ലിസ്ബന് : ഫെയ്സ്ബുക്കിന്റെ റീബ്രാന്‍ഡിങ്ങിനും സിഇഒ മാര്‍ക്ക് സക്കര്ബര്ഗിനുമെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ജീവനക്കാരി ഫ്രാന്‍സസ് ഹോഗന്. സുരക്ഷാ പ്രശ്നങ്ങള്‍ പരിഹരിക്കാതെ റീബ്രാന്‍ഡിങ് നടത്തിയിട്ട കാര്യമില്ലെന്ന് പോര്‍ച്ചുഗല്‍ തലസ്ഥാനമായ ലിസ്ബനില്‍ നടന്ന വെബ് ഉച്ചകോടിയില്‍ ഹോഗന് പറഞ്ഞു.
ഫെയ്സ്ബുക്കിന്റെ സുരക്ഷാ വീഴ്ചകള്‍ സംബന്ധിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് ശേഷം വിസില്‍ ബ്ലോവറായ ഹോഗന് നടത്തുന്ന ആദ്യ പ്രസ്താവനയാണിത്.”മാര്‍ക്ക് സക്കര്‍ബര്‍ഗ് രാജി വയ്ക്കുന്നതാണ് നല്ലത്. സക്കര്‍ബര്‍ഗ് സിഇഒ ആയി ഇരിക്കുന്നിടത്തോളം കമ്പനി ഇതേ രീതിയില്‍ തന്നെയായിരിക്കും പ്രവര്‍ത്തിക്കുക. സുരക്ഷയെക്കുറിച്ച് കൂടുതല്‍ ധാരണയുള്ള ഒരാള്‍ തലപ്പത്തേക്ക് എത്തിയാല്‍ കമ്പനിക്ക് ഗുണമാകും.” അവര്‍ ചൂണ്ടിക്കാട്ടി. വര്‍ഷങ്ങളായി കമ്പനിയുടെ വികസനം മാത്രമാണ് നടക്കുന്നതെന്നും ഫെയ്സ്ബുക്ക് മൂലമുണ്ടായ കുഴപ്പങ്ങള്‍ പരിഹരിക്കുന്നതിന് കമ്പനി തെല്ലും വില നല്‍കിയിട്ടില്ലെന്നും ഹോഗന് കൂട്ടിച്ചേര്‍ത്തു.
അടുത്തിടെയാണ് കമ്പനി റീബ്രാന്‍ഡിങ് നടത്തുന്നതായി ഫെയ്സ്ബുക്ക് അറിയിച്ചത്. ഇതേത്തുടര്‍ന്ന് മാതൃകമ്പനിയുടെ പേര് മെറ്റ എന്നാക്കുന്നുവെന്നും കഴിഞ്ഞയാഴ്ച സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് അറിയിച്ചിരുന്നു. ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സ് ആപ്പ് തുടങ്ങിയ ആപ്പുകളുടെ പേരുകള്‍ മാറില്ലെന്നും ഇവ ഇനി മെറ്റയുടെ കീഴിലായിരിക്കുമെന്നുമാണ് കമ്പനി അറിയിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങള്‍ ഉണ്ടാക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആഭ്യന്തര റിപ്പോര്‍ട്ടുകള്‍ ഫെയ്സ്ബുക്ക് സ്ഥിരമായി അവഗണിച്ചെന്ന വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെയായിരുന്നു പേരുമാറ്റം.
Discussion about this post