പതിനഞ്ച് വര്‍ഷത്തോളമായി ഒരു കൂട്ടം തത്തകള്‍ക്ക് ഭക്ഷണമൊരുക്കുന്ന ജോസഫ് എന്ന പക്ഷി സ്‌നേഹിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. തന്റെ വീടിന്റെ ടെറസില്‍ വര്‍ഷങ്ങളോളമായി ജോസഫ് കിളികള്‍ക്ക് തീറ്റ ഒരുക്കുന്നു.
ചെന്നൈ റോയ്പേട്ട് പൈക്രോക്രാഫ്റ്റ്സ് റോഡിലെ താമസക്കാരനായ ജോസഫ് പതിനഞ്ച് വര്‍ഷമായി ടെറസിന് മുകളില്‍ തത്തകള്‍ക്ക് തീറ്റ കൊടുക്കുന്നു. 25 വര്‍ഷത്തോളമായി ജോസഫ് ഇവിടെ താമസം തുടങ്ങിയിട്ട്. അന്ന് മുതലെ പക്ഷികള്‍ക്ക് തീറ്റ കൊടുക്കുമായിരുന്നു. കുരുവികളും പ്രാവുകളുമൊക്കെയായിരുന്നു ആദ്യത്തെ വിരുന്നുകാരെങ്കില്‍ ഇപ്പോള്‍ കൂടതലും തത്തകളാണ് എത്താര്‍.
2004ല്‍ രാജ്യമൊട്ടാകെ ബാധിച്ച സുനാമിക്ക് ശേഷം ടെറസിന് മുകളില്‍ വന്ന രണ്ട് കാട്ടുതത്തകള്‍ക്ക് ഭക്ഷണം കൊടുത്തുകൊണ്ടായിരുന്നു തുടക്കം. പിന്നീട് കുറെ തത്തകള്‍ ഇവിടെയെത്താന്‍ തുടങ്ങി. മഴക്കാലത്ത് തത്തകളുടെ എണ്ണം കൂടും.
ദിവസവും രണ്ട് നേരം തത്തകള്‍ക്കായി ജോസഫ് ഒറ്റയ്ക്ക് വിരുന്നൊരുക്കുന്നുണ്ട്. ടെറസില്‍ പ്രത്യേകമായി മരപ്പലകകള്‍ വച്ചൊരുക്കിയ പന്തലില്‍ വെള്ളത്തില്‍ കുതിര്‍ത്തിയെടുത്ത അരി കുഞ്ഞു കുന്നുകളായി വരിവരിയായി നിരത്തും.
രാവിലെ ആറ് മുതല്‍ ഏഴ് മണി വരെയും സന്ധ്യയ്ക്ക് 4.30 മുതല്‍ 6.30 വരെയുമാണ് ഭക്ഷണമൊരുക്കി വയ്ക്കുക. അതേസമയത്ത് തന്നെ തത്തകള്‍ വരികയും കലപില ചിലച്ച് അച്ചടക്കത്തോടെ ഭക്ഷണം കഴിക്കുകയും ചെയ്യും. കാമറ ടെക്നീഷ്യനായ ജോസഫ് തന്റെ വരുമാനത്തിന്റെ 40 ശതമാനത്തോളം തത്തകള്‍ക്ക് തീറ്റ കൊടുക്കാനായി മാറ്റി വയ്ക്കുന്നു. ബാക്കി വീട്ടാവശ്യത്തിനുമെടുക്കും. തത്തകളെ താന്‍ മക്കളെ പോലെയാണ് കാണുന്നതെന്ന് ജോസഫ് പറയുന്നു.
Discussion about this post