ശാസ്ത്രലോകം അദ്ഭുതവസ്തുവായ ‘ഔമാമ’യ്ക്കു പിറകെയാണ്. കഴിഞ്ഞ വര്‍ഷമാണ് നിരീക്ഷകര്‍ ഈ അദ്ഭുതവസ്തുവിനെ കണ്ടെത്തുന്നത്. ഔമാമ എന്നാണ് ശാസ്ത്രലോകം നല്‍കിയിരിക്കുന്ന പേര്.
400 മീറ്റര്‍ നീളവും 40 മീറ്റര്‍ വീതിയുമുള്ള ഇതിനെ കണ്ടെത്തിയതോടെ പലതരം ചര്‍ച്ചകളും അവകാശവാദങ്ങളും സജീവമാണ്. സൗരയൂഥത്തിലൂടെ കടന്നു പോയ ഈ വസ്തു അന്യഗ്രഹ ജീവികള്‍ ഭൂമിയെ നിരീക്ഷിക്കാന്‍ പറഞ്ഞയച്ച പേടകമാണെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. എന്നാല്‍ ഇതൊരു വാല്‍നക്ഷത്രമാകാനുള്ള സാധ്യതയാണുള്ളതെന്ന് മറുവിഭാഗം വ്യക്തമാക്കുന്നു.
വാല്‍നക്ഷത്രമാണെന്നും ഛിന്നഗ്രഹമാണെന്നുമുള്ള കണക്കുകൂട്ടലുകള്‍ വിശദമായി നടത്തിയ പഠനത്തില്‍ തെറ്റിയതോടെ ഇതിനെ ഇന്റര്‍സ്റ്റെല്ലര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. സൗരയൂഥത്തിന് പുറത്തുള്ള വസ്തുക്കളെയാണ് ഇന്റര്‍സ്റ്റെല്ലര്‍ ഗണത്തില്‍പ്പെടുത്തുന്നത്.
ഹവായി ജ്യോതിശാസ്ത്ര കേന്ദ്രത്തിലെ റോബര്‍ട്ട് വെറിക്ക് എന്ന ഗവേഷകനാണ് ഔമാമ കണ്ടെത്തിയത്. മണിക്കൂറില്‍ രണ്ട് ലക്ഷം മൈല്‍ വേഗതയിലാണ് വസ്തു സൗരയൂഥത്തിലൂടെ സഞ്ചരിക്കുന്നത്. സൂര്യനില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊണ്ടാണ് ഈ വസ്തുവിന്റെ സഞ്ചാരം. ഇത്തരത്തിലെ വാദങ്ങള്‍ ഉയര്‍ന്നതോടെയാണ് ഇതൊരു ചാരപേടകമാണെന്ന് ഒരുവിഭാഗം ഉറപ്പിക്കുന്നത്.
അന്യഗ്രഹത്തില്‍ നിന്നാണ് ഔമാമ യാത്ര തുടങ്ങിയതെന്നാണ് ഇവര്‍ പറയുന്നത്. അന്യഗ്രഹ ജീവികള്‍ക്ക് നിലനില്‍ക്കാന്‍ കഴിയുന്ന സൗരയൂഥം വേറെ ഉണ്ടെന്നാണ് ഇത് സൂചന നല്‍കുന്നതെന്നും ചിലര്‍ പറയുന്നു.
അന്യഗ്രഹജീവികള്‍ ഉണ്ടെന്നത് ഇനി മിഥ്യയായിട്ടുള്ള കാര്യമല്ലെന്നും അതിലേക്ക് വിരല്‍ ചൂണ്ടുന്ന ശക്തമായ തെളിവാണ് ഇതെന്നും പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫസര്‍ എബ്രഹാം ലോബ് പറയുന്നു. അന്തരിച്ച വിഖ്യാത ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിങ് അന്യഗ്രഹജീവികള്‍ ഉണ്ടെന്ന് മുന്‍പ് പലകുറി പറഞ്ഞിരുന്നു. അവരുടെ സ്‌പേസ്ഷിപ്പിന് സിഗരറ്റിന്റെയോ സൂചിയുടെയോ രൂപമാണ് ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞിരുന്നു.