ബംഗളൂരു: ഇനി ബാഴ്‌സലോണയുടെ പുതുതലമുറയെ പരിശീലിപ്പിക്കാന്‍ മലയാളിയും. ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ക്ലബുകളിലൊന്നായ എഫ്സി ബാഴ്സലോണയെ പരിശീലിപ്പിക്കാനാണ് തൃശ്ശൂര്‍ സ്വദേശി ഹെയ്ഡന്‍ ജോസിന് നിയോഗം. മുക്കാട്ടുകര സ്വദേശിയാണ് ഹെയ്ഡന്‍. ബാഴ്സലോണ ബംഗളൂരു അക്കാദമിയുടെ പരിശീലകനായാണ് ഇദ്ദേഹം ചുമതലയേറ്റെടുത്തത്. ആദ്യമായാണ് കേരളത്തില്‍ നിന്നൊരാള്‍ക്ക് ഇത്തരമൊരു അവസരം ലഭിക്കുന്നത്. ഒരു വര്‍ഷത്തെ കരാറിലാണ് ഹെയ്ഡന്‍ ബാഴ്സ അക്കാദമിയിലെത്തിയത്.
മലബാര്‍ എഞ്ചിനീയറിംഗ് കോളേജില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഹെയ്ഡന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന്റെ ലൈസന്‍സ് നേടിയ പരിശീലകനാണ്. കൊച്ചിയിലെ അല്‍ എതിഹാദ് സ്പോര്‍ട് അക്കാദമിയില്‍ ഗോള്‍കീപ്പറായിരുന്നു താരം. ബാഴ്സ പരിശീലകനായ ഹെയ്ഡന്‍ ഒരു കടുത്ത മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആരാധകനാണ്.