ന്യൂയോർക്ക്: യുഎസ് ഓപ്പൺ ചരിത്രത്തിലെ തന്നെ ഐതിഹാസിക വിജയങ്ങളിലൊന്ന് പിടിച്ചെടുത്ത് റാഫേൽ നദാലിന് കിരീടം. അഞ്ചു മണിക്കൂറോളം നീണ്ടുനിന്ന പോരാട്ടത്തിനൊടുവിൽ റഷ്യൻ താരം ഡാനിൽ മെദ്വെദേവിനെ കീഴടക്കിയാണ് നദാൽ യുഎസ് ഓപ്പൺ ടെന്നീസ് കിരീടത്തിൽ മുത്തമിട്ടത്. അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു നദാലിന്റെ കിരീടനേട്ടം. ഇത് താരത്തിന്റെ കരിയറിലെ 19ാം ഗ്രാൻസ്ലാം നേട്ടം കൂടിയാണ്.
റോജർ ഫെഡററുടെ 20 ഗ്രാൻസ്ലാമെന്ന നേട്ടത്തിനൊപ്പമെത്താൻ ഒരൊറ്റ കിരീടം ദൂരത്താണ് നദാൽ. ഗ്രാൻസ്ലാമിലെ ആദ്യ ഫൈനലെന്ന ആശങ്കകളില്ലാതെയായിരുന്നു റഷ്യൻ താരമായ മെദ്വെദേവ് രണ്ടാം സീഡായ നദാലിനോട് ഏറ്റുമുട്ടിയത്. ആദ്യ രണ്ട് സെറ്റും നഷ്ടപ്പെട്ടിട്ടും തളരാതെ പോരാടിയ മെദ്വെദേവ് മൂന്നാം സെറ്റിൽ തിരിച്ചുവന്നു. 5-7ന് ആ സെറ്റ് നേടി. നാലാം സെറ്റും നേടി. എന്നാൽ നിർണായകമായ അഞ്ചാം സെറ്റ് നദാലിനൊപ്പമായിരുന്നു. സ്കോർ: 7-5, 6-3, 5-7, 4-6, 6-4.
നാല് മണിക്കൂറും 50 മിനിറ്റുമാണ് ഫൈനൽ പോരാട്ടം നടന്നത്. കിരീടത്തിന്റെ എണ്ണത്തിൽ ഫെഡറർക്കും നദാലിനും താഴെ ദ്യോക്കോവിച്ചാണുള്ളത്. ദ്യോകോയുടെ അക്കൗണ്ടിൽ 16 കിരീടങ്ങളുണ്ട്. 14 കിരീടവുമായി പീറ്റ് സാപ്രസാണ് നാലാമത്.
Discussion about this post