യുഎസ് ഓപ്പണ്‍ തോല്‍വി: സെറീന വില്യംസിനെ വംശീയമായി അധിക്ഷേപിച്ച് കാര്‍ട്ടൂണ്‍, ലോകവ്യാപക പ്രതിഷേധം

serena williams,US Open,Cartoon

വാഷിംങ്ടണ്‍: യുഎസ് ഓപ്പണ്‍ ടെന്നിസ് ഫൈനലില്‍ അമ്പയറോട് തര്‍ക്കിക്കുകയും റാക്കറ്റ് നിലത്തെറിഞ്ഞ് ഉടക്കുകയും ചെയ്ത ടെന്നിസ് താരറാണി സെറീന വില്യംസിനെ പരിഹസിച്ച് വരച്ച കാര്‍ട്ടൂണ്‍ വിവാദത്തില്‍. കാര്‍ട്ടൂണിനെതിരെ ലോകവ്യാപകമായി പ്രതിഷേധം ഉയരുന്നു.
അമേരിക്കന്‍ അവകാശ പ്രവര്‍ത്തകന്‍ റേവ് ജാക്സണ്‍, പ്രമുഖ എഴുത്തുകാരി ജെകെ റോളിങ്ങ് തുടങ്ങിയവര്‍ കാര്‍ട്ടൂണിനെ വിമര്‍ശിച്ച് കൊണ്ട് രംഗത്തെത്തി.

തിങ്കളാഴ്ച മെല്‍ബണിലെ ഹെറാള്‍ഡ് സണ്‍പത്രത്തിലാണ് കാര്‍ട്ടൂണ്‍ അച്ചടിച്ചു വന്നത്. പുരുഷശരീരത്തോട് സാദൃശ്യമുള്ള ശരീരത്തോടും തടിച്ച ചുണ്ടുകളോടും കൂടിയ ചിത്രമാണ് സെറീനയുടെതായി വരച്ചിരിക്കുന്നത്. തകര്‍ന്ന് വീണ റാക്കറ്റിനു മുകളില്‍ ചാടുന്ന സെറീനയാണ് ചിത്രത്തില്‍. അവരെ ജയിക്കാന്‍ അനുവദിക്കായിരുന്നില്ലേ എന്ന് തൊട്ടപ്പുറത്ത് അമ്പയര്‍ ഒസാകയോട് ചോദിക്കുന്നതായും കാര്‍ട്ടൂണിലുണ്ട്.


യുഎസ് മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും ശക്തമായ വിമര്‍ശനം ഉയര്‍ന്നതോടെ കാര്‍ട്ടൂണിസ്റ്റ് വിശദീകരണം നല്‍കി. കാര്‍ട്ടൂണില്‍ വംശീയതയോ ലൈംഗികതയോ ഇല്ലെന്നും കോര്‍ട്ടിലെ സെറീനയുടെ മോശം പെരുമാറ്റത്തെ സൂചിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ''ആളുകള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയതില്‍ ഖേദം ഉണ്ട്. എന്നാല്‍ കാര്‍ട്ടൂണ്‍ പിന്‍വലിക്കാന്‍ സാധിക്കില്ല. ആളുകള്‍ ഇതിനെ തെറ്റായി വ്യാഖ്യാനിക്കുകയാണ്'' നൈറ്റ് മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍ ഇതുകൊണ്ടൊന്നും പ്രതിഷേധങ്ങള്‍ അവസാനിക്കുന്നില്ല. ''ലജ്ജാകരം'' എന്നാണ് നാഷണല്‍ അസോസിയേഷന്‍ ഓഫ് ബ്ലാക്ക് ജേര്‍ണലിസ്റ്റ് കാര്‍ട്ടൂണിനെ വിശേഷിപ്പിച്ചത്. 19ാം നൂറ്റാണ്ടിലും, 20-ാം നൂറ്റാണ്ടിലും കറുത്ത വര്‍ഗ്ഗക്കാരെ പരിഹസിക്കാന്‍ ഉപയോഗിച്ച രീതിയിലാണ് കാര്‍ട്ടൂണ്‍ വരച്ചിരിക്കുന്നതെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് നിരീക്ഷിക്കുന്നുണ്ട്.


മത്സര വിജയിയായ നവോമി ഒസാകയെ വെള്ളക്കാരി ആയി ചിത്രീകരിച്ചിരിക്കുന്നതിനേയും ആളുകള്‍ വിമര്‍ശിക്കുന്നുണ്ട്. ജപ്പാന്‍ താരം നവോമി ഒസാകയോടാണ് യുഎസ് ഓപ്പണ്‍ ടെന്നിസില്‍ സെറീന പരാജയപ്പെട്ടത്. മത്‌സരത്തിനിടെ കോര്‍ട്ടില്‍ പരിശീലനം തേടിയെന്ന ആരോപണത്തെ തുടര്‍ന്ന് അമ്പയറുമായി സെറീന തര്‍ക്കിക്കുകയും അതിന് മാച്ച് പോയിന്റ് പിഴ നല്‍കേണ്ടി വരികയും ചെയ്തിരുന്നു. ഇതില്‍ ക്ഷുഭിതയായി റാക്കറ്റ് നിലത്തെറിഞ്ഞ് ഉടച്ച സംഭവമാണ് കാര്‍ട്ടൂണാക്കിയത്.


 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)