പാത്രങ്ങള്‍ വൃത്തിയാക്കാന്‍ ഉപയോഗിക്കാന്‍ നമ്മള്‍ എല്ലാരും തന്നെ സ്‌പോഞ്ച് ഉപയോഗിക്കാറുണ്ട്. എന്നാല്‍ നമ്മള്‍ ഉപയോഗിക്കുന്ന ഈ സ്‌പോഞ്ചുകള്‍ നമ്മുടെ ആരോഗ്യത്തിന്റെ ഏറ്റവും വലിയ വില്ലനായി മാറുമെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ജെര്‍മന്‍ റിസേര്‍ച്ച് സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റല്‍ ഹെല്‍ത്തിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഞെട്ടിപ്പിക്കുന്ന കണ്ടെത്തല്‍. അടുക്കളയില്‍ ഉപയോഗിക്കുന്ന സ്പോഞ്ചുകള്‍ വീട്ടിലെ ടോയിലറ്റിനെക്കാള്‍ പതിന്‍മടങ്ങ് വൃത്തിഹീനമാണെന്നാണ് പഠനം പറയുന്നത്.
സ്പോഞ്ച് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ കുറിച്ചും, അവയെ എങ്ങനെ തുരത്താം എന്നതിനെ സംബന്ധിച്ചും പഠനം നടത്തുകയായിരുന്നു. പഠനത്തില്‍ 14 വ്യത്യസ്ത സ്പോഞ്ചുകളിലെ 28 സാമ്പിളുകള്‍ പരിശോധിക്കുകയും അതില്‍ നിന്നും 362 തരം രോഗാണുക്കളെ കണ്ടെത്തുകയും ചെയ്തു. കണ്ടെത്തിയവയില്‍ പൊതുവായ പത്തില്‍ അഞ്ചെണ്ണത്തിനും മനുഷ്യനില്‍ രോഗം പടര്‍ത്താനുള്ള സാധ്യത വളരെ കൂടുതലാണെന്നും ഗവേഷകര്‍ വെളിപ്പെടുത്തുന്നു.
സ്പോഞ്ചുകളില്‍ സാല്‍മോണല്ല, ഇ കോളി, സ്റ്റാഫൈലോകോക്കസ് പോലുള്ള ബാക്ടീരിയകളാണ് കൂടുതലായി കണ്ട് വരുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. സ്‌പോഞ്ചുകള്‍ ഇടയ്ക്കിടെ മാറ്റാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും പഠനത്തില്‍ പറയുന്നു. സ്പോഞ്ച് എപ്പോഴും കഴുകി വേണം ഉപയോഗിക്കാന്‍. അരക്കപ്പ് വെള്ളത്തില്‍ ഒരു സ്പൂണ്‍ നാരങ്ങ നീരും ഉപ്പും ചേര്‍ത്ത് 15 മിനിറ്റ് കലക്കി വയ്ക്കുക. ശേഷം നിങ്ങള്‍ ഉപയോഗിക്കുന്ന സ്‌പോഞ്ച് ഈ വെള്ളത്തില്‍ മുഴുവനായും മുക്കിവയ്ക്കുക.
ഒരു മണിക്കൂര്‍ ഈ വെള്ളത്തില്‍ മുക്കി വച്ച ശേഷം വെയിലത്ത് വച്ച് നല്ല പോലെ ഉണക്കുക. ആഴ്ച്ചയില്‍ രണ്ട് തവണയെങ്കിലും ഇങ്ങനെ ചെയ്താല്‍ സ്‌പോഞ്ചിലെ അണുക്കള്‍ പൂര്‍ണമായും നശിക്കും. തിളച്ച വെള്ളത്തില്‍ സ്‌പോഞ്ച് അല്‍പ നേരം മുക്കിവയ്ക്കുന്നതും അണുക്കള്‍ നശിക്കാന്‍ സഹായിക്കും. സാധാരണഗതിയില്‍ സ്പോഞ്ച് തേഞ്ഞ് ഉപയോഗശൂന്യമാകുന്നത് വരെ നാം ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഒരാഴ്ച്ചയേ ഒരു സ്പോഞ്ച് ഉപയോഗിക്കാവൂ എന്നാണ് വിദഗ്ധര്‍ പറയുന്നത്.