കാലിഫോര്‍ണിയ : തെറ്റായ വാര്‍ത്തകള്‍ നല്‍കി ഫേസ്ബുക്ക് പോലുള്ള സമൂഹമാധ്യമങ്ങള്‍ ജനങ്ങളെ കൊല്ലുകയാണെന്ന ജോ ബൈഡന്റെ വിമര്‍ശനത്തിന് മറുപടിയുമായി ഫേസ്ബുക്ക്. അമേരിക്ക കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാത്തതിന് തങ്ങള്‍ ഉത്തരവാദികളല്ലെന്ന് ഫേസ്ബുക്ക് അറിയിച്ചു.
കോവിഡ് വാക്‌സീനുകളെ സംബന്ധിച്ച് ഫേസ്ബുക്കിലൂടെയും മറ്റും പ്രചരിക്കുന്ന തെറ്റായ വിവരങ്ങള്‍ ജനങ്ങളെ വാക്‌സീന്‍ എടുക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നു എന്നതായിരുന്നു ബൈഡന്റെ ആരോപണം. ഇത്തരം വാര്‍ത്തകള്‍ പ്രചരിക്കുന്നത് തടയാന്‍ കമ്പനികള്‍ കര്‍ശന നടപടികളൊന്നും തന്നെ സ്വീകരിക്കുന്നില്ലെന്നും ഗവേഷകരും നിയമനിര്‍മാതാക്കളും ആരോപിച്ചിരുന്നു.
ഇതിന് മറുപടിയെന്നോണം വസ്തുതകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഫേസ്ബുക്കിന്റെ മറുപടി.”അമേരിക്കയിലെ ഫേസ്ബുക്ക് ഉപഭോക്താക്കളില്‍ 85ശതമാനം പേരും വാക്‌സീന്‍ എടുത്തവരോ എടുക്കാന്‍ താല്പര്യപ്പെടുന്നവരോ ആണ്. ജൂലൈ നാലിനകം 70ശതമാനം പേരെ വാക്‌സിനേറ്റ് ചെയ്യുക എന്നതായിരുന്നു ബൈഡന്റെ ലക്ഷ്യം. ഇത് സാധ്യമാകാത്തതിന് ഞങ്ങള്‍ ഉത്തരവാദികളല്ല.” ഔദ്യോഗിക പ്രസ്താവനയില്‍ ഫേസ്ബുക്ക് അറിയിച്ചു.
കോവിഡുമായി ബന്ധപ്പെട്ടുള്ള വ്യാജപ്രചരണങ്ങള്‍ തടയാന്‍ കമ്പനി നിയമങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും ഫേസ്ബുക്ക് വ്യക്തമാക്കി.
Discussion about this post