ഗയാന: ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ ബാറ്റ് റെക്കോർഡുകളുടെ കളിത്തോഴനാണ്. ഏകദിന ലോകകപ്പ് ടൂർണമെന്റ് കഴിഞ്ഞ് വിശ്രമം പോലും ഉപേക്ഷിച്ച് കോഹ്ലി വിൻഡീസിലേക്ക് പരമ്പരയ്ക്കായി ഓടിയെത്തിയത് തന്നെ കാത്തിരിക്കുന്ന റെക്കോർഡുകൾ സ്വന്തമാക്കാൻ തന്നെയാണ്. സച്ചിന്റേയും ഗാംഗുലിയുടേയും എന്തിന് മിയാൻ ദാദിന്റെ പോലും റെക്കോർഡുകൾ തകർക്കാനുള്ള അവസരത്തിന് തൊട്ടടുത്താണ് കോഹ്ലി.
വിൻഡീസിനെതിരേ 2000 റൺസ് തികയ്ക്കുന്ന ആദ്യതാരമാവുക, വിൻഡീസിനെതിരെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ക്രിക്കറ്റ് താരമാവുക, ഏറ്റവും കൂടുതൽ അർധസെഞ്ച്വറി നേടുന്ന താരമാവുക എന്നിങ്ങനെ തുടങ്ങി ഒരു പിടി നേട്ടങ്ങൾ കോഹ്ലിക്ക് സ്വന്തമാക്കാനുണ്ട്.
വിൻഡീസിനെതിരെ ഇതുവരെ കളിച്ച 33 ഏകദിന മത്സരങ്ങളിൽ നിന്നായി 70.81 റൺസ് ശരാശരിയിൽ 1912 റൺസ് കോഹ്ലി നേടിയിട്ടുണ്ട്. 88 റൺസ് അകലെയാണ് താരത്തിന്റെ 2000 റൺസെന്ന റെക്കോർഡ്. കൂടാതെ, കോഹ്ലി വിൻഡീസിനെതിരെ ഏഴു സെഞ്ച്വറികളും 10 അർധ സെഞ്ച്വറികളും നേടിയിട്ടുണ്ട്. രണ്ട് അർധ സെഞ്ചുറികൾ കൂടി വ്യാഴാഴ്ച ആരംഭിക്കുന്ന പരമ്പരയിൽ നേടാനായാൽ വിൻഡീസിനെതിരേ ഏറ്റവും കൂടുതൽ അർധ സെഞ്ച്വറികൾ നേടിയ സച്ചിന്റേയും ഗാംഗുലിയുടേയും റെക്കോഡ് കോഹ്ലിക്ക് മറികടക്കാം. സച്ചിനും ഗാംഗുലിയും വിൻഡീസിനെതിരെ നേടിയിരിക്കുന്നത് 10 അർധ സെഞ്ച്വറികളാണ്.
ഗാംഗുലിയുടെ മറ്റൊരു റെക്കോർഡു തകർക്കാനുള്ള അവസരം കൂടി കോഹ്ലിക്ക് മുന്നിൽ ഇത്തവണയുണ്ട്. ഈ പരമ്പരയിൽ 78 റൺസ് കൂടി നേടിയാൽ കോഹ്ലിക്ക് മുൻ ഇന്ത്യൻ നായകന്റെ ഏകദിന റൺ നേട്ടവും മറികടക്കാം. ഏകദിനത്തിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോർഡാണ് കോഹ്ലിക്ക് മറികടക്കാനാവുക. കോഹ്ലിക്ക് ഏകദിനത്തിൽ ഇപ്പോൾ 11,286 റൺസുണ്ട്. 77 റൺസ് കൂടുതലുള്ള നേട്ടവും ഗാംഗുലിയുടെ സമ്പാദ്യം 11,363 റൺസാണ്. പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള സച്ചിന്റെ പേരിൽ 18426 റൺസാണുള്ളത്.
വെസ്റ്റ് ഇൻഡീസിനെതിരെ അവരുടെ നാട്ടിൽ വെച്ച് നടന്ന 12 മത്സരങ്ങളിൽ നിന്നായി 55.60 റൺസ് ശരാശരിയിൽ 556 റൺസ് കോഹ്ലി അടിച്ചെടുത്തിട്ടുണ്ട്. വെസ്റ്റ് ഇൻഡീസിൽ ഇക്കാലമത്രയും നടന്ന ഇന്ത്യ – വിൻഡീസ് പരമ്പരകളിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമെന്ന റെക്കോർഡ് വിൻഡീസ് താരം രാം നരേഷ് സർവന്റെ പേരിലാണ്. 17 മത്സരങ്ങളിൽ നിന്ന് സർവന്റെ നേട്ടം 700 റൺസാണ്. എന്നാൽ ഇത്തവണത്തെ പരമ്പരയിൽ നിന്നും 145 റൺസ് കോഹ്ലിക്ക് അടിച്ചെടുക്കാനായാൽ ഈ റെക്കോഡ് സ്വന്തം പേരിൽ എഴുതി ചേർക്കാം.
ഒപ്പം, പരമ്പരയിൽ 12 റൺസ് നേടുന്ന നിമിഷം ഏകദിനത്തിൽ വിൻഡീസിനെതിരേ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോർഡും കോഹ്ലിക്ക് സ്വന്തമാകും. 1930 റൺസുമായി മുൻ പാകിസ്താൻ താരം ജാവേദ് മിയാൻദാദാണ് കോഹ്ലിക്ക് മുന്നിലുള്ളത്. ഈ റെക്കോർഡുകളെല്ലാം പഴങ്കഥയാക്കാനായി ഇന്ത്യൻ നായകൻ ഇന്ന് പാഡണിയുമ്പോൾ ആരാധകരും ഏറെ പ്രതീക്ഷയിലാണ്.