തിരിച്ചറിയാതെപോകുന്ന പിതാവിന്റെ സ്നേഹക്കടൽ, നിങ്ങൾ മാതാവിനെ അത്രമേൽ സ്നേഹിക്കുന്നുവെങ്കിൽ ഇത് തിരിച്ചറിയുക

-ഫഖ്റുദ്ധീൻ പന്താവൂർ എട്ടാം വയസ്സിൽ കുടുംബത്തിന്റെ ഭാരം ഏറ്റെടുത്തതാണയാൾ. പല ജോലികൾ പല സ്ഥലങ്ങൾ.. വിവാഹം കഴിഞ്ഞതോടെ വർഷങ്ങളോളം പ്രവാസവും. മക്കൾ നാലായി.. എല്ലാവർക്കും ശരാശരി വിദ്യാഭ്യാസം. ചെറുതെങ്കിലും മനോഹരമായൊരു വീട് വെച്ചു. മക്കളെയെല്ലാം വിവാഹം കഴിപ്പിച്ചു. എന്നിട്ടും അയാൾ പ്രവാസത്തിലേക്ക് വഴുതിപ്പോയി. ആരോഗ്യം നഷ്ടപ്പെട്ടപ്പോൾ അയാൾ വീട്ടിൽ തനിച്ചായി. മക്കളുടെ മുന്നിൽ ഒരു അധികപ്പറ്റാണ് താനെന്ന് അയാൾക്ക് തോന്നിത്തുടങ്ങി. മക്കളൊക്കെ എന്തും പങ്കുവെക്കുന്നത് അവരുടെ ഉമ്മയോടാണ് .അരികുപറ്റിയ ഒരാളായിമാറി അയാൾ. അയാൾക്കുള്ളിലെ പിതാവ് എന്നും തോൽവിയായിരുന്നു .പരുക്കൻ സാഹചര്യങ്ങളിലൂടെ കടന്നുപോയ അയാൾക്ക് റൊമാന്റിക്കായ ഭർത്താവാകാനോ സ്നേഹം പ്രകടിപ്പിക്കുന്ന നല്ലൊരു പിതാവാകാനോ അനുസരണയുള്ള മകനാകാനോ പൂർണ്ണമായി കഴിഞ്ഞില്ല. ഫലമോ അയാൾ വാർധക്യത്തിന്റെ നാളുകളിൽ മക്കളിൽ നിന്നും മരുമക്കളിൽ നിന്നും കൂടുതൽ കൂടുതൽ അകലാൻ തുടങ്ങി. സ്വന്തം ഇഷ്ടങ്ങളും ആഗ്രഹങ്ങളും സ്വപ്നങ്ങളും ഉപക്ഷിച്ച് കുടുംബത്തിനുവേണ്ടി ജീവിച്ച ആ മനുഷ്യന് തന്നെയാരും മനസ്സിലാക്കുന്നില്ലല്ലോ എന്നായിരുന്നു യഥാർത്ഥ പ്രശ്നം. ഇത് ഒരാളുടെ മാത്രം പ്രശ്നമല്ല.നമ്മുടെ ചുറ്റും കാണാം ലക്ഷക്കണക്കിനുപേർ ഇങ്ങനെ. മാതാവിന്റെ മഹത്വത്തെക്കുറിച്ച് എല്ലാവരും വാഴ്ത്തിപ്പാടും. ഇതിനിടക്ക് പിതാവിനെ മറക്കും. ഉമ്മമാർ എപ്പോഴും വികാരങ്ങളോട് ചേർന്നു നിൽക്കുന്നവരാണ്. പിതാക്കന്മാർ തീരുമാനങ്ങളോടാണ് അടുത്തു നിൽക്കുന്നത്. പലപ്പോഴും കരയുന്ന ഉമ്മമാരെ മക്കൾ കാണും. കരയുന്ന പിതാവിനെ മക്കൾ കാണില്ല. ചിലപ്പോൾ ഉമ്മമാർ കാണാം. മക്കളെ വഴക്കുപറഞ്ഞതിന്, അടിച്ചതിന് അവരറിയാതെ സങ്കടപ്പെടുന്ന, വിശപ്പില്ലെന്ന് പറയുന്ന ഉപ്പമാരെ മക്കൾ അറിയാറെയില്ല. മതങ്ങളും തത്വസംഹിതകളും സമൂഹവും പൊതുവിൽ അമ്മമാരുടെ മഹത്വത്തെ മാത്രം പാടിപ്പുകഴ്ത്തും. പിതാക്കന്മാരെന്ന കടലിനെ ബക്കറ്റുകൊണ്ട് അളക്കുകയും ചെയ്യും. അതൊരിക്കലും ചെയ്യരുത്. പിതാവിെനെ ഭീകരനായാണ് കുട്ടിക്കാലം മുതൽക്കെ അമ്മമാർ പരിചയപ്പെടുത്തുക. അനുസരണക്കേട് കാട്ടിയാൽ " ഉപ്പയിങ്ങ് വരട്ടെ. പറഞ്ഞു കൊടുക്കും " എന്നുള്ള ഭീഷണി കേട്ടാണല്ലോ മക്കൾ വളരുന്നത്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപാട് പെടുന്ന പിതാക്കന്മാർ എന്നും നിഴലായി മാറാനാകും വിധി ... പുതുതലമുറയായാലും പഴയതലമുറയിലായാലും പിതാക്കന്മാർ എന്നും അരികുപറ്റി ജീവിക്കാനാവും വിധി. കാലോചിതമായ മാറ്റങ്ങൾ ഉണ്ടാകുമെന്ന് മാത്രം. പത്തുമാസം നൊന്തുപെറ്റ ഉമ്മയുടെ കഥ എത്രയോ വട്ടം മക്കൾ കേട്ടുകാണും. രാത്രിയെ പകലാക്കി മാറ്റി പണിയെടുത്ത കഥ ഒരിക്കൽ പോലും പറയാത്ത, അറിയിക്കാത്ത ഉപ്പമാർ ഇതിഹാസം തന്നെയല്ലേ. പുതുതലമുറയിലെ കുട്ടികൾ കുറെയൊക്കെ മാതാവിനെയും പിതാവിനെയും ഒരുപോലെ അടുത്തറിയുന്നവരായുണ്ട്. കുട്ടികളോടൊപ്പമാകുമ്പോൾ ഒരു അകൽച്ചയിലൊക്കെയാവണം എന്ന് വിശ്വസിച്ചിരുന്നവരാണ് പഴയ തലമുറക്കാർ. പക്ഷെ അണുകുടുംബങ്ങളിലെക്കെത്തിയപ്പോൾ അതിനൊക്കെ വലിയ മാറ്റങ്ങളുണ്ടായി. ഉമ്മയെന്ന പുഴയെ ധ്യാനിക്കുമ്പോൾ അച്ചനെന്ന കടലിെനെ മറക്കുന്നു പലപ്പോഴും. മക്കൾ എപ്പോഴും ഉമ്മയെന്ന പുണ്യത്തോടൊപ്പം ചേർന്നു നിൽക്കുന്നു. ആരെ കൂടുതലിഷ്ടം എന്ന് പലരും മക്കളോട് ചോദിച്ചിട്ടുണ്ട്. അപ്പോഴൊക്കെ അവരുടെ മറുപടി ഉമ്മയെന്നായിരിക്കാം. ചിലർ രണ്ടുപേരെയും പറയും. വലുതാവും തോറും പിതാവിന്റെ സാന്നിധ്യം മക്കളുടെ മനസ്സിൽ അമ്മയോളം വരാതാവും. ഉപ്പമാർക്ക് സ്നേഹം പ്രകടിപ്പിക്കാനറിയില്ല, പ്രകടിപ്പിക്കുന്നത് ശരിയല്ല എന്നൊക്കെയാണ് പൊതുവെ വിചാരങ്ങൾ. അതൊക്കെയാകും ചില അച്ചന്മാർ വീട്ടിൽ പോലും അന്യരായിപ്പോയത്. മോളെ വിവാഹം കഴിച്ചയക്കുമ്പോൾ ഉപ്പാരുടെ കണ്ണുകളിലേക്ക് നോക്കണം.. കടലാഴം ദു:ഖം ഒളിപ്പിച്ചുവെച്ച് അഭിമാനത്തോടെ തല ഉയർത്തിനിൽക്കുന്ന ആ കണ്ണിൽ ശരിക്കൊന്നു നോക്കിയാൽ കാണാം കണ്ണീരിന്റെ നനവ്. (മാധ്യമപ്രവർത്തകനും, അധ്യാപകനും, ഹിപ്പ്നോട്ടിക്കൽ കൗൺസിലറുമാണ് ലേഖകൻ. 9946025819 )

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)