പൂര്‍ണമായും വീഡിയോ ആപ്ലിക്കേഷനാവുക എന്ന ഉദ്ദേശത്തോടെ വീഡിയോ ഫോര്‍മാറ്റുകളില്‍ മാറ്റം വരുത്താനൊരുങ്ങി ഇന്‍സ്റ്റഗ്രാം. ഇതിന്റെ ഭാഗമമെന്നോണം ഐജിടിവിയെയും ന്യൂസ് ഫീഡ് വീഡിയോകളെയും ഇന്‍സ്റ്റഗ്രാം വീഡിയോ എന്ന പേരില്‍ ഒന്നിപ്പിക്കും.
ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ളവ മുതല്‍ ഒരു മണിക്കൂര്‍ നീളമുള്ള വീഡിയോകള്‍ വരെ ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ പോസ്റ്റ് ചെയ്യാനാകും. ഇതിനായി ഉപഭോക്താവിന്റെ അക്കൗണ്ടില്‍ പുതിയ വീഡിയോ ടാബ് ഉടന്‍ തന്നെ ആവിഷ്‌കരിക്കും. ഇസ്റ്റഗ്രാം വീഡിയോയില്‍ യൂട്യൂബിലെന്ന പോലെ ഫുള്‍സ്‌ക്രീന്‍ ഓപ്ഷനും ലഭ്യമാവും.
2018ലാണ് ഇന്‍സ്റ്റഗ്രാം ദൈര്‍ഘ്യമുള്ള വീഡിയോകള്‍ക്കായി ഐജിടിവി അവതരിപ്പിച്ചത്. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോകള്‍ ന്യൂസ് ഫീഡിലും ഒരു മണിക്കൂറോളം ദൈര്‍ഘ്യമുള്ളവ ഐജിടിവിയിലും നല്‍കുക എന്നതായിരുന്നു ഉദ്ദേശം. ഐജിടിവിക്ക് വേണ്ടി പ്രത്യേക ആപ്ലിക്കേഷനും ഇന്‍സ്റ്റഗ്രാം അവതരിപ്പിച്ചിരുന്നു.
2020ല്‍ റീല്‍സ് കൂടി അവതരിപ്പിച്ചതോടെ ഇന്‍സ്റ്റഗ്രാമില്‍ ന്യൂസ് ഫീഡ് വീഡിയോ, റീല്‍സ് വീഡിയോ, ഐജിടിവി വീഡിയോ എന്നിങ്ങനെ മൂന്ന് തരം വീഡിയോ ഫോര്‍മാറ്റുകള്‍ സൃഷ്ടിക്കപ്പെട്ടു. ഈ രീതി ഒഴിവാക്കുന്നതിനും ഉള്ളടക്കങ്ങളെ ഒറ്റ പ്ലാറ്റ്‌ഫോമിലേക്ക് കേന്ദ്രീകരിക്കുന്നതിനുമാണ് പുതിയ നീക്കം. അതേസമയം റീല്‍സിനെ പ്രത്യേക വിഭാഗമായിത്തന്നെ തുടരാനനുവദിക്കും.
പുതിയ നടപടിയിലൂടെ വീഡിയോ ഉള്ളടക്കങ്ങളില്‍ നിന്നും പരസ്യ വരുമാനം നേടാനുള്ള ശ്രമത്തിലാണ് കമ്പനി. ഇതിനായി വീഡിയോ ക്രിയേറ്റര്‍മാര്‍ക്ക് പരമാവധി പ്രോത്സാഹനം നല്‍കുമെന്നാണ് ഫേസ്ബുക്കിന്റെ പ്രഖ്യാപനം. വരും വര്‍ഷം മുതല്‍ ഇന്‍സ്റ്റഗ്രാമിലെ വീഡിയോ ക്രിയേറ്റര്‍മാര്‍ക്ക് പ്രതിഫലം നല്‍കുമെന്നാണ് ഫേസ്ബുക്ക് അറിയിച്ചിരിക്കുന്നത്.