‘ബ്ലോഗ് എഴുതാന്‍ എളുപ്പമാ, വരിയില്‍ നില്‍ക്കാനാ പാട്’; വോട്ടു ചെയ്യാന്‍ ക്യൂ നില്‍ക്കേണ്ടി വന്ന മോഹന്‍ലാലിനെ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ

തിരുവനന്തപുരം പൂജപ്പുര മുടവന്‍മുകള്‍ ഗവ എല്‍പി സ്‌കൂളില്‍ ഒരു മണിക്കൂറോളം ക്യൂ നിന്നാണ് താരം വോട്ട് രേഖപ്പെടുത്തിയത്

തൃശ്ശൂര്‍: ഇന്നലെയാണ് കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നത്. വളരെ മികച്ച പോളിങാണ് ഇത്തവണ സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. നിരവധി താരങ്ങള്‍ ഇത്തവണ വോട്ട് രേഖപ്പെടുത്തിയിരുന്നു. ആ താരങ്ങളില്‍ പ്രധാനിയായിരുന്നു മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍. 58ാം വയസില്‍ തന്റെ കന്നി വോട്ടാണ് താരം ഇന്നലെ രേഖപ്പെടുത്തിയത് എന്നാണ് ഏറെ ശ്രദ്ധേയമായ കാര്യം. തിരുവനന്തപുരം പൂജപ്പുര മുടവന്‍മുകള്‍ ഗവ എല്‍പി സ്‌കൂളില്‍ ഒരു മണിക്കൂറോളം ക്യൂ നിന്നാണ് താരം വോട്ട് രേഖപ്പെടുത്തിയത്.

ഇന്നലെ പോലീസ് ഉദ്യോഗസ്ഥര്‍ വോട്ട് ചെയ്യാനായി താരത്തെ നേരെ ബൂത്തിലേക്കാണ് കൊണ്ടു വന്നത്. എന്നാല്‍ ക്യൂവില്‍ നിന്ന ചിലര്‍ ഇതിനെതിരെ പ്രതികരിച്ചപ്പോള്‍ താരം ക്യൂ നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ അവിടം കൊണ്ട് തീര്‍ന്നില്ല കാര്യങ്ങള്‍. അപ്രതീക്ഷിതമായി വോട്ടിങ് യന്ത്രം പണി മുടക്കിയത് താരത്തിന്റെ കണക്ക് കൂട്ടല്‍ പാടേ തെറ്റിച്ചു. ഇതോടെ ഒരു മണിക്കൂറോളം ക്യൂവില്‍ നിന്നാണ് താരം വോട്ട് രേഖപ്പെടുത്തിയത്.

ഇപ്പോളിതാ ഇതിനെ ചുറ്റിപ്പറ്റി മോഹന്‍ലാലിനെതിരെ നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ വന്നിരിക്കുന്നത്. നോട്ടുനിരോധന സമയത്ത് സര്‍ക്കാരിന്റെ നീക്കത്തെ പിന്തുണയ്ക്കുകയും മദ്യശാലകള്‍ക്കും സിനിമാശാലകള്‍ക്കും ആരാധനാലയങ്ങള്‍ക്കും മുന്നില്‍ പരാതികളില്ലാതെ ക്യൂ നില്‍ക്കുന്ന നമ്മള്‍ ഒരു നല്ല കാര്യത്തിനുവേണ്ടി അല്‍പ സമയം വരിനില്‍ക്കാന്‍ ശ്രമിക്കുന്നതില്‍ കുഴപ്പമൊന്നുമില്ലെന്നാണ് അന്ന് മോഹന്‍ലാല്‍ തന്റെ ബ്ലോഗില്‍ കുറിച്ചത്. ഇത് ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ മോഹന്‍ലാലിനെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ വന്നിരിക്കുന്നത്.






Exit mobile version