മൊണോക്കോ: ഫുട്ബോൾ ചരിത്രത്തിലെ തന്നെ സമകാലീനരും തുല്യശക്തികളുമായ ക്രിസ്റ്റിയാനോ റൊണാൾഡോയും ലയണൽ മെസിയും വീണ്ടും ഒരേ വേദിയിൽ ഒരേ അവാർഡ് പ്രതീക്ഷിച്ചെത്തുമ്പോൾ ആരാധകർക്കും ആവേശമാണ്. ഇത്തവണത്തെ യുവേഫ ലോകഫുട്ബോളർ പുരസ്കാരത്തിനായി ഒരുങ്ങിയ വേദിയിൽ മെസിയും റോണോയും എത്തിയപ്പോൾ ആവേശം ഇരുവരിലും അലതല്ലി. കഴിഞ്ഞ ഒന്നരപതിറ്റാണ്ടായി ഈ പുരസ്കാരത്തിനായി സ്ഥിരമായി പരിശ്രമിക്കുന്ന ഇരുവരും തമ്മിൽ അടുത്ത സൗഹൃദമില്ലെങ്കിലും വിദ്വേഷമില്ലെന്ന് കാണിക്കുന്നതായിരുന്നു കഴിഞ്ഞദിവസത്തെ പുരസ്കാര ചടങ്ങ്.
ലോക ഫുട്ബോളറായി നിരവധി തവണ പുരസ്കാരം സ്വന്തമാക്കിയിട്ടുണ്ടെങ്കിലും ഇക്കഴിഞ്ഞ സീസൺ ഇവർക്ക് മികച്ചതായിരുന്നില്ല. യൂറോപ്യൻ ഫുട്ബോളർക്കായുള്ള മത്സരത്തിന്റെ അവസാന റൗണ്ടിലെ മുൻനിരക്കാരായെങ്കിലും പുരസ്കാരം ലിവർപൂളിന്റെ വിർജിൽ വാൻഡൈക്ക് സ്വന്തമാക്കുകയായിരുന്നു.
ഇതിനിടെ പുരസ്കാര വേളയിൽ മെസിയെ കുറിച്ചും വിരമിക്കലിനെ കുറിച്ചും സംസാരിച്ച് ഫുട്ബോൾ ആരാധകരുടെ മനസ് കീഴടക്കിയിരിക്കുകയാണ് ക്രിസ്റ്റിയാനോ. മെസിക്ക് കൈ കൊടുത്തും സംസാരിച്ചും സൗഹൃദം നടിച്ച ക്രിസ്റ്റിയാനോയുടെ പല വാക്കുകളും വേദിയിൽ കൂട്ടച്ചിരി പടർത്തി. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ: ”ഞാനും മെസിയും 15 വർഷമായി ഈ വേദിയിൽ, രണ്ടു വ്യക്തികൾ ഇക്കാലമത്രയും ഒരേ വേദിയിലെത്തുന്നു, ഫുട്ബോളിൽ ഇതിനുമുമ്പ് ഇത്തരത്തിൽ സംഭവിച്ചിട്ടുണ്ടോ എന്ന് പോലുമറിയില്ല. ഇതത്ര നിസാരമല്ല, അറിയാലോ. ഞങ്ങൾ രണ്ടുപേരും നല്ല ബന്ധത്തിലാണ്. ഇതുവരെ ഒരുമിച്ച് ഒരു ഡിന്നറിന് പോലും പോയിട്ടില്ല. ഭാവിയിൽ എന്നെങ്കിലും അത് സംഭവിച്ചേക്കാം. സ്പെയിനിലെ കളിക്കളം നന്നായി മിസ് ചെയ്യുന്നുണ്ട്. പതിനഞ്ച് വർഷത്തോളം മെസിയും ഞാനും പരസ്പരം പോരാടി. പരസ്പരം പോരാടാൻ പ്രചോദനമായി. ഫുട്ബോൾ ചരിത്രത്തിന്റെ ഭാഗമാകാൻ സാധിച്ചതിൽ സന്തോഷമുണ്ട്. മെസിയും അപ്പോഴെല്ലാം അവിടെയുണ്ടായിരുന്നു. ഇതിലെല്ലാം സന്തുഷ്ടനാണ്. വിരമിക്കുന്നതിനെക്കുറിച്ച് ഇപ്പോൾ ചിന്തിച്ചിട്ടില്ല. വരും വർഷങ്ങളിൽ ഇവിടെ തന്നെയുണ്ടാകും”.
മെസി തന്നേക്കാൾ ചെറുപ്പമാണെന്നും തന്റെ പ്രായമെത്തുമ്പോൾ ചിന്തിക്കാനാകുമെന്നും ക്രിസ്റ്റിയാനോ റൊണാൾഡോ പറഞ്ഞു. എത്രകാലം കളിക്കാൻ കഴിയുന്നോ അതുവരെ കളിക്കുമെന്നും ക്രിസ്റ്റിയാനോ പറഞ്ഞു.
Discussion about this post