കൊച്ചി: കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഒട്ടേറെ ആരാധകരെ നിരാശയിലാഴ്ത്തി യുഎഇയിലെ പ്രീസീസൺ ടൂർ റദ്ദാക്കി. കേരള പരിപാടിയുടെ പ്രമോട്ടറും സംഘാടകരുമായ സ്‌പോർട്‌സ് ഏജൻസി കരാറിൽ വീഴ്ച വരുത്തിയതിൽ പ്രതിഷേധിച്ചാണ് ടീം യുഎഇയിൽ നിന്നും ടൂർ റദ്ദാക്കി മടങ്ങിയത്.
കരാർപ്രകാരം ടീമിന്റെ താമസം, പരിശീലന സൗകര്യം എന്നിവ ഏർപ്പെടുത്തുന്നതിലുള്ള വീഴ്ചകളും ടീമിന്റെ അന്തസ് ഇടിച്ചു താഴ്ത്താൻ ശ്രമമുണ്ടായെന്ന ആരോപണവുമാണ് ടീമിന്റെ തീരുമാനത്തിന് പിന്നിൽ. വിവിധ സ്ഥലങ്ങളിൽ നിന്നും പ്രീസീസൺ ടൂർണമെന്റിന് ആതിഥേയത്വം വഹിക്കാൻ തയ്യാറാണെന്ന സന്ദേശം ലഭിച്ചെങ്കിലും ബ്ലാസ്റ്റേഴ്‌സ് പ്രവാസി മലയാളികൾ ഏറെയുള്ള യുഎഇ പ്രീ സീസൺ ടൂറിനായി തെരഞ്ഞെടുക്കുകയായിരുന്നു. ഐഎസ്എൽ ആറാം സീസണ് മുന്നോടിയായി ഈ മാസം നാലിനാണ് ആദ്യ പ്രീസീസൺ മത്സരം നടന്നത്. പുതിയ സാഹചര്യത്തിൽ ഇനിയുള്ള മത്സരങ്ങൾ കൊച്ചിയിൽ നടക്കും.
ലോകമെമ്പാടും ആരാധകരുള്ള ടീമിന് യുഎഇയിൽ ഒരുക്കിയ സ്വീകരണവും ആദ്യമത്സരത്തിൽ ലഭിച്ച പിന്തുണയും ഹൃദയസ്പർശിയായിരുന്നു. എന്നാൽ ആരാധകരിലേക്ക് എത്താൻ ക്ലബ് നടത്തിയ ശ്രമങ്ങൾ എല്ലാം അവതാളത്തിലായതിനാലാണ് പിന്മാറ്റമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ടീം അധികൃതർ വ്യക്തമാക്കി.