മുംബൈ: ടീം ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ വിക്കറ്റ് കാക്കാൻ വൃദ്ധിമാൻ സാഹയ്ക്ക് ക്ഷണം. മുൻനായകൻ എംഎസ് ധോണിക്ക് പകരക്കാരനായി ഉയർത്തിക്കാണിച്ചിരുന്ന റിഷഭ് പന്തിനെ ഒഴിവാക്കിയാണ് ടീം പ്രഖ്യാപിച്ചിരിക്കുന്നത്. വൃദ്ധിമാൻ സാഹയായിരിക്കും പരമ്പരയിൽ കീപ്പറെന്ന് ക്യാപ്റ്റൻ വിരാട് കോഹ്‌ലിയാണ് അറിയിച്ചത്.
വിശാഖപട്ടണത്ത് നടക്കുന്ന ആദ്യ ടെസ്റ്റിൽ ഓൾറൗണ്ടർ ആർ അശ്വിൻ കളിച്ചേക്കുമെന്നും കോഹ്‌ലി സൂചിപ്പിച്ചു. രവീന്ദ്ര ജഡേജയും ഹനുമ വിഹാരിയുമാണ് ടീമിലെ സ്പിന്നർമാർ. ഒക്ടോബർ രണ്ടിന് ആദ്യ ടെസ്റ്റ് ആരംഭിക്കും. ആകെ മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ധോണിയുടെ പിൻഗാമി എന്നുൾപ്പടെ വിശേഷിപ്പിക്കപ്പെട്ട് ടീം ഇന്ത്യ വലിയ പ്രതീക്ഷയർപ്പിച്ചിരുന്നു എങ്കിലും ലോകകപ്പിനുശേഷം ബാറ്റിങ്ങിൽ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ പന്തിന് കഴിഞ്ഞിരുന്നില്ല. ഇതിനെ തുടർന്നാണ് സാഹയ്ക്ക് നറുക്ക് വീണത്.
2018ലാണ് സാഹ അവസാനമായി ഇന്ത്യയ്ക്കുവേണ്ടി കളിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കെതിരേയായിരുന്നു അവസാന മത്സരം. ഇതുവരെയായി 32 ടെസ്റ്റ് കളിച്ചിട്ടുണ്ട്. പരിക്കിൽ നിന്ന് മോചിതനായി തിരിച്ചെത്തിയ സാഹ മൈസൂരുവിൽ ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ അനൗദ്യോഗിക ടെസ്റ്റിലുൾപ്പടെ മികച്ചപ്രകടനമായിരുന്നു പുറത്തെടുത്തത്. ഇതോടെ പന്തിന്റെ വിക്കറ്റ് തെറിക്കുകയായിരുന്നു.
Discussion about this post