‘ഇങ്ങനെ ആണേല്‍ പപ്പ സ്‌കൂളില്‍ വരേണ്ട, എല്ലാരും എന്നെ കളിയാക്കും’… മകളോട് ആ പരിഷ്‌കാരി അമ്മ പറഞ്ഞത് കേട്ട് വിഷമമായി, ഒരു പക്ഷെ അവര്‍ പറഞ്ഞത് ഇങ്ങനായിരുന്നേല്‍ എന്ന് ആഗ്രഹിക്കുന്നു..! ഹൃദയം തൊടുന്ന കുറിപ്പുമായി അധ്യാപിക

മലയാളികള്‍ ദിവസത്തില്‍ 10 പ്രാവശ്യമെങ്കിലും കാണുന്ന പരസ്യത്തെ വിമര്‍ശിച്ച് ഒരധ്യാപിക രംഗത്ത്.

‘ഇങ്ങനെ ആണേല്‍ പപ്പ സ്‌കൂളില്‍ വരേണ്ട. എല്ലാരും എന്നെ കളിയാക്കും’… നരച്ച തലമുടിയുള്ള അച്ഛനോട് മകള്‍ പറയുന്ന വാക്കുകളാണിവ. ഒരു ഡൈ കമ്പനിയുടെ പരസ്യമാണിത്. എന്നാല്‍ നരച്ച മുടിയുള്ള പിതാവിനെ നോക്കി മകള്‍ ഇങ്ങനെ കരഞ്ഞ് പറയുമ്പോള്‍ ഒരമ്മ അത് സപ്പോര്‍ട്ട് ചെയ്യുന്നതിന് പകരം മകളെ ആശ്വസിപ്പിക്കണം എന്നായിരുന്നു അഞ്ജു ബോബി നരിമറ്റം പറയുന്നത്.

‘പരസ്യത്തിന്റെ അവസാനം പരിഷ്‌കാരി മമ്മി തലേല്‍ തൂക്കുന്ന ഏതാണ്ട് കുന്ത്രാണ്ടം അപ്പന് കൊടുത്തിട്ടു അത് തൂത്തു കുട്ടപ്പനായി കൊച്ചിന്റെ സ്‌കൂളില്‍ പോകാന്‍ ഉപദേശിക്കുന്നു. അതിനു പകരം ആ കുഞ്ഞിനെ ചേര്‍ത്ത് നിര്‍ത്തി ഒരപ്പന്റെ സൗന്ദര്യം, അങ്ങേരുടെ സ്‌നേഹവും കരുതലും അദ്ധ്വാനവും ആണെന്നു പറഞ്ഞു കൊടുത്തിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചു പോകുന്നു. അമ്മയുടെ മഹത്വം പറയുന്നവരില്‍ ചുരുക്കം ചിലരെങ്കിലും, ഒരു ആയുസ്സ് മുഴുവന്‍ കുടുംബത്തിനു വേണ്ടി വെയിലില്‍ ഉരുക്കുന്ന അപ്പനെപ്പറ്റി പറയാന്‍ മറക്കുന്നുണ്ട് എന്നും അധ്യാപിക പറയുന്നു.

അഞ്ജു ബോബി നരിമറ്റത്തിന്റെ കുറിപ്പ്….

എന്റെ ഇളയ മകന്‍ നൂനന്‍ ടീവി ഓണാക്കുമ്പോളെ ഓടി വരും. അവന്‍ പരസ്യത്തിന്റെ ആളാണ്. ഇഷ്ടപ്പെട്ട പരസ്യങ്ങള്‍ വന്നാല്‍ ചാനല്‍ മാറ്റാന്‍ പാടില്ല. വേറെ വഴി ഇല്ലാത്തോണ്ട് ഞാനും കാണും. ‘ഇങ്ങനെ ആണേല്‍ പപ്പ സ്‌കൂളില്‍ വരണ്ട. എല്ലാരും എന്നെ കളിയാക്കും. ‘തല നരച്ചു തുടങ്ങിയ അപ്പനെ ചൂണ്ടി മകള്‍ ചിണുങ്ങുന്നു. ഹെയര്‍ ഡൈടെ പരസ്യമാണ്. മകളുടെ മുഖത്തെ പുച്ഛം കണ്ടു വിഷമിച്ചു നില്‍ക്കുന്ന അപ്പന്‍ സ്‌ക്രീനില്‍. എനിക്ക് പെട്ടന്ന് എന്റെ അപ്പനെ ഓര്‍മ വന്നു.

അപ്പന്‍ കഠിനാദ്ധ്വാനി ആയ, മിതഭാഷിയായ, കാര്‍ക്കശ്യക്കാരനായ ഒരാളായിരുന്നു. വലിയ തോര്‍ത്താണ് സ്ഥിരം വേഷം. ചിലപ്പോള്‍ ലുങ്കിയും. എന്റെ ഓര്‍മയില്‍ വളരെ അപൂര്‍വം അവസരങ്ങളിലെ വെള്ള മുണ്ടുടുക്കാറുള്ളു ;മരിച്ചടക്ക്, കല്യാണം, ഞായറാഴ്ച കുര്‍ബാന ഒക്കെ കൂടാന്‍ പോകുമ്പോള്‍ മാത്രം. ഷേവ് ചെയ്യുക, കൃത്യമായ ഇടവേളകളില്‍ മുടി വെട്ടുക ഒക്കെ അപ്പന് ആഡംബരമാണ്. എന്റെ ചെറുപ്പത്തില്‍ അക്കര സ്‌കൂളിനോട് ചേര്‍ന്നുള്ള ഇറക്കു പറമ്പില്‍ (സര്‍ക്കാര്‍ സ്ഥലം സിമ്പിളായി കുറച്ചു നാളത്തേക്ക് സ്വയം ഭരണാവകാശ പ്രദേശമാക്കും ) അപ്പന്‍ വാഴ വെക്കുമായിരുന്നു. എന്നെ കൂടാതെ അങ്ങേര്‍ക്കു ഒറിജിനല്‍ വാഴ കൃഷി ഉണ്ടായിരുന്നെന്ന് !!! ഉച്ചക്ക് ഉണ്ണാന്‍ വിടുമ്പോള്‍ ഞാനും പാത്രവുമായിട്ടു അങ്ങോട്ട് ഓടും. സ്‌നേഹം കൊണ്ടൊന്നുമല്ല, അപ്പന്‍ ഉണ്ണാന്‍ പൊതി തുറക്കുമ്പോള്‍ ചാടി വീണ് മീന്‍ വറുത്തതും മുട്ട പൊരിച്ചതും ഒക്കെ ഇരന്നു മേടിക്കാന്‍. നിറയെ മണ്ണും ചെളീം വിയര്‍പ്പുമുള്ള തോര്‍ത്തില്‍ കൈ തുടച്ചു ബീഡി ഒക്കെ വലിച്ചു നില്‍ക്കുന്ന രൂപം ഇപ്പോളും ഓര്‍മയുണ്ട്. അപ്പന്റെ കറി മേടിക്കാന്‍ ചിലപ്പോള്‍ എന്റെ വാലില്‍ തൂങ്ങി ശശിയോ തോമസുകുട്ടിയോ ഒക്കെ വരും. നാശങ്ങള്‍. ഞാന്‍ തന്നെ ഒസാണ്. അപ്പൊ അതിന്റെ മീതെ ഓസാന്‍ വരുന്നു. ????

ജഠഅ മീറ്റിംഗ് ഉള്ളപ്പോള്‍ തോര്‍ത്ത് എടുത്തു തോളത്തിട്ടു ലുങ്കി ഉടുത്തു അപ്പന്‍ വരും. ബാക്കി പിള്ളേരുടെ അപ്പന്മാരും പണിസ്ഥലത്തു നിന്നാരിക്കും വരുന്നത്. ചിലര് കൈപ്പക്കവലയില്‍ തടിപ്പണിക്ക് പോയിട്ടു ദേഹം മുഴുവന്‍ ചൊറിയുന്ന മരപ്പൊടി ആയിട്ടും, ചായക്കടേല്‍ പണിക്കു നില്‍ക്കുന്നോരു മുണ്ടേല്‍ പുളിശ്ശേരി പാടായിട്ടും, റബ്ബര്‍ കുഴി കുത്താന്‍ പോകുന്നോരു ചുവന്ന മണ്ണുള്ള തോര്‍ത്ത് ഉടുത്തും ഒക്കെ വരും. ഞങ്ങള്‍ക്കാര്‍ക്കും യാതൊരു ആക്ഷേപവും ഇല്ലാരുന്നെന്നു മാത്രമല്ല, ഓടിപ്പോയി കയ്യേല്‍ തൂങ്ങുവേം ചെയ്യുവാരുന്നു. ആ പറ്റിയ മണ്ണും കറയും ചെളിയും ഒക്കെയാണ് ഞങ്ങളുടെ പുസ്തകവും സ്ലെയ്റ്റും ഉടുപ്പും ഞായറാഴ്ചകളിലെ ഇറച്ചിക്കറീം ഒക്കെയായി മാറുന്നതെന്ന് ആരും പറയാതെ തന്നെ ഞങ്ങള്‍ക്ക് അറിയാമായിരുന്നു.

ചിലപ്പോളൊക്കെ സ്‌കൂളു വിട്ടു വരുമ്പോള്‍ ഇവരില്‍ പലരും സ്വന്തമായി ചിട്ടപ്പെടുത്തിയ ചില പ്രത്യേക നൃത്ത ചുവടുകളോടെ കുടയത്തൂര് ഷാപ്പില്‍ന്നു ഇറങ്ങി വരും. ??സില്‍ക് സ്മിതയെ പോലെ മയക്കം തുളുമ്പുന്ന കണ്ണുകളുമായി നില്‍ക്കുന്ന അവനവന്റെ അപ്പനേം കയ്യേല്‍ പിടിച്ചു വലിച്ചു തോടും കുത്തു കല്ലും ഒക്കെ കേറി വീട്ടില്‍ പോണം. ഞാന്‍ ഇങ്ങോട്ട് വലിക്കുമ്പോ അപ്പന്‍ അങ്ങോട്ട് ചെരിയും. പോകുന്ന വഴിക്ക് മുഴുവന്‍ വിദ്യാഭ്യാസത്തിന്റ മഹത്വം, സ്വന്തം കാലില്‍ നില്കുന്നതിന്റ ആവശ്യകത എന്നീ വിഷയങ്ങളില്‍ അപ്പന്‍ ഉപന്യസിക്കും. സ്വന്തം കാലേല്‍ പോയിട്ടു നാല് കാലേല്‍ നില്‍ക്കാന്‍ പറ്റാത്ത ആളാണ് !!! വീട്ടില്‍ ചെന്നാല്‍ നമ്മള്‍ ബാറ്റണ്‍ അമ്മക്ക് കൈ മാറും. അമ്മ വളര്‍ന്നു വരുന്ന പെണ്മക്കള്‍, സ്വര്‍ണമില്ലായ്മ, ജപ്തി ഭീഷണി ഒക്കെ അടങ്ങിയ പ്രസംഗ പെട്ടി തുറക്കുന്ന തക്കത്തിന് അപ്പനെ തിണ്ണേലോട്ടു തള്ളിയിട്ടു ഞാന്‍ കളിക്കാനോടും.

കോളപ്ര സ്‌കൂളിലെ ഒരു ജഠഅ മീറ്റിംഗ്. അപ്പന്‍ പതിവില്ലാതെ വെള്ള മുണ്ടുടുത്തു വരുന്നത് കണ്ടപ്പോ ഞാന്‍ ഓടി ചെന്നു. അപ്പോ ചെറിയ ഒരു പ്രശ്‌നം. ആള് ഷാപ്പില്‍ ഹാജര്‍ വച്ച ലക്ഷണം ഉണ്ട്. ഹൈ സ്‌കൂളുകാരിക്ക് ചെറിയ ഒരു ദുരഭിമാനം. ഒപ്പിട്ടിട്ടു അപ്പന്‍ പോയിക്കഴിഞ്ഞു വാകേടെ ചോട്ടില്‍ ഞാന്‍ താടക്കും കൈ കൊടുത്തിരുന്നു. ‘എന്നാടി നിന്റെ ആരേലും ചത്തോ? ‘ ഞാന്‍ ഞെട്ടി എണീറ്റു. ഷാജനാണ്.അവന്‍ പ്രാകൃതമായ ഭാഷയില്‍ വിഷമത്തിന്റ കാരണം അന്വേഷിക്കുകയാണ്. മുക്കീം മൂളീം ഞാന്‍ കാര്യം അവതരിപ്പിച്ചു. അവന്‍, ഇങ്ങു വന്നേടി എന്ന് പറഞ്ഞു എന്റെ കൈ പിടിച്ചു വലിച്ചു താഴേക്കുള്ള സ്റ്റെപ്പിന്റെ മുകളില്‍ കൊണ്ട് നിര്‍ത്തി. കിണറിന്റെ കരയിലാണ് പടിക്കെട്ട് അവസാനിക്കുന്നത്. കിണറ്റു കരയില്‍ അഴിഞ്ഞു വീഴാറായ പുള്ളികൈലി വാരി ഉടുത്തു ഒരു രൂപം. എന്റെ തല പിടിച്ചു അങ്ങോട്ട് തിരിച്ചിട്ട് അവന്‍ ഒരു ചോദ്യം. ‘അത് ആരാന്നു അറിയാവോ? ‘ ഞാനെങ്ങനെ അറിയാനാണ്. ‘എന്നാലേ അത് എന്റെ അപ്പനാ. പൂക്കുറ്റി പൂസാ. പടി കേറാന്‍ മേലാത്തോണ്ടു അവിടെ ചാരി വച്ചേക്കുന്നതാ.മോസസ് സാറും ഞാനും കൂടെ അവിടെ പോയാ ഒപ്പിടീച്ചത്. ഇനി ഇതിനെ കെട്ടിവലിച്ചു വീട്ടില്‍ കൊണ്ടു വിട്ടിട്ടു വേണം എനിക്ക് റേഷന്‍ കടേല്‍ പോകാന്‍. ‘ ഞാന്‍ ചിരിക്കണോ കരയണോ എന്നറിയാതെ നിന്ന് പോയി. ചിരിച്ചാല്‍ അവന്‍ എന്നെ ഉന്തി ഇട്ടു കൊല്ലും. ????ഒരു മയോം ഇല്ലാത്തവനാണ്. എനിക്ക് പെട്ടന്ന് എന്റെ അപ്പനോട് ഒരു ബഹുമാനം ഒക്കെ തോന്നി. ????????. ഇതില്‍ ഏറ്റോം വലിയ കാര്യം എന്താണെന്ന് വച്ചാല്‍ ഒരാളും അവനെ കളിയാക്കിയില്ല എന്നതാണ്. (ഇനി ആരും കളിയാക്കാനും ധൈര്യപ്പെടില്ല. അവനിപ്പോ ടിപ്പര്‍ ഓടിക്കുവാണ്. ????)
മക്കള്‍ പഠിക്കുന്ന സ്‌കൂളില്‍ പൈപ്പ് കുഴി കുത്താനും മണ്ണെടുക്കാനും വരുന്ന, അതേ വേഷത്തില്‍ ഉച്ചക്ക് ടീച്ചര്‍മാരെ കാണാന്‍ വരുന്ന, ചെളി പറ്റിയ തോര്‍ത്ത് പൊക്കി അണ്ടര്‍ വെയറിന്റെ പോക്കറ്റില്‍ന്നു മുട്ടായി കാശ് തരുന്ന ഞങ്ങളുടെ അപ്പന്മാരുടെ നരച്ച മുടിയോ, ഷേവ് ചെയ്യാത്ത താടിയോ, ചുളുങ്ങിയ മുണ്ടോ ഒന്നും ഞങ്ങള്‍ക്ക് ആര്‍ക്കും ഒരു പ്രശ്‌നോം അല്ലായിരുന്നു.

പരസ്യത്തിന്റെ അവസാനം പരിഷ്‌കാരി മമ്മി തലേല്‍ തൂക്കുന്ന ഏതാണ്ട് കുന്ത്രാണ്ടം അപ്പന് കൊടുത്തിട്ടു അത് തൂത്തു കുട്ടപ്പനായി കൊച്ചിന്റെ സ്‌കൂളില്‍ പോകാന്‍ ഉപദേശിക്കുന്നു. അതിനു പകരം ആ കുഞ്ഞിനെ ചേര്‍ത്ത് നിര്‍ത്തി ഒരപ്പന്റെ സൗന്ദര്യം, അങ്ങേരുടെ സ്‌നേഹവും കരുതലും അദ്ധ്വാനവും ആണെന്നു പറഞ്ഞു കൊടുത്തിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചു പോകുന്നു. അമ്മയുടെ മഹത്വം പറയുന്നവരില്‍ ചുരുക്കം ചിലരെങ്കിലും, ഒരു ആയുസ്സ് മുഴുവന്‍ കുടുംബത്തിനു വേണ്ടി വെയിലില്‍ ഉരുക്കുന്ന അപ്പനെപ്പറ്റി പറയാന്‍ മറക്കുന്നുണ്ട്.
‘മരമായ മരമെല്ലാം കൊണ്ട വെയിലാണ് ഈ തണല്‍ ‘ എന്ന് പറഞ്ഞ ആള്‍ക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവന്‍ ??

Exit mobile version