ന്യൂഡൽഹി: ഐപിഎൽ ഒത്തുകളി വിവാദത്തിൽ ശ്രീശാന്തിന് ലഭിച്ച ആജീവനാന്ത വിലക്ക് അദ്ദേഹത്തിന്റെ ക്രിക്കറ്റ് കരിയറിന്റെ തന്നെ അവസാനമാകുമെന്ന് കരുതിയിരുന്നെങ്കിലും ഒടുവിൽ ബിസിസിഐ കനിഞ്ഞു. ഒത്തുകളി ആരോപണത്തിൽ വിലക്ക് കാലാവധി വെട്ടിച്ചുരുക്കിയതോടെ ശ്രീശാന്തിന് അടുത്തവർഷം ക്രിക്കറ്റ് കളത്തിലേക്ക് ഇറങ്ങാം. ഇന്ത്യൻ പേസർ എസ് ശ്രീശാന്തിന് ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് ഏഴുവർഷമായാണ് ബിസിസിഐ വെട്ടിച്ചുരുക്കിയത്. ബിസിസിഐ ഓംബുഡ്സ്മാൻ ഡികെ ജെയ്നിന്റേതാണ് ഉത്തരവ്. ഇതോടെ 2020 സെപ്റ്റംബർ മുതൽ ശ്രീശാന്തിന് കളിക്കാം.
ക്രിക്കറ്റിന് തന്നെ നാണക്കേടായ ഒത്തുകളി വിവാദത്തിൽ 2013 ഓഗസ്റ്റിലാണ് ബിസിസിഐ ശ്രീശാന്തിന് വിലക്കേർപ്പെടുത്തിയത്. ശ്രീശാന്തിനു പുറമേ ഐപിഎൽ രാജസ്ഥാൻ റോയൽസ് താരങ്ങളായ അജിത് ചണ്ഡ്യാല, അങ്കിത് ചവാൻ എന്നിവർക്കും വിലക്കേർപ്പെടുത്തിയിരുന്നു.
എന്നാൽ ഈ വർഷം മാർച്ച് 15ന് ബിസിസിഐ അച്ചടക്ക കമ്മിറ്റിയുടെ ഉത്തരവ് സുപ്രീം കോടതി തള്ളി ശ്രീശാന്തിന് അനുകൂലമായ വിധി പുറപ്പെടുവിച്ചിരുന്നു. മൂന്നുമാസത്തിനുള്ളിൽ ശ്രീശാന്തിന്റെ ശിക്ഷ ജെയ്ൻ പുനപരിശോധിക്കണമെന്ന് ജസ്റ്റിസ് അശോക് ഭൂഷൺ, കെഎം ജോസഫ് എന്നിവരുൾപ്പെട്ട ബെഞ്ച് അന്ന് നിർദേശിക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ജെയ്ൻ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ’30 കളുടെ അവസാനത്തിൽ നിൽക്കുന്ന ശ്രീശാന്തിനെ സംബന്ധിച്ച് ക്രിക്കറ്റ് താരം എന്ന നിലയിൽ പ്രത്യേകിച്ച് ഫാസ്റ്റ് ബോളർ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ നല്ലകാലം ഇതിനകം തന്നെ കഴിഞ്ഞിരിക്കുകയാണ്.’ ജെയ്ൻ തന്റെ നിലപാട് വ്യക്തമാക്കി പറഞ്ഞതിങ്ങനെ.
Discussion about this post