അവധിക്കാലത്ത് നമുക്കൊരുക്കാം കുപ്പിക്കുള്ളില്‍ ഉദ്യാനം

-ഫഖ്‌റുദ്ധീന്‍ പന്താവൂര്‍ അവധിക്കാലം ഉത്സവക്കാലമാണ്. ഈ അവധിക്കാലത്ത് നമുക്ക് രസകരമായ ഒരു കാര്യം ചെയ്യാം. എന്താണെന്നല്ലേ... നല്ലൊരു ഉദ്യാനം ഉണ്ടാക്കാം. ഒരു കുട്ടി ഉദ്യാനം. ഉദ്യാനം ഉണ്ടാക്കണമെന്നൊക്കെ കേള്‍ക്കുമ്പോള്‍ സ്ഥലമില്ല. ഞങ്ങള്‍ ഫ്‌ളാറ്റിലാണ്.. എന്നൊക്കെയാവും നിങ്ങളുടെ മറുപടി. എന്നാല്‍ ശ്രദ്ധിച്ചോളൂ .. നമുക്ക് കുപ്പിക്കുള്ളിലൊരു ഉദ്യാനം തീര്‍ക്കാം . ഫ്‌ളാറ്റിലും മറ്റും താമസിക്കുന്നവര്‍ ഉദ്യാനമുണ്ടാക്കാന്‍ മുറ്റമില്ലന്നോര്‍ത്ത് ഇനി വിഷമിക്കേണ്ട. ഫ്‌ളാറ്റിനുള്ളില്‍ തന്നെ നല്ലൊരു ഉദ്യാനം എങ്ങനെ ഉണ്ടാക്കാം എന്നതിനെക്കുറിച്ചാണ് ഇത്തവണ പറയുന്നത്. കുപ്പിക്കുള്ളിലും ഗ്ലാസ് അക്വേറിയത്തിനുള്ളിലുമൊക്കെ പൂന്തോട്ടമുണ്ടാക്കുന്ന രീതിയാണ് ' ടെറേറിയം'. ഇതുണ്ടാക്കാന്‍ കുപ്പിയോ ,ഗ്ലാസ് ബൗളോ ,അക്വേറിയമോ വേണം. പാത്രത്തിന്റെ അടിത്തട്ടില്‍ ഒരിഞ്ച് ഉയരത്തില്‍ ചരല്‍ക്കല്ലുകളും അതിനു മീതെ കരിക്കഷ്ണങ്ങളും നിരത്തുക. ഫിഷ് അക്വേറിയത്തില്‍ ഉപയോഗിക്കുന്ന ചരല്‍ക്കല്ലുകള്‍ തന്നെ മതിയാകും .ഇവയ്ക്കുമീതെ മണ്ണ് ,മണല്‍ ,കുറച്ചു ജൈവവളം എന്നിവയുടെ മിശ്രിതം നിറക്കണം. കുപ്പിയുടെയോ ബൗളിന്റെയോ ഒക്കെ 1/5 ഭാഗം വരും വിധം മാത്രം മിശ്രിതം നിറച്ചാല്‍ മതി. വാവട്ടം വലുതായ കുപ്പികളാണ് ഏറ്റവും നല്ലത്. വാവട്ടം കുറഞ്ഞവയാണെങ്കില്‍ പേപ്പറോ കാര്‍ഡ് ബോര്‍ഡോ ഫണല്‍ പോലെ ചുരുട്ടി അതിലൂടെ നിറക്കണം. മിശ്രിതം ഗ്ലാസിന്റെ ഉള്‍ഭാഗത്ത് പറ്റിപ്പിടിക്കാതിരിക്കാനാണിത്. വലുപ്പം കുറഞ്ഞ ഇലച്ചെടികളാണ് കുപ്പികളിലെ പൂന്തോട്ടങ്ങള്‍ക്ക് നല്ലത്. അതിനു പറ്റിയ ചില ചെടികളെ നമുക്ക് പരിചയപ്പെടാം. സിങ്കോണിയം കലേഡിയം മരാന്ത പെപ്പറോമിയ ബെഗോണിയ കലാത്തിയ പന്നലുകള്‍ ആഫ്രിക്കന്‍ വയലറ്റ് ഇനി നിങ്ങള്‍ ചെയ്യേണ്ടത് ഈ ചെടികളുടെ തൈകള്‍ കുപ്പിക്കുള്ളിലെ മിശ്രിതത്തില്‍ നടലാണ്. ഇതിന് രണ്ട് കഷണം നീണ്ട കമ്പോ ചെന്‍സിലോ മതിയാകും. ഇവ ഉപയോഗിച്ച് നടീല്‍ മിശ്രിതത്തില്‍ കുഴിയുണ്ടാക്കി, തൈയുടെ വേര് അതില്‍ വച്ച് ചുറ്റും മണ്ണ് കൂട്ടിവെക്കണം. ഇനി കൂട്ടുകാരുടെ ഭാവനക്കനുസരിച്ച് ചെറിയ പ്രതിമകളോ ചിപ്പികളോ ഒക്കെ വെച്ച് ഈ പൂന്തോട്ടത്തിന്റെ ഭംഗി കൂട്ടാം. വെള്ളം വളരെ കുറച്ചുമാത്രം ചുവട്ടിലൊഴിക്കണം. തുടര്‍ന്ന് അടപ്പ് ഉപയോഗിച്ച് അടച്ച് കുപ്പി ഉദ്യാനത്തെ മുറിക്കുള്ളിലെ നേരിട്ടല്ലാതെ സൂര്യപ്രകാശം കിട്ടുന്ന ഏതെങ്കിലും ഭാഗത്ത് വെയ്ക്കുക. കുപ്പിക്കുള്ളിലെ വെള്ളം ചെടികള്‍ വലിച്ചെടുക്കുന്നു. ഇതിനു സമാന്തരമായി മണ്ണിലെ ഈര്‍പ്പവും ചെടികള്‍ പുറത്തുവിടുന്ന ഈര്‍പ്പവും ആവിയായി ഗ്ലാസ് ഭിത്തിയില്‍ തട്ടി വെള്ളത്തുള്ളികളായി ഒലിച്ച് താഴത്തെ നടീല്‍ മിശ്രിതത്തില്‍ വീഴും. അങ്ങനെ വെള്ളത്തിന്റെ പ്രകൃത്യായുള്ള ചംക്രമണം കുപ്പിക്കുള്ളില്‍ നടക്കുന്നു. ഈര്‍പ്പം തീരെ കുറയുന്ന സമയത്തുമാത്രം വീണ്ടും വെള്ളം നല്‍കിയാല്‍ മതി. അതായത് ഏത് വേനലിലും ഈ കുപ്പിക്കുള്ളിലെ പൂന്തോട്ടം ഒരുക്കാമെന്നര്‍ത്ഥം . കുപ്പിക്കുള്ളിലെ ചെടികളുടെ കരിഞ്ഞ ഇലകളും അധിക വളര്‍ച്ചയുമൊക്കെ അറ്റത്തു ബ്ലേഡ് ഘടിപ്പിച്ച ഒരു കമ്പിന്‍ കഷണമോ കത്രികയോ മറ്റോ ഉപയോഗിച്ചു മുറിച്ചു മാറ്റാം. രണ്ടുവര്‍ഷത്തോളം കഴിഞ്ഞ് ചെടികള്‍ മാറ്റി പുതിയത് നടുകയും ചെയ്യാം. എന്തായിരിക്കും കുപ്പിക്കുള്ളില്‍ വെള്ളവും അന്തരീക്ഷവായുവുമില്ലാതെ ചെടികള്‍ വളരുന്നതിന്റെ രഹസ്യം . പരമ രഹസ്യമാണ് കേട്ടോളൂ. ചെടികള്‍ ഒഴികെയുള്ള കുപ്പിക്കുള്ളിലെ ഭാഗം തന്നെ അവയ്ക്ക് വളരാന്‍ ആവശ്യമായ അന്തരീക്ഷമൊരുക്കുന്നുണ്ട് .പിന്നെ പ്രകാശം മാത്രമെ ചെടികള്‍ക്ക് വളരാന്‍ പുറമെനിന്ന് ലഭിക്കേണ്ടതായുള്ളൂ. പ്രകാശ സംശ്ലേഷണത്തിലൂടെ ചെടികള്‍ ആഹാരം നിര്‍മിക്കുകയും അതിന്റെ ഭാഗമായി പുറത്തുവിടുന്ന ഓക്‌സിജന്‍ കുപ്പിക്കുള്ളിലെ ഉദ്യാനത്തിലെ മണ്ണിലുള്ള ബാക്ടീരിയകള്‍ വലിച്ചെടുക്കുകയും ചെയ്യും .ഈ ബാക്ടീരിയകള്‍ പുറത്തു വിടുന്നത് കാര്‍ബണ്‍ഡൈ ഓക്‌സൈഡ് ആണ്. അതാണ് ചെടികള്‍ പിന്നിട് ആഹാരനിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നത്. ഇങ്ങനെ ചെടികള്‍ക്ക് കുപ്പിക്കുള്ളില്‍ നിഷ്പ്രയാസം വളരാന്‍ സാധിക്കും. വെള്ളമില്ലാതെ നാല്‍പ്പതിലധികം വര്‍ഷം ജീവിപ്പിച്ച ഒരു ചെടിയുടെ ചരിത്രം നിങ്ങള്‍ കേട്ടിട്ടുണ്ടോ ? 1960 ല്‍ കാനഡയിലെ ഡേവിഡ് ലാറ്റിമര്‍ തന്റെ കുപ്പിക്കുള്ളിലെ പൂന്തോട്ടത്തില്‍ ഒരു ചെടി നട്ടു . സ്‌പൈഡര്‍വര്‍ട്ട് എന്നയിനം ചെടിയാണ് ലാറ്റിമര്‍ നട്ടത്. 1972 വരെ അദ്ധേഹം അതിന് വെള്ളമൊഴിച്ചു. അടച്ചു വെച്ച ആ കുപ്പിയില്‍ പിന്നീടദ്ധേഹം വെള്ളമൊഴിച്ചതേയില്ല .എന്നാല്‍ ലാറ്റിമറെ അത്ഭുതപ്പെടുത്തിക്കൊണ്ട് ആ ചെടി കൂടുതല്‍ കരുത്തോടെ വളര്‍ന്നു. അങ്ങനെ അന്തരീക്ഷ വായുവും വെള്ളവും ഇല്ലാതെതന്നെ നാല്‍പ്പത് വര്‍ഷത്തോളം ആ കുപ്പിക്കുള്ളില്‍ സ്‌പൈഡര്‍വര്‍ട്ട് ചെടി ഇപ്പോഴും വളര്‍ന്നുകൊണ്ടിരിക്കുന്നു .53 വര്‍ഷം പ്രായമുള്ള ഈ കുപ്പിയിലെ ഉദ്യാനവും ലാറ്റിമറും അതോടെ ലോകത്തിന്റെ ശ്രദ്ധാ കേന്ദ്രമായി. ഇപ്പോള്‍ ലിറ്റിമറുടെ കുപ്പിക്കുള്ളിലെ പൂന്തോട്ടമാണ് ( ബോട്ടില്‍ ഗാര്‍ഡന്‍ ) കാനഡയിലെ പ്രധാന കാഴ്ച കുപ്പിക്കുള്ളില്‍ പൂന്തോട്ടം ഒരുക്കും പോലെ ലളിതമാണ് ഡിഷ് ഗാര്‍ഡന്‍. പരന്ന മണ്‍ചട്ടികളിലും പോര്‍സലൈന്‍ ചട്ടികളിലുമൊക്കെ ഡിഷ് ഗാര്‍ഡന്‍ ഉണ്ടാക്കാം.പക്ഷെ കുപ്പി ഉദ്യാനത്തേക്കാള്‍ സൂര്യപ്രകാശം വേണമെന്നതിനാല്‍ ജനാലയ്ക്കടുത്തോ സിറ്റൗട്ടിലോ വെക്കുന്നതാണ് ഉചിതം. നേരിട്ട് വെയില്‍ കൊള്ളും വിധവും വെക്കാം.ഡിഷുകള്‍ക്ക് അടിത്തട്ടിലായി ചരല്‍, കരി, നടില്‍ മിശ്രിതം എന്നിവ നിരക്കുക. ഡിഷിന്റെ 3/4 ഭാഗം ഇങ്ങനെ നിറക്കാം. ഉയരം കുറഞ്ഞ ഇനം കള്ളിച്ചെടികള്‍ ( കാക്റ്റ്‌സ്) ,സക്കുലന്റ് വിഭാഗത്തില്‍പ്പെട്ട ചെടികള്‍, ക്രിസ്റ്റാന്തസ്, ഹവോര്‍ത്തിയ തുടങ്ങിയവ ഡിഷ് ഗാര്‍ഡന് യോജിച്ചവയാണ്. ഡിഷ് ഗാര്‍ഡനുണ്ടാക്കുന്ന ചട്ടികളില്‍ വെള്ളം വാര്‍ന്നു പോകാനുള്ള ഡ്രയിനേജ് സുഷിരങ്ങള്‍ കാണാറില്ല. അതിനാല്‍ വെള്ളക്കെട്ട് ഉണ്ടാക്കാത്ത വിധം ശ്രദ്ധയോടെ വേണം നനക്കാന്‍. ഇത്തരം ചെടികള്‍ക്ക് അധികം വെള്ളം ആവശ്യവുമില്ല. ചെടികളുടെ ചുവടുഭാഗം ഉരുളന്‍ കല്ലുകള്‍ ഉപയോഗിച്ച് അലങ്കരിക്കുകയും ചെയ്യാം. ഈ അവധിക്കാലത്ത് കുപ്പിക്കുള്ളിലെ പൂന്തോട്ടവും ഡിഷ് ഗാര്‍ഡനും ഒരുക്കി വിട് കൂടുതല്‍ മനോഹരമാക്കാം. ഈ അവധിക്കാലം കമ്പ്യൂട്ടര്‍ ഗെയിമുകള്‍ക്കുമപ്പുറം ആത്മാവുള്ള വിനോദങ്ങളാകണം. ഇന്നു തന്നെ കുപ്പിക്കുള്ളിലെ പൂന്തോട്ടമൊരുക്കാന്‍ തയ്യാറായിക്കൊളൂ ... (മാധ്യമപ്രവര്‍ത്തകനും, അധ്യാപകനും ,സൈക്കോളജിസ്റ്റുമാണ് ലേഖകന്‍.9946025819 )

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)