മുംബൈ: വീണ്ടും ടീം ഇന്ത്യയുടെ മുഖ്യപരിശീലകനായി രവി ശാസ്ത്രി. കപിൽദേവിന്റെ നേതൃത്വത്തിലുള്ള ക്രിക്കറ്റ് ഉപദേശകസമിതിയാണ് പ്രഖ്യാപനം നടത്തിയത്. നിലവിലെ പരിശീലകനായ രവി ശാസ്ത്രിയെ മികച്ച ഇന്റർവ്യൂ പെർഫോമൻസിന്റേയും ട്രാക്ക് റെക്കോർഡിന്റെയും പേരിൽ വീണ്ടും പരിഗണിക്കുകയായിരുന്നു. ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ പിന്തുണയും രവി ശാസ്ത്രിക്കായിരുന്നു.
2021ലെ ടി-20 ലോകകപ്പ് വരെ രണ്ടുവർഷത്തേക്കാണ് നിയമനം. അന്തിമ പട്ടികയിലുണ്ടായിരുന്ന ആറുപേരാണുണ്ടായിരുന്നത്. ഫിൽ സിമൺസ് പിൻമാറിയതിനാൽ അഞ്ചുപേരാണ് അഭിമുഖത്തിൽ പങ്കെടുത്തത്.
ഐപിഎല്ലിലെ ഹൈദരാബാദ് ടീം മുൻ കോച്ചും ഓസ്ട്രേലിയൻ മുൻതാരവുമായ ടോം മൂഡി, ന്യൂസിലാൻഡിന്റെയും ഐപിഎൽ ടീമായ പഞ്ചാബിന്റെയും പരിശീലകനായിരുന്ന മൈക്ക് ഹെസൻ, 2007ലെ ലോക ടി-20 വിജയിച്ച ഇന്ത്യൻ ടീമിന്റെ മാനേജർ ആയിരുന്ന ലാൽചന്ദ് രജ്പുത്, മുൻ ഇന്ത്യൻ താരം റോബിൻ സിങ് എന്നിവരാണ് അന്തിമ പട്ടികയിലുണ്ടായിരുന്നത്.
കഴിഞ്ഞ ഏകദിനലോകകപ്പോടെ രവി ശാസ്ത്രിയുടെ കരാർ അവസാനിച്ചിരുന്നുവെങ്കിലും വെസ്റ്റ് ഇൻഡീസ് പര്യടനം വരെ കരാർ നീട്ടികൊടുക്കുകയായിരുന്നു. കോഹ്ലി പരസ്യ പിന്തുണയുമായി രംഗത്തെത്തിയിരുന്നു. 2017ൽ അനിൽ കുംബ്ലേയ്ക്ക് പകരം ചുമതലയേറ്റ ശാസ്ത്രിക്ക് കീഴിൽ ഇന്ത്യ മികച്ച പ്രകടനമാണ് നടത്തിയത്.