ഇന്ന് ജീലാനി ദിനം: സൂഫികളുടെ ലോകത്തെ ബോധിവൃക്ഷം

prayar gopalakrishnan,sabarimala,pampa river
-ഫഖ്‌റുദ്ധീന്‍ പന്താവൂര്‍ ആയിരങ്ങള്‍ തിങ്ങി നിറഞ്ഞൊരു പ്രഭാഷണ സദസ്സ്. പ്രധാന പ്രാസംഗികന്‍ പ്രസംഗം തുടങ്ങി. തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു അയാള്‍. പ്രഭാഷണ കലയില്‍ അദ്ധേഹത്തെ വെല്ലാന്‍ മറ്റാരുമില്ലായിരുന്നു. അനുവാചകര്‍ ശ്രദ്ധയോടെ പ്രസംഗം കേള്‍ക്കുന്നുണ്ട്. മണിക്കൂറുകള്‍ക്കു ശേഷം പ്രസംഗം നിര്‍ത്തി. അടുത്ത ഊഴം വേദിയിലെ വൃദ്ധന്റെതായിരുന്നു. അദ്ധേഹം പതിയെ എഴുന്നേറ്റു. എല്ലാവരുടെ കണ്ണുകളിലേക്കും മൃദുലമായൊന്ന് നോക്കി. എന്നിട്ടു പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു 'ഇന്നലെ എന്റെ പൂച്ച മരിച്ചു പോയി ' സദസ്സ് ഒന്നടങ്കം അതുകേട്ട് പൊട്ടിക്കരഞ്ഞു... ഒരൊറ്റ വാക്കില്‍ സദസ്സിനെ മൊത്തം കരയിപ്പിച്ച ആ വൃദ്ധനെ പണ്ഡിതനായ പ്രാസംഗികന്‍ അസൂയയോടെ നോക്കി .. വൃദ്ധന്‍ ആ ഒറ്റവാക്കില്‍ പ്രസംഗം അവസാനിപ്പിച്ചു. പ്രാസംഗികന്‍ അദ്ധേഹത്തിന്റെ അരികിലെത്തി പ്രസംഗത്തിന്റെ രഹസ്യം അന്വേഷിച്ചു. അദ്ധേഹം ഇങ്ങനെ മറുപടി പറഞ്ഞു 'നിങ്ങള്‍ കിതാബുകളില്‍ നിന്ന് പഠിച്ച അറിവുകള്‍ ജനങ്ങളുടെ കാതുകളിലേക്ക് പകര്‍ന്നു കൊടുത്തു. നാവിന്റെ ഉപഭോക്താവ് ചെവിയാണ്. ഞാന്‍ ഖല്‍ബില്‍ നിന്നും ഖല്‍ബിലേക്കാണ് സംസാരിച്ചത്. അതിന് ശബ്ദത്തിന്റെയോ സാഹിത്യ വാക്കുകളോടെയോ അലങ്കാരം വേണ്ട' മഹാസൂഫി ഗുരുവായ ശൈഖ് അബ്ദുല്‍ ഖാദര്‍ ജീലാനിയായിരുന്നു ഈ വൃദ്ധന്‍. ആ മഹാ ഗുരുവിന്റെ ഈശ്വരീയലയ ദിവസത്തെ ജീലാനി ദിനമെന്ന പേരില്‍ ലോകത്തിന്റെ വിവിധയിടങ്ങളില്‍ സൂഫികളും അദ്ധേഹത്തിന്റെ അനുരാഗികളും ഓര്‍മിക്കുന്നു. ലോകത്ത് ഏറ്റവുമധികം സ്വാധീനം ചെലുത്തിയ ഒത്തിരി സൂഫികളുണ്ട്. അതില്‍ കേരളത്തില്‍ ഏറ്റവും പ്രിയപ്പെട്ട സൂഫി ഗുരു ശൈഖ് ജീലാനിയാണ്. ഇന്നേ ദിവസം കേരളത്തിലെ നല്ലൊരു വിഭാഗം ആളുകളും അദ്ധേഹത്തിനെക്കുറിച്ചുള്ള കവിതകളും ഗദ്യങ്ങളും സൂഫി സാഹിത്യങ്ങളും പാടിയും പറഞ്ഞും ആഘോഷിക്കുന്നു. 1500 കള്‍ക്ക് മുമ്പ് കോഴിക്കോട് ഖാസി മുഹമ്മദ് എഴുതിയ 'മുഹിയദ്ധീന്‍ മാല' കേവലം സാഹിത്യ കൃതിയോ അനുഷ്ഠാന ഗീതകങ്ങളോ മാത്രമായി കാണരുത്. അത് സൂഫിലോകത്തെ ഉന്നതമായ സൂഫി സാഹിത്യങ്ങളാണ് .അതിന്റെ പൊരുളറിയാന്‍ സൂഫിസത്തിന്റെ അധികകുപ്പായമണിയണം. കേരളത്തിന്റെ മുസ്ലിം മനസ്സ് ജീവിച്ചിരിക്കുന്ന സൂഫികളെ അക്കാലയളവില്‍ അതിന്റെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ ഉള്‍കൊള്ളാറില്ലെങ്കിലും മരണത്തോടെ അവരെ പാടിപ്പുകഴ്ത്തുകയും നേര്‍ച്ചകള്‍ നടത്തുകയും ചെയ്യും .ഇക്കാര്യത്തില്‍ ശൈഖ് ജീലാനിയെന്ന മഹാ സൂഫിഗുരുരിവിനോളം കേരള മുസ്ലിംകള്‍ക്ക് അനുരാഗത്തിന്റെ വെളിച്ചം നല്‍കിയ മറ്റൊരാളില്ല . ജീലാനിയുടെ അരുമ ശിഷ്യനാണല്ലോ കാഞ്ഞിരമുറ്റം ഫരീദ് ഔലിയ സൂഫി. ഇദ്ധേഹത്തിലൂടെയായിരിക്കാം ഈ സൂഫി ദര്‍ശനങ്ങള്‍ കേരളത്തില്‍ പടര്‍ന്നത്. ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹം ഒരു സൂഫിയോടൊപ്പമാവുക എന്ന് പറഞ്ഞ സൂഫിവചനം നിരര്‍ത്ഥകമായ മൗനത്തിന്റെ ഗുഹയ്ക്കുള്ളില്‍ നിന്ന് ആത്മീയതയുടെ വെളിച്ചത്തിലേക്ക് പറന്നുയരാന്‍ നമ്മെ സഹായിക്കുന്നു.. ഓരോ സൂഫി കഥകളും അനുഭവങ്ങളും കലുഷിതമായ വര്‍ത്തമാന കാല സാഹചര്യത്തില്‍ നന്മയുടെ വെളിച്ചം തന്നെയാണ്. കേവലം കഥകള്‍ മാത്രമല്ല സൂഫിവര്‍ത്തമാനങ്ങള്‍. എല്ലാവിധ ആഗ്രഹങ്ങളെയും സുഖപ്പെടുത്തുന്ന സവിശേഷ ഔഷധമാണ് ആത്മീയ സംഗിതം. അത് കേള്‍ക്കാന്‍ കാതുകള്‍ പോരാ.. കാണാന്‍ ഈ കണ്ണുകളും മതിയാകില്ല. ഹൃദയങ്ങള്‍ കൊണ്ട് അനുഭവിക്കുന്നവയാണവ. സൂഫി അനുഭവത്തിന്റെ ആനന്ദലഹിരി അന്വേഷിച്ചെത്തിയ ദര്‍വീശിനോട് മന്‍സൂര്‍ ഖല്ലാജ് എന്ന സൂഫി കാത്തിരിക്കാന്‍ പറഞ്ഞു.. ഒടുവില്‍ ആത്മീയ സത്യം വിളിച്ചു പറഞ്ഞ ഖല്ലാജിനെ മതഭരണകൂടം തൂക്കിക്കൊല്ലുമ്പോള്‍ അദ്ധേഹം ആള്‍ക്കൂട്ടത്തിലേക്ക് നോക്കി ഇങ്ങനെ വിളിച്ച് കൂവി.. 'പ്രിയ മിത്രമെ എവിടെയാണ് താങ്കള്‍ ..? കാണുക ഇതാണ് സൂഫി അനുഭവത്തിന്റെ പരമാനന്ദം ' കാലങ്ങള്‍ക്കിപ്പുറം ഇറാഖിലെ ഗ്രാമത്തില്‍ ജനിച്ച ശൈഖ് ജീലാനിയെന്ന മഹാ സൂഫിഗുരു ആ ആത്മീയ സത്യം തൊട്ടറിഞ്ഞപ്പോള്‍ ഇങ്ങനെ പാടി ' ഖല്ലാജിനെ കൊല്ലും അന്നേരം ഞാനുണ്ടായിരുന്നെങ്കില്‍ രക്ഷിപ്പാന്‍ ഞാന്‍ എത്തുമായിരുന്നു ' ( മുഹിയദ്ധീന്‍ മലയില്‍ നിന്ന് ) കേരളത്തില്‍ അങ്ങാളമിങ്ങോളം മുഹിയദ്ധീന്‍ മസ്ജിദും ജീലാനി നഗറുകളും ഉണ്ടായത് ഈ സൂഫി ഓര്‍മയിലാണ് .കോഴിക്കോട്ടെ മൊയ്തീന്‍ പള്ളി ഉദാഹരണം. ശൈഖ് ജീലാനിയുടെ സൂഫി മാര്‍ഗത്തെ '.ഖാദരിയ സൂഫി മാര്‍ഗം ' എന്നാണ് പേര് വിളിക്കുക. ഇതിന് എമ്പാടും കൈവഴികളുണ്ട് . ഇന്ത്യയില്‍ തന്നെ ഒത്തിരിയുണ്ട് .അജ്മീര്‍ ശൈഖിന്റെ (മുഈനുദ്ധീന്‍ ചിശ്തി) ചിശ്തിയാ സൂഫി മാര്‍ഗം പോലെ... ജീവിച്ചിരിക്കുമ്പോള്‍ മറ്റേത് സൂഫികളെയും പോലെ പൊതുബോധ മനസ്സിന്റെ എതിര്‍പ്പുകള്‍ അബ്ദുല്‍ ഖാദര്‍ ജീലാനിയും നേരിട്ടിട്ടുണ്ട് . ഇപ്പോള്‍ ആ ജീവിതം കഥകളായും ഗദ്യങ്ങളായും കീര്‍ത്തനങ്ങളായും നാടെങ്ങും പാടിപ്പുകഴ്ത്തുന്നു. സൂഫികളിലെ ആദ്യ വനിതാ ത്വരീഖത്തും ( സൂഫി മാര്‍ഗം ) ബഗ്ദാദിലാണ് സ്ഥാപിച്ചത്. മഹാ സൂഫിഗുരു ശൈഖ് ജീലാനിയുടെ പേരില്‍. സൂഫി അപദാനങ്ങള്‍ പാടിയും പറഞ്ഞും പോകുന്നതിനപ്പുറം അതിന്റെ അനുഭൂതിയില്‍ ലയിക്കാന്‍ കഴിയണം. നിര്‍ഭാഗ്യവശാല്‍ അതിന് മഹാഭാഗ്യം ലഭിക്കുന്നവര്‍ വിരളമാണ്. ' ഞാന്‍ സ്‌നേഹിക്കുന്നവനാണു ഞാന്‍. ഞാന്‍ ആരെ സ്‌നേഹിക്കുന്നുവോ ആ ആള്‍ ഞാന്‍ തന്നെയാണ് . ഒരേ ശരീരത്തില്‍ അധിവസിക്കുന്ന രണ്ടാത്മക്കളാണ് നമ്മള്‍ ' ദൈവസ്‌നേഹത്തെക്കുറിച്ചുള്ള ഈ സൂഫി കവിതയിലുണ്ട് സൂഫിസത്തിന്റെ പൊരുള്‍ . (മാധ്യമപ്രവര്‍ത്തകനും, അധ്യാപകനുമായ ലേഖകന്‍ ഹൈദരാബാദ് ജാമിഅ നിസാമിയ്യ സര്‍വ്വകലാശാലയില്‍ നിന്ന് നിസാമി ബിരുദവും, ഖുര്‍ആനില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. 9946025819 )

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)