ചിക്കന്‍ പോക്‌സ് രോഗം കൂടുതലായി കണ്ടുവരുന്ന സമയമാണിത്. വാരിസല്ല എന്ന വൈറസ് മൂലമാണ് ഈ രോഗം വരുന്നത്. ചിക്കന്‍ പോക്സ് വന്നാല്‍ കഞ്ഞി മാത്രമേ കഴിക്കാന്‍ പാടുള്ളു, കുളിക്കരുത് എന്നിങ്ങനെ നിരവധി തെറ്റിദ്ധാരണകള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. രോഗത്തെപ്പറ്റി നിലനില്‍ക്കുന്ന തെറ്റായ ധാരണകളെപ്പറ്റി തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുകയാണ് ഡോ. ഷിനു ശ്യാമളന്‍.
ചിക്കന്‍ പോക്സ് വന്ന ഒരു രോഗിയില്‍ നിന്നും 10-21 ദിവസത്തിന് ശേഷം ഈ രോഗം അയാളുമായി ഇടപഴകിയ മറ്റൊരാളില്‍ കാണാം. പകരുവാന്‍ സാധ്യതയേറിയ ഒരു രോഗമാണിത്.കുരുക്കള്‍ വരുന്നതിന് രണ്ടു ദിവസം മുന്‍പും, അവ പൊട്ടിയതിന് 4-5 ദിവസത്തിന് ശേഷവും അയാളില്‍ നിന്ന് രോഗം പകരാമെന്ന് ഡോ.ഷിനു ശ്യാമളന്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
‘ചിക്കന്‍ പോക്‌സും തെറ്റിദ്ധാരണകളും
ചിക്കന്‍ പോക്‌സ് ഇപ്പോള്‍ കൂടുതലായി കണ്ടുവരുന്നു. ഈ ആഴ്ച്ചയില്‍ തന്നെ 4,5 കേസുകള്‍ ഒ.പി യില്‍ കാണുകയുണ്ടായി. ഇന്ന് വന്ന രോഗിയുടെ ചിത്രമാണ് താഴെ(അദ്ദേഹത്തിന് രോഗം വന്നിട്ട് ഒരാഴ്ച്ചയായതിനാല്‍ കുരുക്കള്‍ പൊട്ടിയിട്ടുണ്ട്.)
വാരിസല്ല എന്ന വൈറസ് മൂലമാണ് ചിക്കന്‍ പോക്‌സ് ഉണ്ടാകുന്നത്. പനി, തലവേദന വിശപ്പില്ലായ്മ അനുഭവപ്പെടാം. ദേഹത്തു വെള്ളം നിറഞ്ഞ കുമിളകള്‍ പോലെയുള്ള തടിപ്പുകള്‍ കാണാം. പനിയോടൊപ്പം അത്തരം തടിപ്പുകള്‍ കണ്ടാല്‍ തീര്‍ച്ചയായും ഡോക്ടറെ കാണണം.
ചിക്കന്‍ പോക്സ് വന്ന ഒരു രോഗിയില്‍ നിന്നും 10-21 ദിവസത്തിന് ശേഷം ഈ രോഗം അയാളുമായി ഇടപഴകിയ മറ്റൊരാളില്‍ കാണാം. പകരുവാന്‍ സാധ്യതയേറിയ ഒരു രോഗമാണിത്.
കുരുക്കള്‍ വരുന്നതിന് രണ്ടു ദിവസം മുന്‍പും, അവ പൊട്ടിയതിന് 4-5 ദിവസത്തിന് ശേഷവും അയാളില്‍ നിന്ന് രോഗം പകരാം.
ഒ.പി യില്‍ ചിക്കന്‍ പോക്‌സിനെ കുറിച്ചു ആളുകള്‍ പറയുന്ന രസകരമായ കുറെ തെറ്റിദ്ധാരണകള്‍ ഉണ്ട്.അവ നമുക്ക് തിരുത്താം.
1. ചിക്കന്‍ പോക്സ് വന്നാല്‍ കഞ്ഞി മാത്രമേ കഴിക്കാവു എന്നത് തെറ്റാണ്. കഴിഞ്ഞ ദിവസം അത്തരം ഒരാളെ ഒ.പി യില്‍ കാണുകയും അദ്ദേഹതിന്റെ 5 കിലോ രണ്ടാഴ്ച്ച കൊണ്ട് കുറയുകയും ചെയ്തു. എല്ലാ ഭക്ഷണവും കഴിക്കാം. ചിക്കന്‍ പോക്സ് വന്ന ഒരാളെ പട്ടിണിയിടേണ്ട ആവശ്യമില്ല. വെള്ളവും,പച്ചക്കറികളും, പഴങ്ങളും ധാരാളമായി കൊടുക്കുക. എല്ലാം കഴിക്കാം.
2. ചിക്കന്‍ പോക്സ് വന്നാല്‍ കുളിക്കരുത് എന്നതിന്റെ ആവശ്യമില്ല.
കുളിക്കാം. ദേഹത്തു വന്ന കുരുക്കള്‍ പൊട്ടി പഴുക്കാതെ നോക്കിയാല്‍ മതി. കുളിക്കുന്നതില്‍ ഒരു കുഴപ്പവുമില്ല.
3. ചിക്കന്‍ പോക്സ് വന്നാല്‍ ഫലപ്രദമായ മരുന്നില്ല എന്നത് തെറ്റാണ്. കുത്തിവെപ്പ് 1.5 വയസുള്ള കുട്ടി മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ എടുക്കാം. രണ്ട് ഡോസാണ് കുത്തിവെപ്പ്. സര്‍ക്കാര്‍ ആശുപത്രിയില്‍ ലഭ്യമല്ല. സ്വകാര്യ ആശുപത്രിയില്‍ ഏതാണ്ട് 2000 രൂപ വരുമെന്നതിനാല്‍ സാധാരണക്കാരന് ഈ കുത്തിവെപ്പ് എടുക്കുവാന്‍ ബുദ്ധിമുട്ടുണ്ട്.
4. ചിക്കന്‍ പോക്സ് വന്ന ആള്‍ക്ക് അസൈക്ലോവീര്‍ എന്ന ഗുളിക കഴിച്ചാല്‍ ചിക്കന്‍ പോക്‌സ് സങ്കീര്‍ണതകളില്ലാതെ മാറിയേക്കാം. കുരുക്കള്‍ പൊങ്ങുമ്പോള്‍ തന്നെ അവ കഴിച്ചു തുടങ്ങുക. കൂടെ പനിയുടെ ഗുളികയും കഴിക്കുക. ചൊറിച്ചില്‍ മറ്റും ഉണ്ടെങ്കില്‍ ലോഷന്‍ ഉപയോഗിക്കാം.
ലക്ഷണങ്ങള്‍ അനുസരിച്ചു ചികില്‍സിക്കാം. ഡോക്ടറെ കണ്ടു മാത്രം ചികിത്സ തേടുക. ചിക്കന്‍ പോക്‌സ് അത്ര നിസ്സാരകാരന്‍ അല്ല.
5. ചിക്കന്‍ പോക്സ് വന്നാല്‍ ആവശ്യമായ വിശ്രമം എടുക്കുക. മറ്റുള്ളവര്‍ക്ക് പകരാതെയിരിക്കുവാന്‍ കുരുക്കള്‍ വന്നത് മുതല്‍ അവ പൊട്ടിയത് ശേഷവും 4,5 ദിവസം വീട്ടില്‍ തന്നെയിരിക്കുക.
6. കുത്തിവെപ്പ് എടുത്തയാള്‍ക്ക് ചിക്കന്‍ പോക്‌സ് വരാന്‍ ചെറിയ സാധ്യതയുണ്ട്. പക്ഷെ വന്നാല്‍ തന്നെ ചെറിയ രീതിയിലെ വരു. ഒരാള്‍ക്ക് ചിക്കന്‍ പോക്സ് വന്നാല്‍, അയാളുമായി അടുത്തു ഇടപഴകിയ ആള്‍ 72 മരിക്കൂറിനുള്ളില്‍ കുത്തിവെപ്പ് എടുക്കുന്നതാണ് നല്ലത്. 5 ദിവസത്തിനുള്ളില്‍ എടുത്താലും മതി. രോഗം മൈല്‍ഡായിട്ടെ വരെ.
7.ഒരിക്കല്‍ ചിക്കന്‍ പോക്സ് വന്നാല്‍ പിന്നീട് ജീവിതകാലം മുഴുവന്‍ പ്രതിരോധശേഷി തരാറുണ്ട്. പിന്നീട് അതേ വ്യക്തിയ്ക്ക് shingles എന്ന തരം അസുഖം വരാം. ദേഹത്തെ ചില ഭാഗങ്ങളില്‍ ധാരാളമായി കുമിളകള്‍ പോലത്തെ കുരുക്കള്‍ പൊങ്ങുക. അസഹനീയമായ വേദന അനുഭവപ്പെടാം. അത് പകരില്ല. Shingles എന്ന രോഗം പകരില്ല പക്ഷെ shingles വന്ന ആളില്‍ നിന്ന് മറ്റൊരാള്‍ക്ക് ചിക്കന്‍ പോക്‌സ് വരാം.
8.കുട്ടികള്‍ക്ക് കൊടുക്കുന്ന കുത്തിവെപ്പില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഇവ ഇല്ല. ചിക്കന്‍ പോക്‌സിന്റെ കുത്തിവെപ്പ് സ്വാകാര്യ ആശുപത്രിയില്‍ മാത്രമേ ലഭ്യമുള്ളു.’
Discussion about this post