കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 19ന് ഹവായിലെ ഹേലേകല നിരീക്ഷണശാല കണ്ടെത്തിയ ഔമുവാമുവ പ്രപഞ്ചത്തിലെ ജീവന്റെ അടയാളങ്ങള്‍ തേടിയെത്തിയ കൃത്രിമ ബഹിരാകാശ പേടകമാകാമെന്ന് ഗവേഷകര്‍. കാറ്റിന്റെ സഹായത്തോടെ വെള്ളത്തില്‍ ബോട്ടുപോകുന്നതുപോലെ സൂര്യപ്രകാശത്തിന്റെ സഹായത്തോടെ സഞ്ചരിക്കുന്നവയാകാം അത്. ഈ നിരീക്ഷണത്തിനു പിന്നില്‍ സിഗരറ്റിന്റെ ആകൃതിയിലുള്ള ഔമുവാമുവയുടെ വേഗം അപ്രതീക്ഷിതമായി കൂടിയതും ദിശ പെട്ടെന്നു മാറിയതുമാണ്.
അന്ന് കരുതിയിരുന്നത് ഇത് ക്ഷുദ്രഗ്രഹമായിരിക്കാമെന്നാണ്. എന്നാല്‍, സൗരോര്‍ജസഹായത്താല്‍ സഞ്ചരിക്കുന്ന ഭീമന്‍ അന്യഗ്രഹ നൗകയാകാമെന്നാണ് പുതിയ നിരീക്ഷണം. ഹാര്‍വാഡ് സ്മിത്ത്‌സോണിയന്‍ സെന്റര്‍ ഫോര്‍ ആസ്‌ട്രോഫിസിക്‌സിലെ ശാസ്ത്രജ്ഞരുടേതാണ് നിഗമനം. സൗര വികിരണ സമ്മര്‍ദത്തിന് ഔമുവാമുവിന്റെ അസാധാരണ വേഗത്തെപ്പറ്റി വിശദീകരിക്കാന്‍ കഴിയുമോയെന്ന പഠനത്തിലാണ് ഇക്കാര്യത്തെ കുറിച്ച് പറയുന്നത്.
ഗവേഷകന്‍ ഷ്മുവെല്‍ ബയാലിയുടെ നേതൃത്വത്തിലായിരുന്നു പഠനം. ഒരുപക്ഷേ സൗര വികിരണം അതിനെ തള്ളിയതുകൊണ്ടായിരിക്കാം ഔമുവാമുവയുടെ വേഗം പെട്ടെന്നു കൂടിയത്. സൗരയൂഥത്തിനു പുറത്തുനിന്ന് ഇവിടേക്കെത്തിയ ആദ്യ പോടകമായിരിക്കാമിത്. അത്യാധുനിക സാങ്കേതിക വിദ്യയുപയോഗിക്കുന്ന ഉപകരണങ്ങളുള്ള ബഹിരാകാശ മാലിന്യമായി ഇത് ഒഴുകിനടക്കുകയാകാമെന്നും ഇവര്‍ കണക്കുകൂട്ടുന്നു.
ഇത് 2017 ഒക്ടോബര്‍ 14ന് ഭൂമിയോട് 2.4 കോടി കിലോമീറ്റര്‍ ദൂരംവരെ അടുത്തുവന്നിരുന്നു. ഇതിന്റെ നീളം 400 മീറ്റര്‍ ആണ്. ഔമുവാമുവയുടെ അര്‍ഥം വിദൂരതയിലെ സന്ദേശവാഹകന്‍ എന്നാണ്.
Discussion about this post