കരാര്‍ ലംഘിച്ച് ഷെയ്ന്‍ നിഗം; കടുത്ത നടപടിക്കൊരുങ്ങി താരസംഘടന

കൊച്ചി: വീണ്ടും കരാര്‍ ലംഘിച്ച് മുടിയും താടിയും വെട്ടി നടന്‍ ഷെയ്ന്‍ നിഗം. സിനിമയുടെ ചിത്രീകരണം കഴിയും വരെ മുടിയും താടിയും വെട്ടരുതെന്ന കരാര്‍ ലംഘിച്ചുകൊണ്ടുള്ള ഷെയ്‌നിന്റെ പുതിയ ഫോട്ടോകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഷെയ്‌നിനെതിരെ വിലക്കുള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്ക് നീങ്ങാനാണ് സംഘടനകളുടെ തീരുമാനം.

വെയില്‍ സിനിമയുടെ സംവിധായകന്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ചായിരുന്നു കഴിഞ്ഞ ദിവസം ഷെയ്ന്‍ നിഗം സെറ്റില്‍ നിന്നും ഇറങ്ങിപ്പോയത്. ഇതിന് പിന്നാലെയാണ് മുടി പറ്റെവെട്ടി താടിയും മീശയും വടിച്ചുള്ള പുതിയ ലുക്കിലെ ഫോട്ടോ ഷെയ്ന്‍ തന്നെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. പ്രതിഷേധം എന്ന് ഫോട്ടോയില്‍ ടാഗ് ചെയ്തിട്ടുമുണ്ട്.

വെയില്‍ സിനിമയില്‍ മുടിയും താടിയും നീട്ടിയുള്ള വേഷമാണ് ഷെയ്ന്‍ കൈകാര്യം ചെയുന്നത്. ആയതിനാല്‍ ചിത്രം പൂര്‍ത്തിയാകും വരെ രൂപമാറ്റം വരുത്തരുതെന്ന് കേരള പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും താരസംഘടനയായ അമ്മയും ചേര്‍ന്ന് നടത്തിയ ഒത്തുതീര്‍പ്പുചര്‍ച്ചയില്‍ കരാറുണ്ടാക്കിയിരുന്നു.

ഇത് ലംഘിച്ച്‌കൊണ്ടുള്ള ഷെയ്‌നിന്റെ നീക്കത്തിനെതിരെ കടുത്ത നടപടി എടുക്കാനാണ് നിര്‍മ്മാതാക്കളുടെ സംഘടനയുടെ തീരുമാനം. വിഷയം ചര്‍ച്ച ചെയ്യാന്‍ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ മറ്റന്നാള്‍ അടിയന്തരയോഗം വിളിച്ചു.

Exit mobile version