പാരീസ്: നെയ്മര്‍ പിഎസ്ജിയിലേക്ക് ചേക്കേറിയതോടെ ലോകമെമ്പാടുമുള്ള ഫുടിബോള്‍ ആരാധകരുടെ കണ്ണുകള്‍ ക്ലബിലേക്ക് എത്തിയിരുന്നു. ആരാധകരുടെയും കാണികളുടെയും എണ്ണത്തിലും വര്‍ധനവും സ്വാഭാവികമായും സംഭവിക്കുകയും ചെയ്തു. എന്നാല്‍ ലോക ക്ലബ് ഫുട്‌ബോളിലെ തന്നെ ഏറ്റവും ശക്തമായ ആക്രമണ നിരയുള്ള
പിഎസ്ജിയില്‍ മുന്‍നിര താരങ്ങള്‍ തമ്മില്‍ ഒത്തൊരുമയില്ലെന്നാണ് സൂചന.
ലോകത്തിലെ ഏറ്റവും വില കൂടിയ രണ്ടു താരങ്ങളായ നെയ്മര്‍, എംബാപ്പെ എന്നിവര്‍ക്കൊപ്പം കഴിഞ്ഞ സീസണില്‍ ക്ലബിന്റെ ടോപ് സ്‌കോററായ കവാനിയുമാണ് ടീമിന്റെ നട്ടെല്ല്. എന്നാല്‍ കഴിഞ്ഞ സീസണെ അപേക്ഷിച്ച് മുന്നേറ്റ നിരയിലെ താരങ്ങള്‍ തമ്മിലുള്ള ഒത്തൊരുമ കുറഞ്ഞുവെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. നെയ്മര്‍, എംബാപ്പെ എന്നിവര്‍ മികച്ച ധാരണയോടെയും ഒത്തൊരുമയോടെയും കളിക്കുമ്പോള്‍ ഇരുവരുടെയും ഇടയില്‍ കവാനി ഒറ്റപ്പെട്ടു തുടങ്ങിയിട്ടുണ്ടെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന കണക്കുകളില്‍ നിന്നും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്.
പിഎസ്ജി ടീമില്‍ നെയ്മര്‍ നടത്തിയ ആകെ പാസുകളുടെ 25 ശതമാനവും എംബാപ്പയെ ലക്ഷ്യം വെച്ചായിരുന്നു. അതേ സമയം എംബാപ്പെയുടെ ആകെ പാസുകളുടെ 31 ശതമാനവും നെയ്മറെ ലക്ഷ്യം വെച്ചായിരുന്നു. അതേ സമയം മുന്നേറ്റ നിരയില്‍ ഇരുവര്‍ക്കുമൊപ്പം കളിക്കുന്ന കവാനിക്ക് ഇരുവരും നല്‍കിയ പാസുകളുടെ കണക്ക് അമ്പരപ്പിക്കുന്നതാണ്. എംബാപ്പെ 5 ശതമാനം പാസുകള്‍ മാത്രം കവാനിക്കു നല്‍കിയപ്പോള്‍ നെയ്മര്‍ ഉറുഗ്വയ് താരത്തിനു നല്‍കിയത് വെറും 0.5 ശതമാനം മാത്രമാണ്. അതേ സമയം കവാനിയുടെ 28 ശതമാനം പാസുകളും നെയ്മറെ ലക്ഷ്യം വെച്ചായിരുന്നു.
മുന്നേറ്റനിരയില്‍ ഐക്യമില്ലെന്ന് ഈ കണക്കുകള്‍ വച്ച് ആരാധകര്‍ പറയുന്നുണ്ടെങ്കിലും കവാനിയുടെ ഗോള്‍വേട്ടക്ക് അതു കുറവൊന്നും വരുത്തിയിട്ടില്ല. ഏഴു മത്സരങ്ങളില്‍ നിന്നും ആറു ഗോളുകള്‍ ഇതുവരെ താരം നേടിയിട്ടുണ്ട്. പതിനൊന്നു ഗോളുകള്‍ നേടിയ നെയ്മറാണ് നിലവില്‍ ടീമിന്റെ ടോപ് സ്‌കോറര്‍. എന്നാല്‍ ചുവപ്പു കാര്‍ഡ് ലഭിച്ചതു മൂലം ചില മത്സരങ്ങളില്‍ നിന്നും പുറത്തിരുന്ന എംബാപ്പ പത്തു ഗോളുകളോടെ നെയ്മര്‍ക്കൊപ്പമുണ്ട്.
Discussion about this post