോഹ്‌ലി വ്യക്തമാക്കി.
വെസ്റ്റിൻഡീസിനെതിരായ ഇന്ത്യൻ സ്‌ക്വാഡിൽ വൃദ്ധിമാൻ സാഹയുണ്ടായിരുന്നു. പക്ഷേ രണ്ട് ടെസ്റ്റിലും പ്ലെയിങ് ഇലവനിൽ ഉൾപ്പെട്ടില്ല. ടീം മാനേജ്മെന്റ് റിഷഭ് പന്തിനാണ് അവസരം നൽകിയത്. പന്തിന്റെ ഭാഗത്തുനിന്നും എടുത്തുപറയത്തക്ക പ്രകടനം ഒന്നും ഉണ്ടായില്ലെങ്കിലും കോച്ച് രവി ശാസ്ത്രിയും നായകൻ കോഹ്‌ലിയും പന്തിന് അനാവശ്യമായി അവസരങ്ങൾ നൽകുന്നെന്ന വിമർശനം ഉയർന്നിരുന്നു. ഇതിനുപിന്നാലെയാണ് കോഹ്‌ലിയുടെ പുതിയ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്. അവസാന 2018 ജനുവരിയിലാണ് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ സാഹ അവസാന ടെസ്റ്റ് കളിച്ചത്. പിന്നീട് തോളിനേറ്റ പരിക്കിനെ തുടർന്ന് വിട്ടുനിൽക്കുകയായിരുന്നു.
Discussion about this post