നിപ്പ വൈറസിന്റെ ഉറവിടം തേടി ഗവേഷകര്‍; കിണറ്റിലെ വവ്വാലുകളില്‍ വൈറസില്ല, പഴംതീനി വവ്വാലുകളെ പരിശോധിക്കാന്‍ നീക്കം

nipah virus

കോഴിക്കോട്: കേരളത്തിനെ ബാധിച്ച നിപ്പ വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള കഠിന പരിശ്രമത്തിലാണ് ആരോഗ്യ വിദഗ്ധരും ഗവേഷകരും. പരിശോധനയുടെ ആദ്യ ഘട്ടമായ കിണറ്റിലെ വവ്വാലിലെ പരിശോധന പരാജയപ്പെട്ടതോടെ അടുത്ത ഘട്ടത്തിലേയ്ക്ക് നീങ്ങുകയാണ് വിദഗ്ധര്‍. പേരാമ്പ്രയിലെ പഴംതീനി വവ്വാലുകളെ പിടികൂടി ഭോപ്പാലില്‍ നേരിട്ട് എത്തിച്ച് പരിശോധന നടത്താനാണ് തീരുമാനം.

മണിക്കൂറുകള്‍ കാത്തിരുന്ന് പഴംതീനി വവ്വാലുകളുടെ വിസര്‍ജ്യവും മറ്റും ശേഖരിക്കണം. ജീവനോടെ മൂന്നെണ്ണത്തിനെയെങ്കിലും പിടികൂടണം. ഭോപ്പാലിലെ അതിസുരക്ഷാ ലാബിലേയ്ക്ക് നേരിട്ട് എത്തിച്ച് എത്രയും വേഗം പരിശോധനാ ഫലം ലഭിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണം. കാരണം വൈറസിന്റെ ഉറവിടം കണ്ടെത്തിയെങ്കില്‍ മാത്രമേ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് നീങ്ങൂ.

പനി ബാധിച്ചവര്‍ക്കായി ഓസ്‌ട്രേലിയയില്‍ നിന്നുള്ള മരുന്ന് എത്തിക്കാനുള്ള നടപടികളും ഊര്‍ജിതമാക്കി. ഓസ്‌ട്രേലിയയില്‍ നിന്ന് ഹ്യൂമണ്‍ മോണോ ക്ലോണിങ് ആന്റിബോഡി എന്ന മരുന്ന് ഉടനെത്തിക്കും. ഇത് നല്‍കിയ പതിമൂന്ന് പേര്‍ക്ക് രോഗം മാറിയതായി സ്ഥിരീകരണമുണ്ട്. സംസ്ഥാനത്ത് നിലവില്‍ 26 പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്. വൈറസ് ബാധ സ്ഥിരീകരിച്ച 15 പേരില്‍ 12 പേര്‍ മരിച്ചു. മൂന്നു പേര്‍ ചികില്‍സയില്‍ ആണ്.

അതേസമയം കോഴിക്കോട് ജില്ലയിലെ പൊതുപരിപാടികള്‍ക്കുള്ള വിലക്ക് ജനങ്ങളില്‍ ഭീതി കൂട്ടിയിട്ടുണ്ട്. ജനസമ്പര്‍ക്ക പരിപാടികള്‍ ഒഴിവാക്കുകയാണ് ജനങ്ങള്‍. മുന്‍കരുതലിന്റെ ഭാഗമായി വിവാഹ സല്‍ക്കാരങ്ങളില്‍ പോലും പങ്കെടുക്കുന്നില്ല. ആശുപത്രികളില്‍ പോലും രോഗികള്‍ കയറാന്‍ മടിക്കുന്ന അവസ്ഥയാണ്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)