കുട്ടികള്‍ക്ക് എതിരായ ലൈംഗിക അതിക്രം: രക്ഷിതാക്കള്‍ അറിയേണ്ട കാര്യങ്ങള്‍, പീഡോഫീലിയ ഒരു മാനസിക രോഗമാണ്

prayar gopalakrishnan,sabarimala,pampa river
ഫഖ്‌റുദ്ധീന്‍ പന്താവൂര്‍ വാര്‍ത്തകള്‍ വായിക്കാനും കാണാനും ഭയമാണിന്ന് . മറ്റൊന്നുമല്ല കൊച്ചുകുട്ടികള്‍ വരെ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്ന വാര്‍ത്തകള്‍ വര്‍ധിക്കുമ്പോള്‍ നമുക്ക് പത്രങ്ങള്‍ വായിക്കാനോ ചാനലുകള്‍ തുറക്കാനോ വയ്യാതായി. കേരളത്തില്‍ കഴിഞ്ഞ ഒരു മാസത്തിനിടയില്‍ നിരവധി പീഡനവാര്‍ത്തകളാണ് പുറത്തുവന്നത്. വാളയാറിലെ ചെറിയ പെണ്‍കുട്ടികളുടെ ആത്മഹത്യയിലേക്കു ശ്രദ്ധ ചെന്നു കയറുന്നതിനു കുറച്ചു ദിവസം മുന്‍പാണ് സോഷ്യല്‍ മീഡിയയില്‍ മഞ്ച് കൊടുത്ത് അഞ്ചാംക്ലാസുകാരിയുടെ കാമം നേടാന്‍ ശ്രമിക്കുന്ന യുവാവിനെയും (മുഹമ്മദ് ഫര്‍ഹാന്‍, ഇയാള്‍ക്കെതിരെ ഒടുവില്‍ പോലീസ് കേസെടുത്തു ) അയാളെ അനുകൂലിയ്ക്കുന്ന ചില ബുദ്ധിജീവികളെയും (ഭൂരിഭാഗവും യുവതികള്‍) കണ്ടത്. എന്തെങ്കിലും ലഭിക്കുമ്പോള്‍ പകരം എന്തെങ്കിലും നല്‍കണമല്ലോ. കഴിഞ്ഞ ദിവസം എന്റെയൊരു അഭിഭാഷക സുഹൃത്ത് മറ്റൊരു കേസ് പറഞ്ഞു. ഒരുത്തന്‍ ചെറിയൊരു പെണ്‍കുട്ടിക്ക് ഉമ്മ കൊടുത്ത് ആരോടും പറയാതിരിക്കാന്‍ 5 രൂപയും സമ്മാനിച്ചത്രേ. ഐസ്‌ക്രീമും ചോക്ലേറ്റും നല്‍കി ഒരു പെണ്‍കുട്ടിയുടെ പിഞ്ചു ശരീരത്തിന് വിലപേശുന്നത് കാണുമ്പോള്‍ നാമോര്‍ക്കുക അതാണ് പീഡോഫീലിയ എന്ന മാനസിക രോഗം. എന്താണ് പിഡോഫീലിയ ? പിഡോഫിലിയ എന്നത് മുതിര്‍ന്നവര്‍ക്ക് 'കുട്ടികളോട് മാത്രം' തോന്നുന്ന ലൈഗീകാസക്തിയാണ്. ഇതില്‍ പെണ്‍കുട്ടിയെന്നോ ആണ്‍കുട്ടിയെന്നോ വിത്യാസമില്ല .ഇരകളില്‍ കൂടുതലും പെണ്‍കുട്ടികളാണ് .കാണാന്‍ ഭംഗിയുള്ള ആണ്‍കുട്ടികള്‍ക്കുനേരെയും ഇത്തരം ലൈംഗിക താല്‍പര്യക്കാര്‍ വരാറുണ്ട് . ലോകാരോഗ്യ സംഘടന അടക്കം, ഇതൊരു മാനസീക രോഗമായിത്തന്നെയാണ് അംഗീകരിച്ചിരിക്കുന്നതും. 'സൈക്കാട്രിക് ഡിസോര്‍ഡര്‍' അല്ലെങ്കില്‍ ലൈംഗീകതയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള അപക്വ ചിന്താരീതിയാണ് ഒരാളെ പീഡോഫീലിയ 'രോഗി'യാക്കുന്നത്.ഇതിനെ നോര്‍മല്‍ മാനസികാവസ്ഥയായി കാണാനാവില്ല . പൊതുവെ പുരുഷന്മാരിലാണ് ഇത്തരം മനോരോഗികള്‍ ഉള്ളത്. ജനസംഖ്യയുടെ ഒരു ശതമാനത്തിലും വളരെ കുറവ് ആളുകള്‍ മാത്രമേ സമൂഹം വെറുക്കുന്ന ഈ മാനസീക വൈകൃതം പ്രകടിപ്പിക്കാറുള്ളൂ. ഇപ്പോള്‍ നമ്മുടെ നാട്ടില്‍ ഇവരുടെ എണ്ണം വര്‍ധിച്ചുവരുന്നുണ്ടോ എന്നാണ് ആശങ്ക. ഒരു ലൈംഗീക കുറ്റകൃത്യത്തിലോ, ശ്രമത്തിലോ മാത്രമേ ഇവരെ കണ്ടെത്താനാകുകയുള്ളൂ. ഇവര്‍ ഒരിക്കലും അവരുടെ 'രോഗ'ത്തെ പുറത്തറിയിക്കാറില്ല. എങ്ങാനും പുറത്തറിഞ്ഞാല്‍ അതോടെ അവരുടെ 'ലക്ഷ്യം' തകരും എന്നതും, സമൂഹത്തില്‍ വെറുക്കപ്പെടും എന്നതുമാണ് കാരണം. പിഡോ രോഗികള്‍ മരണം വരെയും ഈ രോഗമായി തുടരും എന്നതും ശ്രദ്ധേയമാണ്. കുട്ടികള്‍ ഒഴിച്ച് മുതിര്‍ന്നവരായി ഇവര്‍ ഇത്തരം ബന്ധങ്ങള്‍ ആഗ്രഹിക്കാറില്ല. എങ്ങനെയാണിതിന് ഒരു ചികിത്സ ? ലൈംഗീക താല്‍പ്പര്യം കുറയ്ക്കാനുള്ള മരുന്നുകളും തുടര്‍ച്ചയായ കൗണ്‍സിലിംഗ് മുഖേനയുള്ള ഇരയോടുള്ള അക്രമണാസക്തി കുറയ്ക്കാനുമുള്ള, മാനസീക ചികിത്സയാണ്, ഇതിനായി ഇതുവരെ കൊടുത്തുപോരുന്നത്. കൗണ്‍സിലിംഗിലൂടെയും വിവിധ തെറാപ്പികളിലൂടെയും ഇത് മാറ്റിയെടുക്കാം . കൊച്ചുകുട്ടികളെ അമിതമായി ലാളിക്കുന്നവരാണ് ഇവരില്‍ ചിലര്‍ .മധുരം നല്‍കിയും ഇഷ്ടമുള്ളത് നല്‍കിയും ഇവര്‍ സ്‌നേഹിച്ച് താലോലിക്കാന്‍ തുടങ്ങും. തലോടലുകള്‍ക്ക് വാത്സല്യത്തിന്റെ മുഖമാണ് ഇവര്‍ പുറമേക്ക് നല്‍കുക . എളുപ്പത്തില്‍ ഇവരെ തിരിച്ചറിയില്ല . കുട്ടികളെ ഉമ്മവെച്ചും മറ്റുമാണ് ഇതു തുടങ്ങുക. ആശങ്കയിലാവുന്ന രക്ഷിതാക്കള്‍ പീഡോഫീലിയ എന്ന മനോവ്യാപാരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങള്‍ ഉയരുമ്പോള്‍! ചങ്കിടിയ്ക്കുന്നത് പെണ്‍കുട്ടികള്‍ വീട്ടിലുള്ള മാതാപിതാക്കള്‍ക്കു തന്നെയാണ്. എന്തുകൊണ്ട് കുഞ്ഞുങ്ങളെ മുതിര്‍ന്നവര്‍ തങ്ങളുടെ ലൈംഗിക ഉപകരണമാക്കുന്നുവെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ ? സൗകര്യവും സുരക്ഷിതത്വവുമാണ് ഏറ്റവും വലിയ ഘടകം. കുഞ്ഞുങ്ങളെ ഭീഷണിപ്പെടുത്തിയോ അവര്‍ക്കിഷ്ടമുള്ള എന്തെങ്കിലും വസ്തുക്കള്‍ നല്‍കിയോ തങ്ങളുടെ ലൈംഗികാകര്‍ഷണത്തിലേയ്ക്ക് കുഞ്ഞുങ്ങളെ കൊണ്ടു വരാനാകും എന്ന വിശ്വാസം. ചെയ്യുന്ന തെറ്റിന്റെ ആഴമറിയാതെ കുട്ടികള്‍ ലൈംഗികതയിലേക്ക് ആകര്‍ഷിക്കപ്പെടാനും സാധ്യതയുണ്ട്. ചെറിയ പെണ്‍കുട്ടികള്‍ ലൈംഗികാതിക്രമത്തിന് ഇരയായ മിക്ക കേസുകളിലും ഭയപ്പെടുത്തുന്ന സത്യം പലകാരണങ്ങളാലും ഇവര്‍ ആകര്‍ഷിക്കപ്പെടുന്നു എന്നതാണ്. അതുകൊണ്ടു തന്നെയാണ് പീഡോഫീലിയ ബാധിതര്‍ തങ്ങളുടെ തെറ്റിനെ മനഃപൂര്‍വ്വമാണെങ്കിലും ന്യായീകരിയ്ക്കാന്‍ ശ്രമിക്കുന്നതും. കുട്ടികള്‍ ഇത് ആസ്വദിക്കുന്നതിനാല്‍ ഇതൊരു തെറ്റല്ല എന്ന വാദിക്കുന്നവര്‍ സമൂഹത്തിലുണ്ട് മനോരോഗികളാണ് ഇവര്‍. ആര് ന്യായീകരിച്ചാലും ഇതിനെ നമുക്ക് അംഗീകരിക്കാന്‍ കഴിയില്ല. എല്ലായ്‌പ്പോഴും കുട്ടികള്‍ ആകര്‍ഷിക്കുകയുമല്ല, മറിച്ച് ഭീഷണിപ്പെടുത്തലിലൂടെയും അവരെ ഏറെക്കുറെ നിശ്ശബ്ദരാക്കാനും ഇവര്‍ ശ്രമിക്കുകയുമാണ് ചെയ്യുന്നത്. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ കുറച്ച് കഴിഞ്ഞിട്ട് മാത്രമാണ് രക്ഷിതാക്കളെ അറിയാറ്. കുട്ടികളെ അമ്മമാര്‍ ശരിയായ രീതിയില്‍ ഒപ്പം നിര്‍ത്തിയാല്‍ മാത്രമെ ഇതില്‍ നിന്ന് രക്ഷിച്ചെടുക്കാനാവൂ . കുട്ടികള്‍ക്കു ലൈംഗികത ആസ്വദിയ്ക്കാന്‍ കഴിയുമോ? ഈ ചോദ്യം ഏറെ പ്രസക്തമാണ്. കഴിയും എന്നു തന്നെയാണ് ശാസ്ത്രത്തിന്റെ ഉത്തരം. പക്ഷെ ലൈംഗികതയെ അതിന്റേതായ ആഘോഷങ്ങളിലല്ല മറിച്ച് അതിന്റെ ഇക്കിളിപ്പെടുത്തലുകളില്‍ ശരീരം ആസ്വദിക്കപ്പെടുന്നു എന്നതാണ് സത്യം. മൂന്ന് വയസ്സ് കഴിഞ്ഞ് നാല് വയസ്സിലെത്തുമ്പോള്‍ തന്നെ ഇത് തുടങ്ങും. പക്ഷെ ഇത്തരം അനുഭവങ്ങള്‍ കുട്ടികളെ കടുത്ത മാനസിക പ്രശ്‌നങ്ങളിലേയ്ക്കു എത്തിക്കുകയാണ് പിന്നീടുണ്ടാവുക . കുട്ടിത്തത്തില്‍ നിന്നും വളര്‍ന്നു മുതിര്‍ന്ന ചിന്തകളിലേക്ക് എത്തുകയും ശരീരം എന്നാല്‍ അവനവന്റേതു മാത്രമാണെന്ന തിരിച്ചറിയലുകള്‍ ലഭിക്കുമ്പോഴുമാണ് അറിയാത്ത പ്രായത്തില്‍ അപരിചിതനായ ഒരാളാല്‍ ശരീരം ഉപയോഗപ്പെട്ടു എന്ന് അവള്‍ തിരിച്ചറിയുക. അതോടെ അവള്‍ വീണു പോകുന്ന ഒരു വലിയ ഗര്‍ത്തമുണ്ട്. നിരാശയുടെയും മാനസിക സംഘര്‍ഷങ്ങളുടെയും ആഴമേറിയ കടലില്‍ വീണതു പോലെ അവള്‍ തകര്‍ന്നു പോകാനും ആ ചിന്തകള്‍ മതി. ഈ നിരാശ അവളെത്തന്നെ ഇല്ലാതാക്കും. ഏറ്റവും ബഹുമാനിക്കപ്പെടുന്നവരില്‍ നിന്നാണ് ഇത്തരം അനുഭവങ്ങളെങ്കില്‍ അതുണ്ടാക്കുന്ന മുറിവ് വലുതായിരിക്കും. വീണ്ടുമൊരു ജീവിതത്തിലേയ്ക്ക് എത്തിപ്പെടുമ്പോഴും സ്വന്തം ശരീരത്തിനോടുള്ള വെറുപ്പ് പലപ്പോഴും പലതരത്തിലും അവള്‍ പ്രകടിപ്പിക്കുന്നതോടെ ദാമ്പത്യത്തില്‍പ്പോലും അസ്വാരസ്യങ്ങള്‍ വര്‍ധിച്ചു തുടങ്ങും. ഒപ്പം പുരുഷനെക്കുറിച്ചുള്ള ചിന്തകള്‍ പോലും അവള്‍ക്കു വെറുപ്പായിത്തുടങ്ങാം. കുട്ടികളോട് എല്ലാം സംസാരിക്കാന്‍ രക്ഷിതാക്കള്‍ സമയം കണ്ടെത്തണം .അവരുടെ ഷെല്‍ട്ടര്‍ നിങ്ങളാവണം. നല്ലൊരു കേള്‍വിക്കാരാകണം രക്ഷിതാക്കള്‍. ബാല്യത്തില്‍ അതിക്രൂരമോ അല്ലാത്തതോ ആയ ശാരീരിക ഉപദ്രവങ്ങള്‍ നേരിട്ട സ്ത്രീകളുടെ പിന്നീടുള്ള മാനസിക നിലകള്‍ ഏറെ അപകടകരമാണ്. സംതൃപ്തിയുള്ള ജീവിതം അവര്‍ക്ക് അനുഭവിക്കാനോ പകര്‍ന്നുനല്‍കാനോ കഴിഞ്ഞെന്നു വരില്ല . (മാധ്യമപ്രവര്‍ത്തകനും ,അധ്യാപകനും ,സൈക്കോളജിസ്റ്റുമാണ് ലേഖകന്‍ 9946025819)

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)