റോം: ഒടുവിൽ മെസിയെ തന്നെ തേടി ആറാം തവണും ഫിഫ ഫുട്ബോളർ ഓഫ് ദ ഇയർ മെൻ പുരസ്കാരം വീണ്ടുമെത്തി. ലോകകപ്പിന് പിന്നാലെ പ്രധാനപ്പെട്ട അവാർഡുകളിലൊന്നും സ്വന്തം പേരെഴുതി ചേർക്കാൻ കഴിയാതെ പോയ മെസിക്ക് തിരിച്ചുവരവു കൂടിയായിരിക്കുകയാണ് ഈ പുരസ്കാരം. യൂറോപ്യൻ ഫുട്ബോളർ ഓഫ് ദ ഇയറായ വിർജിൽ വാൻഡൈക്കിനെയും എക്കാലത്തേയും എതിരാളിയായ ക്രിസ്റ്റ്യാനോ റൊണാൾഡോയെയും മറികടന്നാണ് ലയണൽ മെസിയുടെ പുരസ്കാരനേട്ടം. റൊണാൾഡോയുടെ അഭാവംകൊണ്ട് ചടങ്ങ് ഏറെ ശ്രദ്ധേയമാവുകയും ചെയ്തു.
അമേരിക്കയെ ലോകകപ്പ് ജേതാവാക്കിയ ക്യാപ്റ്റൻ മേഗൻ റെപീനോയാണ് മികച്ച വനിതാ താരം. ലിവർപൂളിന്റെ അലിസൺ ബക്കറാണ് മികച്ച ഗോൾ കീപ്പർ. മികച്ച കോച്ചിനുള്ള പുരസ്കാരവും ലിവർപൂൾ കൊണ്ടുപോയി.
ലിവർപൂളിന്റെ യുർഗൻ ക്ലോപ്പാണ് മികച്ച പരിശീലകൻ. ഗാർഡിയോള, പൊച്ചറ്റിനോ തുടങ്ങിയ വമ്പന്മാരെ മറികടന്നാണ് ക്ലോപ്പിന്റെ നേട്ടം. ലിവർപൂളിനെ ചാമ്പ്യൻസ് ലീഗ് ജേതാക്കളാക്കിയ പരിശീലകനാണ് ക്ലോപ്പ്. അമേരിക്കയെ വനിതാ ലോകകപ്പ് ചാമ്പ്യൻമാരാക്കിയ ജിൽ എലിസാണ് മികച്ച വനിതാ പരിശീലക.
2019ലെ ഫിഫയുടെ ഏറ്റവും മികച്ച ഗോളിനുള്ള പുസ്കാസ് അവാർഡ് ഹംഗേറിയൻ താരം ഡാനിയേൽ സോറി സ്വന്തമാക്കി. ലയണൽ മെസിയേയും ക്വിന്റേറോയെയും മറികടന്നാണ് സോറി സുവർണ നേട്ടം സ്വന്തമാക്കിയത്.
അതേസമയം, ഫിഫയുടെ ലോക ഇലവനിൽ പോലും ഇടം പിടിക്കാനാകാതെ പിഎസ്ജിയുടെ ബ്രസീൽ താരം നെയ്മർ ജൂനിയർ പരാജയമായി. ഗോൾ കീപ്പറായി തെരഞ്ഞെടുക്കപ്പെട്ട് ബ്രസീലിന്റെ അലിസൺ ലോക ഇലവനിൽ താരമായി. ഡി ലിറ്റ്, റാമോസ്, വാൻഡെയ്ക്ക്, മാർസലോ, ലൂക്കാ മോഡ്രിച്ച്, ഡിജോങ്, എംബാപ്പെ, മെസി, റൊണാൾഡോ, ഹസാർഡ് അടക്കമുള്ളവരാണ് ഇലവനിൽ ഇടം നേടിയത്.