തിരുവനന്തപുരം: സയിദ് മുഷ്താഖ് അലി, വിജയ് ഹസാരെ ടൂര്‍ണമെന്റുകളിലേക്കുള്ള കേരള ക്രിക്കറ്റ് ടീമിനെ റോബിന് ഉത്തപ്പ നയിക്കും. കഴിഞ്ഞ സീസണില്‍ സച്ചിന് ബേബി ആയിരുന്നു ക്യാപ്റ്റന്‍. ഉത്തപ്പയുടെ നിയമനം ട്വന്റി 20, ഏകദിന ഫോര്‍മാറ്റുകളില്‍ മാത്രമെന്ന് കെസിഎ വ്യക്തമാക്കി. സെപ്റ്റംബര്‍ 24-ന് ആരംഭിക്കുന്ന വിജയ് ഹസാരെ ട്രോഫിയിലാകും ക്യാപ്റ്റനായുള്ള ഉത്തപ്പയുടെ അരങ്ങേറ്റം.
രഞ്ജി ട്രോഫി ക്യാപ്റ്റനായി സച്ചിന് ബേബി തുടരണോ എന്നതില്‍ തീരുമാനം പിന്നീടെന്നും കെസിഎ അറിയിച്ചു. അന്താരാഷ്ട്ര മത്സരപരിചയമാണ് ഉത്തപ്പയെ നായകസ്ഥാനത്തേക്ക് എത്തിച്ചത്. കഴിഞ്ഞ സീസണില്‍ സച്ചിന് ബേബിയുടെ കീഴില്‍ കേരളം ചരിത്രത്തിലാദ്യമായി രഞ്ജിട്രോഫി സെമിഫൈനല്‍ കളിച്ചിരുന്നു. എന്നാല്‍ നിശ്ചിത ഓവര്‍ മത്സരങ്ങളിലെ ടീമിന്റെ പ്രകടനം ആശാവഹമായിരുന്നില്ല.
പ്രഥമ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്ന റോബിന് ഉത്തപ്പ വരുന്ന ഈ സീസണിലാണ് കേരള ടീമിലെത്തിയത്. കേരളത്തില്‍ വേരുകളുള്ള കര്‍ണാടക സ്വദേശി കൂടിയായ ഉത്തപ്പ സൗരാഷ്ട്ര ടീമില്‍ നിന്നാണ് കേരളത്തിനായി കളിക്കാനെത്തുന്നത്. കുടക് സ്വദേശി വേണു ഉത്തപ്പയുടെയും മലയാളിയായ റോസ്ലിന്റെയും മകനാണ് റോബിന് ഉത്തപ്പ.
Discussion about this post