ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഐടി ചട്ടങ്ങളുടെ ഭാഗമായി വിനയ് പ്രകാശിനെ പുതിയ പരാതി പരിഹാര ഓഫീസറായി നിയമിച്ച് ട്വിറ്റര്‍ ഇന്ത്യ. പരാതി പരിഹാര ഓഫീസറായി (റസിഡന്റ് ഗ്രീവന്‍സ് ഓഫീസര്‍) ഇന്ത്യയില്‍ നിന്നുള്ളവര്‍ തന്നെ വേണമെന്ന കേന്ദ്രനിര്‍ദേശത്തെത്തുടര്‍ന്നാണ് നടപടി.ഐടി ചട്ടത്തിലെ മറ്റൊരു ആവശ്യകതയായിരുന്ന ഇന്ത്യയിലെ ഉപയോക്താക്കളുടെ പരാതികള്‍ കൈകാര്യം ചെയ്യുന്നതിനെ കുറിച്ചുള്ള ഒരു സുതാര്യ റിപ്പോര്‍ട്ടും ട്വിറ്റര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പുതുതായി രൂപീകരിച്ച ഐടി ചട്ടം അനുസരിച്ച് ഇന്ത്യയില്‍ താമസിക്കുന്നയാളെയാണ് പരാതി പരിഹാരത്തിനായി നിയമിക്കേണ്ടത്. കേന്ദ്രവുമായി കൊമ്പുകോര്‍ത്തെങ്കിലും പിന്നീട് ധര്‍മേന്ദ്ര ചതുറിനെ പരാതി പരിഹാര ഉദ്യോഗസ്ഥനായി ട്വിറ്റര്‍ ഇന്ത്യ നിയമിച്ചു. എന്നാല്‍ ജൂണ്‍ 27ന് അദ്ദേഹം രാജിവെച്ചു. ഇതോടെ യുഎസ് പൗരനായ ജെറമി കെസ്സെലിനെ നിയമിച്ചെങ്കിലും ഇത് നിയമവിരുദ്ധമാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു.
പരാതി പരിഹാര ഓഫീസറെ നിയമിക്കാന്‍ എട്ടാഴ്ച എടുക്കുമെന്നാണ് കഴിഞ്ഞ ദിവസം ട്വിറ്റര്‍ ഇന്ത്യ കോടതിയെ അറിയിച്ചിരുന്നത്. ഉദ്യോഗസ്ഥരുടെ നിയമനത്തിന് സര്‍ക്കാര്‍ സമയം നല്‍കിയിട്ടും നിയമങ്ങള്‍ പാലിക്കാത്ത നടപടിക്കെതിരെ ഹൈക്കോടതിയുടെ വിമര്‍ശനവും ട്വിറ്റര്‍ ഏറ്റുവാങ്ങിയിരുന്നു. പുതിയ ഐടി ചട്ടങ്ങള്‍ നടപ്പാക്കാത്തതിന് കേന്ദ്രസര്‍ക്കാര്‍ നടപടിയെടുത്താല്‍ സംരക്ഷണം നല്‍കില്ലെന്നും രാജ്യത്ത് പ്രവര്‍ത്തിക്കണമെങ്കില്‍ നിയമം അനുസരിച്ചേ മതിയാകൂ എന്നുമായിരുന്നു ഡല്‍ഹി ഹൈക്കോടതി അറിയിച്ചത്.
Discussion about this post