ന്യൂഡല്‍ഹി : പുതിയ ഐടി ചട്ടങ്ങള്‍ നടപ്പാക്കാത്തതിന് കേന്ദ്രസര്‍ക്കാര്‍ നടപടിയെടുത്താല്‍ സംരക്ഷണം നല്‍കില്ലെന്ന് ട്വിറ്ററിനോട് ഡല്‍ഹി ഹൈക്കോടതി.രാജ്യത്ത് പ്രവര്‍ത്തിക്കണമെങ്കില്‍ നിയമം അനുസരിച്ചേ മതിയാകൂ എന്ന് ജസ്റ്റിസ് രേഖ വ്യക്തമാക്കി.
ഐടി ചട്ടങ്ങള്‍ പ്രകാരം സ്ഥിരം പരാതി പരിഹാര ഓഫീസറെ നിയമിക്കാന്‍ എട്ടാഴ്ചത്തെ സമയം വേണമെന്ന ട്വിറ്ററിന്റെ ആവശ്യത്തില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു. താല്‍ക്കാലിക പരാതി പരിഹാര ഓഫീസറെ ഈ മാസം 11നുള്ളിലും താല്‍ക്കാലിക നോഡല്‍ ഓഫീസറെ രണ്ടാഴ്ചയ്ക്കുള്ളിലും നിയമിക്കുമെന്ന് ട്വിറ്റര്‍ കോടതിയെ അറിയിച്ചു. ഇടക്കാല കംപ്ലയന്‍സ് ഓഫീസറെ രണ്ട് ദിവസം മുമ്പ് നിയമിച്ചതായും ട്വിറ്റര്‍ അറിയിച്ചു.ഇത്തരത്തില്‍ താല്‍ക്കാലികമായി നിയമിക്കപ്പെടുന്നവര്‍ എല്ലാ ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കുമെന്ന് അറിയിച്ച് സത്യവാങ്മൂലം നല്‍കണമെന്ന് കോടതി പറഞ്ഞു. ഈ മാസം 28ന് കേസ് വീണ്ടും പരിഗണിക്കും.
പുതുതായി രൂപീകരിച്ച ഐടി ചട്ടം അനുസരിച്ച് ഇന്ത്യയില്‍ താമസിക്കുന്നയാളെയാണ് പരാതി പരിഹാരത്തിനായി നിയമിക്കേണ്ടത്. കേന്ദ്രവുമായി കൊമ്പുകോര്‍ത്തെങ്കിലും പിന്നീട് ധര്‍മേന്ദ്ര ചതുറിനെ പരാതി പരിഹാര ഉദ്യോഗസ്ഥനായി ട്വിറ്റര്‍ ഇന്ത്യ നിയമിച്ചു. എന്നാല്‍ ജൂണ്‍ 27ന് അദ്ദേഹം രാജിവെച്ചു. ഇതോടെ യുഎസ് പൗരനായ ജെറമി കെസ്സെലിനെ നിയമിച്ചെങ്കിലും ഇത് നിയമവിരുദ്ധമാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു.
Discussion about this post