ന്യൂഡല്‍ഹി : പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ ട്വീറ്റ് നീക്കം ചെയ്തതിനെത്തുടര്‍ന്നുണ്ടായ ട്വിറ്റര്‍ നിരോധനത്തിന് പിന്നാലെ ഇന്ത്യയുടെ ‘കൂ’ വിന് നൈജീരിയയില്‍ പ്രവേശനം.
നൈജീരിയയിലെ ബ്രോഡ്കാസ്റ്റിംഗ് റെഗുലേറ്ററായ നാഷണല്‍ ബ്രോഡ്കാസ്റ്റിംഗ് കമ്മിഷന്‍ എല്ലാ പ്രാദേശിക പ്രക്ഷേപണ കേന്ദ്രങ്ങളും അവരുടെ ട്വിറ്റര്‍ ഉപടോഗം താല്ക്കാലികമായി നിര്‍ത്താന്‍ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് നൈജീരിയയില്‍ കൂ ലഭ്യമാണെന്ന് കൂവിന്റെ സ്ഥാപകനും സിഇഒയുമായ അപ്രമേയ രാധാകൃഷ്ണ ട്വീറ്റ് ചെയ്തത്. നൈജീരിയയിലെ പ്രദേശിക ഭാഷകളില്‍ കൂ ലഭ്യമാക്കാന്‍ തങ്ങള്‍ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ട്വിറ്ററിന്റെ ഭാഗത്ത് നിന്ന് ചര്‍ച്ചകള്‍ക്ക് ശ്രമമുണ്ടായെന്ന് നൈജീരിയന്‍ സര്‍ക്കാര്‍ അറിയിച്ചു. നൈജീരിയയുടെ പരമാധികാരം സര്‍ക്കാരിന് പ്രധാനമാണെന്ന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കള്‍ച്ചറല്‍ മന്ത്രി ലെ മുഹമ്മദ് പറഞ്ഞു. നൈജീരിയയുടെ വളര്‍ച്ചയ്‌ക്കോ കോര്‍പ്പറേറ്റ് നിലനില്‍പ്പിനോ വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്കായി ട്വിറ്റര്‍ അതിന്റെ പ്‌ളാറ്റ്‌ഫോം ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.