ട്വന്റി ഫോര്‍ ന്യൂസിന്റെ ജനകീയ കോടതി എന്ന പരിപാടിയില്‍ ഷക്കീല പങ്കെടുത്തത് മുതല്‍ സോഷ്യല്‍ മീഡിയയില്‍ അവരെ കുറിച്ചുള്ള വാര്‍ത്തകളാണ് നിറയുന്നത്. പലരും ആ പരിപാടി കണ്ടതിന് ശേഷം ഷക്കീല എന്ന വ്യക്തിയോട് ബഹുമാനം തോന്നുന്നു എന്നാണ് പ്രതികരിച്ചത്.
അത്തരത്തില്‍ ഷക്കീലയെ പിന്തുണച്ചുകൊണ്ട് മനോജ് രവീന്ദ്രന്‍ എന്ന വ്യക്തി എഴുതിയ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. ബോള്‍ഡ് എന്ന വാക്കിന് ഒരര്‍ത്ഥമുണ്ടെങ്കില്‍ അതവരുടെ ജീവിതമാണെന്നും നിങ്ങള്‍ക്കു മുന്നില്‍ തലയുമുയര്‍ത്തി സംസാരിക്കുന്ന അവരുടെ വാക്കുകള്‍ നിങ്ങളെ പൊള്ളിക്കുന്നുണ്ടെങ്കില്‍ അതവരുടെ വിജയമാണെന്നുമാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,
ആത്മവിശ്വാസത്തിന്റെ പുഞ്ചിരി.ഷക്കീലയ്ക്കു വേണ്ടി സംസാരിക്കാന്‍ നാണമാവില്ലേ?എന്തിന്?അവര്‍ മോശം സിനിമകളില്‍ അഭിനയിക്കുന്ന നടിയല്ലേ?ആണോ?പിന്നല്ലാതെ.എത്രയെത്ര പടങ്ങള്‍.അപ്പൊ കണ്ടിട്ടുണ്ട്.ഉണ്ട്.എല്ലാം’പീസ്’പടമല്ലേ.’പുരാണ’കഥ ആണെന്നു വിചാരിച്ചു അബദ്ധത്തില്‍ കണ്ടു പോയതാണോ?ങേ?അല്ല.അവര്‍ പരസ്യം തന്നു പറ്റിച്ചു താങ്കളെ കൊണ്ടു കാണിച്ചതാണോ എന്ന്.അതൊന്നുമല്ല.എന്നാലും ഇതൊന്നും നമ്മുടെ സംസ്‌കാരത്തിനു പറ്റിയതല്ല.കാണുന്നതോ അഭിനയിക്കുന്നതോ?ങേ പറയൂ..കേള്‍ക്കട്ടെ.കാണുന്നതാണോ അഭിനയിക്കുന്നതാണോ സംസ്‌കാരത്തിനു നിരക്കാത്തത്? ഞാന്‍ പറഞ്ഞു വന്നത് അതല്ല.പക്ഷെ ഞാന്‍ ചോദിച്ചു വന്നത് അതു തന്നെയാണ്.നിനക്ക് മനസ്സിലാവില്ല.പിള്ളേര് ഇതു കണ്ടു വഴിതെറ്റും.എങ്ങനെ?
സെക്സ് സിനിമകള്‍ കുട്ടികളെ വഴി തെറ്റിക്കും എന്നു നിനക്കറിഞ്ഞൂടെ?തെറ്റിക്കുമോ??പിന്നില്ലാതെ.അപ്പൊ സെക്സ് മോശമാണോ??അതല്ല..അതൊക്കെ ടിവിയില്‍ കാണിക്കുന്നത് മോശമല്ലേ?വീണ്ടും ചോദ്യം.കാണുന്നതാണോ കാണിക്കുന്നതാണോ മോശം??കാണിക്കുന്നത് കൊണ്ടല്ലേ കാണുന്നത്??കാണാന്‍ ആളുള്ളത് കൊണ്ടല്ലേ കാണിക്കുന്നത്?നിന്നോട് തര്‍ക്കിക്കാന്‍ ഞാന്‍ ഇല്ല.തര്‍ക്കിക്കാന്‍ ഞാനുമില്ല.പറഞ്ഞെന്നേയുള്ളൂ.
ഛോട്ടാ മുംബൈ എന്ന സിനിമയില്‍ ഷക്കീല വരുന്നു എന്ന് പറയുമ്പോള്‍ ജഗതി കാണിക്കുന്ന എക്‌സ്പ്രഷനുണ്ട്.ശേഷം അവരെ സാരിയുടുത്തു കാണുമ്പോള്‍ ഉള്ള പ്രമുഖ നടന്മാരുടെ നിരാശയും.ഷക്കീല എന്ന പേരു കേള്‍ക്കുമ്പോള്‍ ഒരു ശരാശരി മലയാളിയുടെ ഉള്ളില്‍ വരുന്നത് ഏതാണ്ടിതേ മോഡല്‍ വികാരമാണ്.ഒരു വ്യക്തി എന്നതിലുപരി അവരഭിനയിച്ച വേഷങ്ങളില്‍ മാത്രം ഒതുക്കി നിര്‍ത്തി അവരെ മൊത്തമായി മാര്‍ക്കിട്ടു നിലവാര സ്റ്റാമ്പ് അടിക്കുന്നവരാണ് മലയാളികള്‍.’ഞാന്‍ പോണ്.വെറുതെ ആളെ മാറ്റി കഷ്ടപ്പെട്ടതു വെറുതെ ആയി’എന്നു പറയുന്ന ജഗതി കഥാപാത്രത്തില്‍ നിന്നും ഒട്ടും വിഭിന്നമല്ലാത്ത ഒരു മനോനില പേറുന്നവര്‍.
ചെറുപ്പം തൊട്ടിന്നു വരെ അനുഭവിച്ച യാതനകളില്‍ നിന്നും കടന്നു വന്ന് ഇന്ന് നിങ്ങള്‍ക്കു മുന്നില്‍ തലയുമുയര്‍ത്തി സംസാരിക്കുന്ന അവരുടെ വാക്കുകള്‍ നിങ്ങളെ പൊള്ളിക്കുന്നുണ്ടെങ്കില്‍ അതവരുടെ വിജയമാണ്.തോറ്റു പോകാതെ ഇന്നും അവരുടെ മുഖത്തു മാറാതെ നില്‍ക്കുന്ന ആ പുഞ്ചിരി നിങ്ങളെ പൊള്ളിക്കുന്നുണ്ടെങ്കില്‍ അതവരുടെ വിജയമാണ്.നിങ്ങളുടെ വികല-വിട സങ്കല്‍പ്പങ്ങള്‍ക്ക് നിരക്കാത്ത രീതിയിലുള്ള ഒരു വ്യക്തിത്വം അവരില്‍ കണ്ട് നിങ്ങള്‍ക്കു പൊള്ളുന്നുണ്ടെങ്കില്‍ അതവരുടെ വിജയമാണ്.
അങ്ങനെ വിജയിച്ചു നില്‍ക്കുന്ന ആ സ്ത്രീയുടെ സാമൂഹിക ബോധത്തിന്റേയും ലോകവീക്ഷണത്തിന്റെയും വ്യാപ്തി സമൂഹം ഇന്ന് കൊട്ടിഘോഷിച്ചു നടക്കുന്ന പല അഭിനയ സിംഹങ്ങളേക്കാളും വളരെ വളരെ വലുതാണ്.ബോള്‍ഡ് എന്ന വാക്കിന് ഒരര്‍ത്ഥമുണ്ടെങ്കില്‍ അതവരുടെ ജീവിതമാണ്.അതിലും നിങ്ങള്‍ അസ്വസ്ഥരാകുന്നുണ്ടെങ്കില്‍ അതും അവരുടെ വിജയമാണ്.അവരര്‍ഹിക്കുന്ന വിജയം.
Discussion about this post