ദോഹ: ചരിത്രത്തിലിടം പിടിച്ച് ഒടുവിൽ ഇന്ത്യയുടെ റിലേ ടീമിന്റെ കുതിപ്പ്. ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ചരിത്രം തിരുത്തി ഇന്ത്യയുടെ മിക്‌സഡ് റിലേ ടീം ഫൈനലിന് യോഗ്യത നേടി. 4*400 മീറ്റർ മിക്‌സഡ് റിലേയിൽ 3:16:14 സെക്കൻഡിൽ മൂന്നാം സ്ഥാനത്തായി ഫിനിഷ് ചെയ്താണ് ഇന്ത്യൻ ടീം ഫൈനലിന് യോഗ്യത നേടിയത്. ഒപ്പം ടോക്കിയോ ഒളിംപിക്‌സിനും ഇന്ത്യൻ ടീം യോഗ്യത ഉറപ്പാക്കി.
മലയാളി താരങ്ങളുടെ കരുത്തിലാണ് റിലേയിൽ ഇന്ത്യ ഫൈനലിലേക്ക് കുതിച്ചത്. മുഹമ്മദ് അനസും വികെ വിസ്മയയും ജിസ്‌ന മാത്യുവും നോഹ നിർമ്മലും കരിയറിലെ തന്നെ മികച്ച പ്രകടനം നടത്തിയപ്പോൾ ഹീറ്റ്‌സിൽ മൂന്നാം സ്ഥാനക്കാരായി ഇന്ത്യ ഫൈനലിൽ. ജിസ്‌നയും നിർമ്മലും തമ്മിലെ ബാറ്റൺ കൈമാറ്റം പിഴച്ചെങ്കിലും വിസ്മയയുടെയും നിർമ്മലിന്റെയും കുതിപ്പ് ഇന്ത്യയ്ക്ക് ടോക്കിയോ ഒളിംപിക്‌സ് യോഗ്യതയും ഉറപ്പാക്കി.
അതേസമയം, ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾക്ക് കനത്ത വെല്ലുവിളി തന്നെയാണ് നിലവിൽ നേരിടുന്നത്. ഇന്ത്യൻ സമയം നാളെ പുലർച്ചെ 1.05ന് ദോഹയിൽ തുടങ്ങുന്ന ഫൈനലിൽ മത്സരിക്കുന്ന എട്ട് ടീമുകളിൽ ബെൽജിയം ഒഴികെയുള്ള ആറ് ടീമുകളും ഇന്ത്യയേക്കാൾ മുന്നിലാണ്. ഹീറ്റ്‌സിൽ ലോക റെക്കോർഡ് തകർത്ത അമേരിക്കൻ ടീം മറ്റ് ഏഴ് ടീമുകൾക്കും പേടിസ്വപ്‌നമായി മാറിക്കഴിഞ്ഞു.