ചെങ്ങന്നൂർ: ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിൽ ഇടം പിടിച്ച മലയാളിയായ ക്രിക്കറ്റ്താരം കരുൺ നായർ വിവാഹിതനാകുന്നു. ബംഗളൂരു സ്വദേശിനി സനായയാണു വധു. കഴിഞ്ഞദിവസം ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിൽ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ മോതിരം മാറൽ ചടങ്ങും വിവാഹനിശ്ചയവും നടന്നു. മാലക്കര സ്വദേശി എംഡികെ നായരാണ് കരുണിന്റെ അച്ഛൻ, അമ്മ പ്രേമ കെ നായർ ചെങ്ങന്നൂർ സ്വദേശിനിയുമാണ്.
ബംഗളൂരു സ്വദേശികളായ ജെ തക്കരിവാലയുടെയും പരീൻ തക്കരിവാലയുടെയും മകളാണു സനായ. അടുത്ത വർഷം ജനുവരി 16നു കരുൺ ജനിച്ച് വളർന്ന നാടായ രാജസ്ഥാനിൽ വെച്ച് വിവാഹം നടക്കും. ഏറെനാളത്തെ ഇരുവരുടേയും പ്രണയമാണ് ഇതോടെ സഫലമാകുന്നത്.
വലംകൈയ്യൻ ബാറ്റ്സ്മാനായ കരുൺ ഇന്ത്യയ്ക്കു വേണ്ടി ആറ് അന്താരാഷ്ട്ര ടെസ്റ്റുകൾ കളിച്ചിട്ടുണ്ട്. ഒരു ട്രിപ്പിൾ സെഞ്ചുറി (303*) ഉൾപ്പെടെ 374 റൺസാണ് ഇതുവരെ നേടിയത്. സനായയ്ക്കൊപ്പമുള്ള ചിത്രം സമൂഹമാധ്യമത്തിലൂടെ കരുൺ നായർ തന്നെയാണ് പുറത്തുവിട്ടത്. ‘മറ്റെന്തിനെക്കാളും നീയാണ് എന്റെ ലോകം പ്രകാശമയമാക്കിയത്’ എന്നായിരുന്നു കരുൺ ചിത്രത്തിനു നൽകിയ തലക്കെട്ട്. വിവാഹമാണെന്ന കാര്യം അറിയിച്ചുകൊണ്ട് കഴിഞ്ഞ ജൂൺ 29നും കരുൺ സനായയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരുന്നു.
Discussion about this post