കാസര്‍കോഡ്: പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടിലെത്തിയ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് കരഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ച തന്നെ സമൂഹമാധ്യമങ്ങളില്‍ നടന്നു.കുറ്റപ്പെടുത്തിക്കൊണ്ടുള്ള കമന്റുകള്‍ വരെ വന്നു.
ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് അനു എബിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ‘നീയൊരു ആണ്‍കൊച്ച് അല്ലേ, കരയരുത് ‘ എന്ന് പഠിപ്പിക്കുന്ന സമൂഹത്തില്‍ നിന്നും നമ്മള് ഇനിയും മാറേണ്ടിയിരിക്കുന്നു, ആ വികാരം മനുഷ്യരായി പിറന്നവര്‍ക്ക് സ്വാഭാവികം ആയി വരുന്ന ഒന്ന് തന്നെയല്ലേ? പിന്നെന്തിന് ആണുങ്ങള് കരയുമ്പോള്‍ തടുക്കണമെന്ന് അനു ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
‘അപ്പന്റെ ആത്മമിത്രമായിരുന്നു പ്രേമചന്ദ്രന് എന്ന പ്രേമന് അങ്കിള്‍. രണ്ടുപേരും കോട്ടയത്ത് വക്കീലായി പ്രാക്ടീസ് തുടങ്ങിയ കാലം മുതലുള്ള ബന്ധം. ഏത് കാര്യത്തിലും പപ്പാ രണ്ടാമതൊരു അഭിപ്രായം ചോദിക്കുന്നത് അങ്കിളിനോടാണ്. ആ കുടുംബം ഞങ്ങളുടെ സ്വന്തം പോലെ തന്നെ. ഞാന്‍ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് അങ്കിളിനു അസുഖം കൂടി മരിക്കുന്നത്. അന്ന് അപ്പന് എന്നെ കാണാന്‍ ബാംഗ്ലൂര്‍ വന്നിരിക്കുകയാണ്. തിരികെ വരാന്‍ ട്രെയിന്‍ ടിക്കറ്റ് എടുത്തു. ഞങ്ങള്‍ എത്തിയിട്ടേ കര്‍മങ്ങള്‍ തുടങ്ങൂ. പക്ഷേ, ട്രെയിന്‍ തൃശൂര്‍ എത്തിയപ്പോള്‍ താമസം.
ഒരു മണിക്കൂര്‍ അവിടെ വൈകിയപ്പോള്‍ ഞാന്‍ ചോദിച്ചു, ‘നമ്മള് ചെല്ലുമ്പോ വൈകുമല്ലോ, പപ്പാക്ക് വിഷമം ആകുമോ? ‘എന്ന്. അന്നാണ് ജീവിതത്തില്‍ ആദ്യമായ് അപ്പന്റെ കണ്ണ് നിറഞ്ഞു കാണുന്നത്. ‘ഒന്ന് കണ്ടില്ലേല്‍ വിഷമമാകും ‘എന്ന് മാത്രം പറഞ്ഞു.
കോട്ടയത്ത് ട്രെയിന്‍ ഇറങ്ങി ഒരു ഓട്ടോയില്‍ ഞങ്ങള്‍ മുട്ടമ്പലത്തുള്ള ആ വീട്ടില്‍ എത്തി. ‘ഓട്ടോക്കൂലി നീ കൊടുത്തേരെ’, എന്ന് എന്നോട് പറഞ്ഞിട്ട് പപ്പാ വേഗത്തില്‍ വീട്ടിലെക്കു നടന്നു. ഞാന്‍ പിന്നാലെ ചെല്ലുമ്പോള്‍ കാണുന്നത്, അങ്കിളിനെ കിടത്തിയിരിക്കുന്ന മുറിയുടെ അകത്തേക്കു കയറാനാവാതെ പുറത്തു ഭിത്തിയില്‍ പിടിച്ചു പൊട്ടിക്കരയുന്ന പപ്പായെ ആണ്. ഒട്ടനവധി വക്കീലുമാരും, അപ്പന്റെ ജൂനിയര്‍മാരും ഒക്കെ നോക്കി നില്‍ക്കേ തന്നെ. അപ്പന്റെ അങ്ങനെ ഒരു മുഖം അതിനു മുന്‍പോ ശേഷമോ ഞാന്‍ കണ്ടിട്ടില്ല !.
എത്ര മനക്കട്ടിയുള്ള മനുഷ്യനും തളര്‍ന്നു പോകുന്ന സംഭവങ്ങള്‍ ജീവിതത്തില്‍ ഉണ്ടാകും. താഴത്തെ ചിത്രത്തില്‍ കാണുന്ന രംഗം ടീവിയില്‍ കണ്ടപ്പോള്‍ അത് തന്നെയാണ് തോന്നിയതും. പക്ഷേ, ആ വാര്ത്തക്കടിയില് വന്ന കമന്റുകള്‍ വായിച്ചു അതിശയിച്ചു പോയി. ‘നീയൊരു ആണ്‍കൊച്ച് അല്ലേ, കരയരുത് ‘ എന്ന് പഠിപ്പിക്കുന്ന സമൂഹത്തില്‍ നിന്നും നമ്മള് ഇനിയും മാറേണ്ടിയിരിക്കുന്നു. ആ വികാരം മനുഷ്യരായി പിറന്നവര്‍ക്ക് സ്വാഭാവികം ആയി വരുന്ന ഒന്ന് തന്നെയല്ലേ? പിന്നെന്തിന് ആണുങ്ങള് കരയുമ്പോള്‍ തടുക്കണം!’
Discussion about this post