വീല്‍ചെയറില്‍ പ്രണയസാഫല്യം; ഷിനുവും നിഷയും ജീവിതത്തില്‍ ഒന്നായി

shinu nisha,love marriage

തൃശ്ശൂര്‍: വടക്കുംനാഥന്റെ മണ്ണില്‍ പൂരം കൊട്ടിക്കയറുമ്പോള്‍ ഷിനുവിന്റെയും നിഷയുടെയും കണ്ണുകളില്‍ നിറഞ്ഞു നിന്നത് പ്രണയസാഫല്യത്തിന്റെ തിളക്കമായിരുന്നു.
വീല്‍ചെയറിലിരുന്ന് തൃശൂര്‍ സ്വദേശി ഷിനുവും നിഷയും പ്രണയം കൈമാറി, ജീവിതത്തിലും ഒന്നായി.

വീടിന്റെ നാലുചുമരുകള്‍ക്കുള്ളില്‍ ജീവിതം ജീവിച്ചു തീര്‍ക്കേണ്ടിവരുമെന്ന് കരുതിയിരുന്ന ഷിനുവിന്റെ ജീവിതത്തിലേക്ക് നിഷ വലതുകാല്‍ വച്ചുകയറി. ബുധനാഴ്ച ഗുരുവായൂരുള്ള സെന്റ്‌ലാസേഴ്‌സ് പള്ളിയില്‍വച്ച് വീല്‍ചെയറിലിരുന്ന് ഷിനു നിഷയ്ക്ക് മിന്നുചാര്‍ത്തി. പ്രതിസന്ധികളെ അതിജീവിച്ച് പരസ്പരം താങ്ങും തണലുമാകാമെന്ന് ദൈവ സന്നിധിയില്‍വച്ച് ഇരുവരും വാക്കുനല്‍കി.

ഒന്നരവര്‍ഷം മുമ്പ് വീല്‍ചെയറില്‍ ജീവിക്കുന്നവരുടെ കൂട്ടായ്മ സംഘടിപ്പിച്ചു. ആ കൂട്ടായ്മയിലെ കണ്ടുമുട്ടല്‍ ഷിനുവിന്റെയും നിഷയുടെയും ജീവിതം മാറ്റിമറിച്ചു.
പരിചയപ്പെട്ടപ്പോള്‍ ഷിനു അനുഭവിച്ചതിന്റെ നൂറിരട്ടി സങ്കടങ്ങളാണ് നിഷ അനുഭവിക്കുന്നതെന്ന് അറിഞ്ഞു. പരിചയവും സൗഹൃദവും പ്രണയത്തിലേക്ക് മാറാന്‍ അധികം സമയമെടുത്തില്ല. മറ്റാരേക്കാളും പരസ്പരം മനസിലാക്കാന്‍ ഇരുവര്‍ക്കും സാധിച്ചു.

ജന്മനായുള്ള വൈകല്യമല്ലാത്തതുകൊണ്ട് നിഷയെ പഴയജീവിതത്തിലേക്ക് തിരികെ കൊണ്ടുവാരാന്‍ സാധിക്കുമായിരിക്കുമെന്ന പ്രതീക്ഷയും പ്രണയത്തിന് കരുത്തായി.
അതോടെ ഷിനുവിന്റെ ജീവിതത്തില്‍ താങ്ങാകാന്‍ നിഷയും നിഷയുടെ അനാഥത്വത്തില്‍ തണലായി മാറാന്‍ ഷിനുവും തീരുമാനിച്ചു. എങ്കിലും വിവാഹം അത്ര എളുപ്പമായിരുന്നില്ല. രണ്ടുപേരും വീല്‍ചെയറിലാണെങ്കില്‍ എങ്ങനെ ജീവിക്കാന്‍ സാധിക്കുമെന്ന ബന്ധുക്കളുടെ ചോദ്യവും ആശങ്കകളും തടസമായിരുന്നു. പക്ഷെ പ്രണയത്തിന് മുന്നില്‍ അത്തരം തടസങ്ങളൊക്കെ മാറിക്കൊടുത്തു. ഷിനുവിന്റെ ഒറ്റപ്പെടലിനും നിഷയും അനാഥത്വത്തിനും ഇന്നലെ അവസാനമായി.

കോട്ടപ്പടി ചൂല്‍പുറം ചുങ്കത്ത് വര്‍ഗീസിന്റെയും ജെസിയുടെയും മകനാണ് ഷിനു. മള്‍ട്ടിപ്പിള്‍ ആട്രോപ്‌സി എന്ന തകരാറുമൂലം ജനിച്ചപ്പോള്‍ മുതല്‍ തന്നെ ഷിനുവിന്റെ ശരീരത്തിന് ചലനമില്ല. ഓര്‍മ്മ വച്ചനാള്‍ മുതല്‍ വീല്‍ചെയറിലായിരുന്നു ജീവിതം. എങ്കിലും വൈകല്യങ്ങളോട് പടപൊരുതി ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജില്‍ നിന്നും ഷിനു ഹിസ്റ്ററിയില്‍ ബിരുദം നേടി. കുട്ടികള്‍ക്ക് ട്യൂഷനെടുത്തും നിറയെ എഴുതിയും വായിച്ചുമൊക്കെ ജീവിതം തള്ളിനീക്കുമ്പോള്‍ അവിചാരിതമായാണ് നിഷ ജീവിതത്തിലേക്ക് എത്തുന്നത്.

പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശികളായ ഗോപാലകൃഷ്ണന്റെയും സരോജിനിയുടെയും മകളാണ് നിഷ. ചെറുപ്പത്തില്‍ അച്ഛനും അമ്മയും മരിച്ചതിനെത്തുടര്‍ന്ന് നിഷയും ചേട്ടനും ബന്ധുവീടുകളായിരുന്നു അഭയം. ഒമ്പതാംക്ലാസില്‍ പഠിക്കുമ്പോള്‍ കാലുതെറ്റി നിഷ കിണറ്റിലേക്ക് വീണു. വെള്ളം കുറവുള്ള അടിയില്‍ പാറ നിറഞ്ഞ കിണറിലേക്കുള്ള വീഴ്ചയില്‍ നിഷയുടെ നട്ടെല്ലിന് ക്ഷതമേറ്റു. മരണത്തെ അതിജീവിച്ചെങ്കിലും തുടര്‍ന്നുള്ള ജീവിതം വീല്‍ചെയറിലേക്ക് മാറുകയായിരുന്നു.

അനാഥത്വത്തിനൊപ്പം അപകടവും ജീവിതത്തിന്റെ താളം തന്നെ തെറ്റിച്ചു. ബന്ധുകള്‍ക്ക് നിഷയൊരു ബാധ്യതയായി മാറുകയാണെന്ന് മനസിലായതോടെ ആര്‍ക്കും ഭാരമാകുന്നതിന് മുമ്പേ നിഷ തനിയെ താല്‍പര്യപ്പെട്ട അടുത്തുള്ള അനാഥമന്ദിരത്തിലേക്ക് മാറി. രണ്ടരവര്‍ഷത്തോളം അവിടെ ജീവിച്ചു. പത്താംക്ലാസ് വരെ പഠിച്ചു.

ആത്മവിശ്വാസം കൈവിടാതെ അവള്‍ എംബ്രോയ്ഡറിയിലും പെയിന്റിങ്ങിലും ചിത്രരചനയിലും മികവ് നേടി. വീല്‍ചെയറില്‍ ജീവിക്കുന്നവരുടെ കൂട്ടായ്മയില്‍ അങ്കമാലിയിലെ ഫാദര്‍ മാത്യു കിരിയത്തിനെ പരിചയപ്പെട്ടത് നിഷയുടെ ജീവിതത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കി. വീല്‍ചെയറിലെ നിഷയുടെ വേഗവും മികവും ഒരു കായികതാരത്തിന്റേതാണെന്ന് അദ്ദേഹം കണ്ടെത്തി.

നിഷയെ വീല്‍ചെയര്‍ ബാസ്‌കറ്റ് ബോള്‍ പരിശീലിപ്പിച്ചു. 2017ല്‍ ഇന്തോനേഷ്യയില്‍ നടന്ന ബാലി വീല്‍ചെയര്‍ ബാസ്‌കറ്റ്ബോള്‍ ഇന്റര്‍നാഷനലില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് നിഷ പങ്കെടുത്തു. രാജ്യത്തിനു രണ്ടാം സ്ഥാനം നേടിക്കൊടുത്ത ടീമില്‍ നിഷയുമുണ്ടായിരുന്നു.

 

 

 

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)