തൃശ്ശൂര്‍: സംസ്ഥാനത്ത് കൊവിഡ് സമ്പര്‍ക്ക രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുമ്പോഴും, കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതെ, സാഹചര്യത്തെ ഒട്ടും ഗൗരവത്തോടെ കാണാതെ തീര്‍ത്തും നിസാരമായി കാണുന്നവര്‍ നിരവധിയാണ്. മാസ്‌ക് ഉപോഗിക്കണമെന്നും ഉപയോഗിച്ചവ വലിച്ചെറിയരുതെന്നും നിരന്തരം പറയുമ്പോഴും ഇവയെല്ലാം കാറ്റില്‍ പറത്തിയാണ് ചിലരുടെ പ്രവര്‍ത്തികള്‍.
ഇത്തരക്കാരെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് കെഎസ്ആര്‍ടിസി കണ്ടക്ടറായ വിനീത വിജയന്‍ എന്ന യുവതി. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറുപ്പിലൂടെയാണ് വിനീതയുടെ വിമര്‍ശനം.
ഫേസ്ബുക്ക് പോസ്റ്റ്:
ഈ കാഴ്ച നിങ്ങളുകൂടെ കാണേണ്ടതാണ്. ഇന്നലെ ഡ്യൂട്ടി കഴിഞ്ഞ് ബസ് ചെക്ക് ചെയ്യുമ്പോള്‍ കണ്ടതാണ്. സത്യം പറയട്ടെ, ഒരു തരം വിഷമം വന്ന് കണ്ണ് നിറയുകയാണുണ്ടായത്. പൊതുവിടങ്ങളില്‍ നിങ്ങളിങ്ങനെ വലിച്ചെറിയുന്ന ഗ്ലൗസും മാസ്‌ക്കുമെല്ലാം വൈറസ് വാഹകരാവാം എന്ന് എത്രയോ തവണ പറഞ്ഞ് കഴിഞ്ഞതാണ്, ആരോഗ്യ ഭീഷണി സൃഷ്ടിക്കും എന്ന് ആരോഗ്യ വകുപ്പും ബഹുമാനപ്പെട്ട ആരോഗ്യ മന്ത്രിയും ഒക്കെ എത്രയോ സന്ദേശങ്ങളില്‍ പറഞ്ഞിരിക്കുന്നു! എന്നിട്ടും ഇങ്ങനെയൊക്കെ.
വെളുപ്പിനേ വന്ന്, മെഷീനും റാക്കും വാങ്ങി മാസ്‌ക്കും കയ്യുറയുമിട്ട്, ബസിലേക്ക് കയറി തുടങ്ങുന്ന ആദ്യ ട്രിപ്പ് മുതല്‍ അങ്കം തുടങ്ങുകയാണ്.എവിടേക്കാണ് എന്ന് ചോദിക്കുമ്പോള്‍ തന്നെ ഇട്ടിരിക്കുന്ന മാസ്‌ക് വലിച്ച് താഴേക്ക് താഴ്ത്തി ഉത്തരം പറയുന്ന ആദ്യ കൂട്ടര്‍.മാസ്‌ക് കയറ്റിയിടൂ എന്ന് പറയുമ്പോള്‍ ചോദിച്ചിട്ടല്ലെ പറഞ്ഞതെന്നാണ്, പറയാന്‍ മാസ്‌ക് മാറ്റണ്ടേ എന്നാണ്! ചോദിക്കാതെ നിങ്ങള്‍ക്ക് പോകാനുള്ള സ്ഥലം അറിയാന്‍ എന്തെങ്കിലും സംവിധാനം ഞങ്ങളുടെ etm മഷീനില്‍ ഉണ്ടായിരുന്നുവെങ്കില്‍ ഞങ്ങളാരും ചോദിക്കില്ലായിരുന്നോ സുഹൃത്തുക്കളേ.
പിന്നെ ഒരു കൂട്ടരുണ്ട്, താടിയിലൂടെയാണ് കൊറോണ പകരുന്നതെന്ന് കരുതിയാണോ എന്തോ അങ്ങനൊരു ആഭരണമായാണ് മാസ്‌ക് ഇട്ട് കയറുക. കയറ്റി ഇടാന്‍ പറഞ്ഞാല്, ഉള്ള ദേഷ്യം മുഴുവന്‍ മുഖത്തേയ്ക്ക് ആവാഹിച്ച് ഒരു നോട്ടമുണ്ട്.ഇല്ലാതെ പറ്റില്ല എന്ന കട്ടായം പറയലിലാണ് എന്തൊക്കെയോ പിറുപിറുത്തു അവരതൊന്ന് കയറ്റി ഇടുക.
അപൂര്‍വമായി മറ്റ് ചിലരുണ്ട്. കഴിഞ്ഞ ആഴ്ച തൃശ്ശൂര്‍ നിന്ന്, ഏകദേശം ഫുള്‍ സീറ്റിങ് ആയാണ് വണ്ടി എടുത്തത്. ടിക്കറ്റ് കൊടുത്ത് പുറകില്‍ എത്തിയപ്പോഴാണ് ഒരു പയ്യന്‍ മാസ്‌ക് ഇല്ലാതെ ഇരിക്കുന്നത് കണ്ടത്. അടുത്തിരിക്കുന്ന യാത്രക്കാരനാണ് അയാളെ ചൂണ്ടിക്കാണിച്ച് മാസ്‌ക് ഇടാന്‍ പറയൂ എന്നെന്നോട് പറഞ്ഞത്. ഒട്ടൊരു അത്ഭുതത്തോടെയാണ് ഞാനവനോട് എന്താ മാസ്‌ക് ഇടാത്തത്, മാസ്‌ക് എടുത്തിടൂ എന്ന് പറഞ്ഞത്.
മാസ്‌ക് ഇല്ലെന്ന് ഉത്തരം! കര്‍ച്ചീഫ് എങ്കിലും എടുത്ത് കെട്ടൂ എന്ന് പറഞ്ഞപ്പോള്‍ എന്റെ കയ്യിലൊന്നുമില്ല എന്ന് ചെറിയൊരു ദേഷ്യത്തോടെയാണ് ഉത്തരം. അതില്ലാതെ പറ്റില്ല, ഇവിടെ നിര്‍ത്താം ഇറങ്ങികോളാന്‍ പറഞ്ഞ് സിംഗിള്‍ അടിച്ചപ്പോള്‍ പോക്കറ്റില്‍ നിന്ന് മാസ്‌ക് എടുത്തിടുന്നു അവിടം കൊണ്ടും തീര്‍ന്നില്ല, ഇറങ്ങാനുള്ള സ്റ്റോപ്പ് എത്തിയപ്പോള്‍ എണീറ്റ് വന്ന്, നമ്മളെ ഒന്ന് നോക്കിയിട്ട് മാസ്‌ക് അഴിച്ച് പോക്കറ്റില്‍ ഇട്ടിട്ട് ഒരു പുച്ഛച്ചിരി.എന്റെ പൊന്നു കുഞ്ഞേ, ഈ അവസരത്തില്‍ ഇതിനൊക്കെ വിഡ്ഢിത്തം എന്ന ഒറ്റ വാക്കെ പറയാനുള്ളൂ!
ഗുരുവായൂര്‍, അങ്കമാലി തുടങ്ങിയ ഡിപ്പോകളിലെ കണ്ടക്ടര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു എന്ന വാര്‍ത്ത, ഏറെ സങ്കടത്തോടെ അങ്കലാപ്പോടെ ഒക്കെയാണ് കേട്ടത്. അവരിലൂടെ ആര്‍ക്കും വരാതിരിക്കട്ടെ, അവര്‍ക്ക് വേഗം സുഖമാവട്ടെ എന്നതിനപ്പുറം ഒന്നും ചിന്തിക്കാന്‍ കഴിയാതെ നിസ്സഹായയായി ഇരുന്ന് പോയരാവും അധികം സഹപ്രവര്‍ത്തകരും!
അവരുടെ സമ്പര്‍ക്ക പട്ടിക എടുക്കുക എന്നത് എത്ര ബുദ്ധിമുട്ട് ഉള്ള കാര്യമാണ് എന്നാണ് ഓര്‍ത്തത്. യാത്ര ചെയ്യുന്ന KSRTC ബസിന്റെ നമ്പറും മറ്റും എത്ര പേര്‍ സൂക്ഷിച്ച്/ ഓര്‍മ്മിച്ചു വയ്ക്കും!അത് കൊണ്ട് തന്നെ, പറഞ്ഞു വന്നതിനോട് ചിലത് കൂട്ടിച്ചേര്‍ക്കേണ്ടതുണ്ടെന്ന് കരുതുന്നത്.
ഒരുപാട് പരിമിതികള്‍ക്കുള്ളില്‍ നിന്നാണ് ഇന്ന് പൊതുഗതാഗതം പ്രവര്‍ത്തിക്കുന്നത്. ഏറ്റവും ഹൈ റിസ്‌ക് കാറ്റഗറിയില്‍ കണക്കാക്കേണ്ട ഓപ്പറേറ്റിംഗ് വിഭാഗം ജീവനക്കാര്‍, കാര്യമായ സുരക്ഷാസംവിധാനങ്ങള്‍ ഒന്നുമില്ലാതെ തന്നെയാണ് പലരും ജോലി എടുക്കുന്നത്. ഒരു കണ്ടക്ടര്‍ എത്രയോ പേരുമായാണ് ഒരു ദിവസം ഡയറക്ട് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നത്
പൊതുഗതാഗതം ഉപയോഗിക്കുന്നവര്‍ ചില കാര്യങ്ങളില്‍ കുറച്ച് കൂടെ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. പരിമിതമായ അറിവില്‍ നിന്ന് പറയുന്നതാണ്.
കുറിച്ച് വയ്‌ക്കേണ്ട ചിലത്:
1. യാത്ര ചെയ്യുന്ന തീയതി 2. യാത്ര ചെയ്യുന്ന KSRTC ബസിന്റെ നമ്പര്‍. (KL 15.. എന്ന് തുടങ്ങുന്നതല്ല, മറിച്ച് ബസിന്റെ ഉള്ളില്‍ ഏറ്റവും മുന്‍ഭാഗത്ത് ആയി എഴുതിയിരിക്കുന്ന നമ്പര്‍ (ഉദാ: RSC 839, RAC 421..)) 3. എവിടെ നിന്ന്, എങ്ങോട്ട് 4. ബസില്‍ കയറിയ സ്റ്റോപ്പും, കയറിയ സമയവും. 5. പറ്റുമെങ്കില്‍ ഏതു ഡിപ്പോ എന്ന് കൂടെ കുറിച്ചാല്‍ നന്നാവും… ഡിപ്പോ കോഡ്, ബസിന്റെ ഉള്ളില്‍ ഏറ്റവും മുന്‍പില്‍ ഇടത് വശത്തായി ഉണ്ടാകും… (EKM, TSR എന്നിങ്ങനെ)
ഏതെങ്കിലും സാഹചര്യത്തില്‍, പെട്ടെന്ന് ഒരു ക്വാറന്റൈന്‍ നിര്‍ദേശം വന്നാല്‍ ഇതെല്ലാം ഉപകാരപ്പെടും. ഇത്രയൊക്കെ പറഞ്ഞെങ്കിലും, ഇതിലൊന്ന് പോലും ചെയ്യാന്‍ കഴിയാത്ത സാധാരണക്കാരില്‍ സാധാരണക്കാര്‍ ആണ് പകുതിയിലധികവും.
അതുകൊണ്ട്;
1. മാസ്‌ക് കൃത്യമായി വയ്ക്കാന്‍ ശീലിക്കുക. 2. ഇടയ്ക്ക് ഇടയ്ക്ക് മാസ്‌ക് താഴ്ത്തി സംസാരിക്കുന്ന പ്രവണത ഒഴിവാക്കുക. 3. സാനിട്ടൈസര്‍ കയ്യില്‍ കരുതുക. ഇടയ്ക്ക് ഇടയ്ക്ക് ഉപയോഗിക്കുക.
ചിലത് കൂടെ പറഞ്ഞ് പോകട്ടെ. 1. അണ്ടര്‍ വെയറിന്റെ പോക്കറ്റില്‍ നിന്ന് പണം എടുത്ത് കണ്ടക്ടര്‍ക്ക് നേരെ നീട്ടുന്ന ഏര്‍പ്പാട് ഭയങ്കര ബോര്‍ ആണ് ട്ടോ. അതുപോലെ വായില്‍ വിരല്‍ തൊട്ട് നോട്ട് എണ്ണി തരുന്നതും. അത് കൈ നീട്ടി വാങ്ങേണ്ടി വരുന്നവര്‍ മനുഷ്യര്‍ തന്നെയാണെന്ന മിനിമം പരിഗണന അവര്‍ക്ക് നല്‍കണം.
2. കഴിയുന്നതും ചില്ലറ/ ചേഞ്ച് ആയി തന്നെ ടിക്കറ്റ് ഫെയര്‍ കയ്യില്‍ കരുതുക.നോട്ട് കൈമാറ്റം കുറയ്ക്കാമല്ലോ. 3. നിങ്ങള്‍ ഉപയോഗിക്കുന്ന മാസ്‌ക്, തൂവാല, ഗ്ലൗസ് എന്നിവയൊന്നും ഒരിക്കലും ബസില്‍ ഉപേക്ഷിച്ച് പോകാതിരിക്കുക.
4. ബസിനകത്ത് ഇരുന്നുള്ള ഭക്ഷണം കഴിക്കല്‍/ സ്‌നാക്ക്‌സ് കൊറിക്കല്‍ എന്നിവ ഈ അവസരത്തിലെങ്കിലും ഉപേക്ഷിക്കുക. 5. പൊതു ഇടങ്ങളില്‍ തുപ്പുന്ന ശീലം ഉപേക്ഷിക്കുക. അപൂര്‍വം ചിലരെങ്കിലും മാസ്‌ക് താഴ്ത്തി, വിന്‍ഡോയിലൂടെ പുറത്തേയ്ക്ക് തുപ്പുന്നതു കാണാം.
6. നിന്നുള്ള യാത്ര അനുവദനീയമല്ല എന്നതും ഓര്‍ക്കണം. സീറ്റിങ് കപ്പാസിറ്റിയില്‍ കൂടുതല്‍ ആള്‍ കയറിയാല്‍, ബസ് ജീവനക്കാര്‍ ഇറങ്ങാന്‍ ആവശ്യപ്പെട്ടാല്‍ ദയവായി ഇറങ്ങി നില്‍ക്കുക.
7. കണ്ടക്ടര്‍ സീറ്റില്‍ ഇരുന്നുള്ള യാത്ര അനുവദനീയമല്ല. 8. ബസിനകത്ത് ബസ് ജീവനക്കാരുടെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുക.
നമുക്കും സഹയാത്രികര്‍ക്കും ജീവനക്കാര്‍ക്കുമൊക്കെ ഒരു പോലെ സുരക്ഷിതരാകാം. നിങ്ങള്‍ക്കറിയുമോ എന്നറിയില്ല, ഞങ്ങളുടെ ഒരു ദിവസത്തെ ഡ്യൂട്ടി ആരംഭിക്കുന്നത് വെളുപ്പിന് 5, 6 മണിയോടെയാണ്. 5 മണിക്കുള്ള ഡ്യൂട്ടിക്ക് ഞങ്ങള് 4.30 ഡിപ്പോയില്‍ എത്തണം. രാവിലേയ്ക്കുള്ള കാപ്പിയും ഉച്ചഭക്ഷണവുമായി ആ സമയത്ത് ഞങ്ങളെത്തണം എങ്കില്‍ എത്ര മണിക്കായിരിക്കും ഞങ്ങള് വീടുകളില്‍ നിന്നിറങ്ങുക എന്നറിയാമോ! അതേ 3,4 മണിക്കൊക്കെ യാണ് ഞങ്ങളുടെ ദിവസം തുടങ്ങുന്നത്. സ്റ്റേറ്റിന്റെ ഇന്നത്തെ പേടി നിറഞ്ഞ അവസ്ഥ അറിയുന്ന വീട്ടിലെ പ്രായമായവരും കുട്ടികളും, ആ നേരത്തും, കണ്ണ് നിറച്ച് നമ്മളെ നോക്കും, പോകണോ എന്ന് സന്ദേഹത്തോടെ ചോദിക്കും.’പോയില്ലെങ്കിലെങ്ങിനാ, വണ്ടി പോയാലല്ലേ ആളുകള്‍ക്ക് യാത്ര പറ്റൂ’ എന്നൊക്കെ ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞൊപ്പിച്ചാണ് ഇറങ്ങി പോരുന്നത്.
ഒന്നോര്‍ക്കണം, ലോക്ക് ഡൗണ്‍ തുടങ്ങിയ കാലത്തും, ഒരാളും പുറത്തിറങ്ങാതിരുന്ന കാലത്തും നിങ്ങള്‍ക്ക് വേണ്ടി, യാതൊരു സുരക്ഷാ മുന്നൊരുക്കങ്ങളും ഇല്ലാതെ റോഡിലേയ്ക്ക് ഇറങ്ങിയവരാണ് ഞങ്ങള്‍. എയര്‍പോര്‍ട്ടിലും റെയില്‍വേ സ്റ്റേഷനുകളിലും ഞങ്ങളുടെ ഡ്രൈവര്‍മാര്‍ നിങ്ങളെ കാത്ത് നിന്നിട്ടുണ്ട്. ആശുപത്രികളിലെ ജീവനക്കാര്‍ക്ക് യാത്ര ചെയ്യാന്‍ സംവിധാനം ഇല്ലെന്നറിഞ്ഞപ്പോള്‍, വെറുമൊരു മാസ്‌ക്കിന്റെ ബലത്തില്‍ നിങ്ങളെ കൂട്ടാന്‍ വന്നവരാണ് ഞങ്ങള്.ആശുപത്രികളിലെ ആംബുലന്‍സ് അടക്കമുള്ള വാഹനം ഓടിക്കാന്‍ ഡ്രൈവര്‍മാരുടെ ഷോര്‍ട്ടേജ് വന്നപ്പോള്‍ ധൈര്യസമേതം മുന്നിലേക്ക് വന്നവരാണ് ഞങ്ങളുടെ ഡ്രൈവര്‍മാര്‍.വിദേശത്ത് നിന്ന് വരുന്ന സഹോദരങ്ങളെ, ചിലരെങ്കിലും, പേടിയോടെയും ഭീതിയോടെയും നോക്കിയപ്പോള്‍ ഒന്നുമില്ലെന്ന കണ്‍ചിമ്മലില്‍ ചേര്‍ത്ത് നിര്‍ത്തിയവര്‍ ആണവര്‍.അങ്ങിനെ എണ്ണി പറയാന്‍ ഇനിയുമേറെ ഇനി പറയൂ, ഞങ്ങളിതാണോ, നിങ്ങളുടെ ഇങ്ങനെ ഉള്ള പ്രവര്‍ത്തനങ്ങളാണോ അര്‍ഹിക്കുന്നത്?
ഒന്നും മഹത്വവത്കരിക്കാന്‍ വേണ്ടി പറയുകയല്ല, അറിയാന്‍ വേണ്ടി മാത്രമാണ്.
ഈ കെട്ടകാലത്ത് പോലും, മഹത്വവത്കരിക്കുന്നവരുടെ പട്ടികയില്‍ എവിടെയും ഒരു കെഎസ്ആര്‍ട്ടിസി ഡ്രൈവറോ കണ്ടക്ട്ടറോ അടയാളപ്പെടാറില്ലലോ..! ??
Discussion about this post