ബെര്‍ലിന്‍: 1500 മീറ്റര്‍ ഓട്ടത്തില്‍ ലോകചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടി മലയാളി താരം ജിന്സണ് ജോണ്സണ്. ജര്‍മനിയിലെ ബെര്‍ലിനില്‍ നടന്ന മീറ്റില്‍ മൂന്ന് മിനിറ്റ് 35.24 സെക്കന്‍ഡില്‍ ഓടി വെള്ളി മെഡല്‍ നേടിയാണ് ജിന്സണ് സ്വന്തം പേരിലുള്ള ദേശീയ റെക്കോഡ് തിരുത്തിയത്.
3:35.24 സെക്കന്റില്‍ ഫിനിഷ് ചെയ്ത ജിന്സണ് അമേരിക്കയുടെ ജോഷ്വ തോംസണ്‍ പിന്നില്‍ രണ്ടാമതായാണ് ഫിനിഷ് ചെയ്തത്. മുന്‍ റെക്കോഡിനേക്കാള്‍ രണ്ട് സെക്കന്റിലേറെ കുറവുവരുത്തിയാണ് 28കാരനായ ജിന്സണ് പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചത്.
ഗോള്‍ഡ് കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ കഴിഞ്ഞ വര്‍ഷം സ്ഥാപിച്ച 3:37.86 ആയിരുന്നു മുന്‍ റെക്കോഡ്. 800 മീറ്ററിലും ദേശീയ റെക്കോഡ് ജിന്‍സന്റെ പേരിലാണ്(1:45.65)
ദോഹയില്‍ സെപ്തംബര്‍ 28 മുതല്‍ ഒക്ടോബര്‍ ആറ് വരെയാണ് ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് നടക്കുക. ലോക ചാമ്പ്യന്‍ഷിപ്പിന് 3:36.00 ആയിരുന്നു യോഗ്യതാ മാര്‍ക്ക്.
ദേശീയ റെക്കോഡ് തിരുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും വെള്ളി മെഡല്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും ലോക ചാമ്പ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ക്കായി അമേരിക്കയിലേക്ക് പോകുമെന്നും ജിന്സണ് മത്സരശേഷം പറഞ്ഞു. ദേശീയ റെക്കോഡ് തിരുത്തിയതില്‍ സന്തോഷമുണ്ടെന്നും 2020 ലെ ടോക്യോ ഒളിംപിക്സില്‍ മികച്ച പ്രകടനമാണ് ലക്ഷ്യമെന്നും ജിന്സണ് പറഞ്ഞു.
Discussion about this post