ന്യൂഡല്‍ഹി : കോവിഡ് മഹാമാരി മൂലം വൈകിയ ചന്ദ്രയാന്‍ 3 ദൗത്യം പൂര്‍ത്തീകരിക്കാനൊരുങ്ങി ഐഎസ്ആര്‍ഒ. 2022ന്റെ മൂന്നാം പാദത്തോടെ ചന്ദ്രയാന്‍ 3 വിക്ഷേപിക്കാനാണ് പദ്ധതിയെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.
ചന്ദ്രയാന്‍ 3 ദൗത്യത്തിന് വേണ്ടിയുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് പുതിയ സമയക്രമം പുറത്തുവിട്ട് കൊണ്ട് ശാസ്ത്ര-സാങ്കേതിക മന്ത്രി ഡോ.ജിതേന്ദ്ര സിങ് പറഞ്ഞു. ചന്ദ്രയാന്‍ 3 ഈ വര്‍ഷം വിക്ഷേപിക്കാനായിരുന്നു നേരത്തേ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ കോവിഡ് വ്യാപനവും ലോക്ക്ഡൗണും മൂലം ഇത് വൈകുകയായിരുന്നു. ലോക്ക്ഡൗണ്‍ കാലയളവില്‍ വര്‍ക്ക് ഫ്രം ഹോമിലൂടെ സാധ്യമായതെല്ലാം ചെയ്തിരുന്നതായി ബഹിരാകാശ വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു.
ചന്ദ്രയാന്‍ 2 വിനോട് സമാനമായ രൂപരേഖയായിരിക്കും ചന്ദ്രയാന്‍ 3നും. എന്നാല്‍ ഇതിന് പുതിയ ഓര്‍ബിറ്റര്‍ ഉണ്ടായിരിക്കില്ല. ചന്ദ്രയാന്‍ 2 വിന്റെ സമയത്ത് വിക്ഷേപണം നടത്തിയ ഓര്‍ബിറ്റര്‍ തന്നെയാവും ഇത്തവണയും ഉപയോഗിക്കുക. 2022 ഓടെ ചന്ദ്രയാന്‍ 3 ലോഞ്ച് ചെയ്യാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഐഎസ്ആര്‍ഒ മേധാവി കെ.ശിവന്‍ ഫെബ്രുവരി ആദ്യം പറഞ്ഞിരുന്നു.
ചാന്ദ്രദൗത്യം ഉള്‍പ്പടെ ഐഎസ്‌ഐര്‍ഒയുടെ നിരവധി പദ്ധതികളെ കോവിഡും തുടര്‍ന്നുണ്ടായ ലോക്ക്ഡൗണും ബാധിച്ചതായാണ് റിപ്പോര്‍ട്ട്.
Discussion about this post